ബാള്‍ട്ടിമൂര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി സില്‍വര്‍ ജൂബിലി നിറവില്‍

ബാള്‍ട്ടിമൂര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി സില്‍വര്‍ ജൂബിലി നിറവില്‍

അനില്‍ ആറന്മുള

ബാള്‍ട്ടിമൂര്‍:1972-ല്‍ സ്ഥാപിതമായ ബാള്‍ട്ടിമൂര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ദേവാലയ പ്രതിഷ്ഠയുടെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ മെയ് 16-ന് വിപുലമായ പരിപാടികളോടെ നടക്കും.

2025 ഡിസംബര്‍ 31-ന് സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഈവാനിയോസ് തിരുമേനി, ജൂബിലി ലോഗോ പ്രകാശനം ചെയ്ത് ആഘോഷങ്ങള്‍ക്ക് ഔപചാരിക തുടക്കം കുറിച്ചു. തുടര്‍ന്ന് 2026 മെയ് 2-ന് ”ജൂബിലി നൈറ്റ്” സംഘടിപ്പിച്ചു. വിവിധ കലാപരിപാടികള്‍, മാജിക് ഷോ, ഗാനമേള, സന്ധ്യാ നമസ്‌കാരം, ധ്യാനം, ഡിന്നര്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. റവ. ഫാ. ഡോ. ബോബി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു.

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനം മെയ് 16 ശനിയാഴ്ച വൈകുന്നേരം 3:30-ന് നടക്കും. അടൂര്‍-കടമ്പനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ (കമ്മ്യൂണിറ്റി അഫയേഴ്‌സ്) ദെബേഷ് കുമാര്‍ ബെഹ്റ മുഖ്യപ്രഭാഷണം നടത്തും. മുന്‍ വികാരിമാര്‍, വൈദികര്‍, സാംസ്‌കാരിക-ആത്മീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും.

ജൂബിലിയുടെ ഭാഗമായി കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ ICON Charities-നൊപ്പം ചേര്‍ന്ന് ഒരു നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മ്മിച്ച് നല്‍കും. ഇടവകയുടെ ചരിത്രപഥങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന സ്മരണികയുടെ പ്രകാശനവും, ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും. സന്ധ്യാ നമസ്‌കാരത്തിന് ശേഷം ഡിന്നറോടുകൂടി സമ്മേളനം സമാപിക്കും.

മെയ് 17 ഞായറാഴ്ച അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഉച്ചഭക്ഷണത്തോടുകൂടി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് സമാപ്തിയാകും.

ഇടവക വികാരി ബഹു. ടോബിന്‍ മാത്യു അച്ചന്റെ നേതൃത്വത്തില്‍ വിവിധ സില്‍വര്‍ ജൂബിലി കമ്മിറ്റികള്‍ ആഘോഷങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ജനറല്‍ കണ്‍വീനര്‍മാരായ ശ്രീ. സാബു കുര്യന്‍, ശ്രീമതി ഗീതാ സുസൈ, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ജോണ്‍ മാത്യു, ഫിനാന്‍സ് കണ്‍വീനര്‍ ശ്രീ. എ.വി. വര്‍ഗീസ്, ഫണ്ട് റൈസിങ് കണ്‍വീനര്‍ ശ്രീമതി ജയ്മി ജോഷ്വാ, സുവനിര്‍ കണ്‍വീനര്‍ ശ്രീമതി ഷെറീന്‍ മാത്യൂസ്, ഫുഡ് കണ്‍വീനര്‍ ശ്രീ. റോണി മാത്യൂസ്, ഇടവക ട്രഷറര്‍ ശ്രീ. അജിത് മാത്യു, സെക്രട്ടറി ശ്രീമതി റെജീനാ ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കുന്നു.

ബാള്‍ട്ടിമൂര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് – ചരിത്ര വഴികളിലൂടെ

അമേരിക്കയിലെ മലങ്കര ഓര്‍ത്തഡോക്‌സ് സഭകളുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് ബാള്‍ട്ടിമൂര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിനുള്ളത്. 1960-കളുടെ തുടക്കത്തില്‍ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനായി എത്തിയ വൈദികരുടെ നേതൃത്വത്തില്‍ ആരംഭിച്ച സഭാശുശ്രൂഷകളുടെ തുടര്‍ച്ചയായാണ് ഈ ഇടവക രൂപംകൊണ്ടത്.

1972-ല്‍ വാഷിംഗ്ടണ്‍ ഡി.സി.-യില്‍ താമസിച്ചിരുന്ന റവ. ഫാ. എം. ടി. കുര്യന്റെ നേതൃത്വത്തില്‍ ബാള്‍ട്ടിമൂറിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആദ്യ മലയാളം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ബാള്‍ട്ടിമൂര്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ സ്ഥാപക വികാരിയാണ് ബഹു. എം. ടി. കുര്യന്‍ അച്ചന്‍.

സ്വന്തമായി ഒരു ദേവാലയം സ്വന്തമാക്കുകയോ സ്ഥലം വാങ്ങി ദേവാലയം പണിയുകയോ ചെയ്യണമെന്ന ചരിത്രപരമായ തീരുമാനം 1986-ലെ ഇടവക പൊതുയോഗത്തില്‍ എം. ടി. കുര്യന്‍ അച്ചന്റെ അധ്യക്ഷതയില്‍ കൈക്കൊണ്ടു. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ 1995-ല്‍ സ്ഥലം വാങ്ങി; 2000-ല്‍ ദേവാലയ നിര്‍മാണം ആരംഭിച്ചു. 2001 മെയ് 13-ന് അഭിവന്ദ്യ മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനി നിര്‍മാണം പൂര്‍ത്തിയായ ദേവാലയം ആശീര്‍വദിച്ച് സമര്‍പ്പിച്ചു. തുടര്‍ന്ന് 2017-ല്‍ ദേവാലയം പുനര്‍നവീകരിക്കുകയും അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രയോസ് തിരുമേനി കൂദാശ നിര്‍വഹിക്കുകയും ചെയ്തു.

ഇന്ന് 62 കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഇടവക, വിവിധ വികാരിമാരുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍, മാര്‍ത്തമറിയം സമാജം, സണ്‍ഡേ സ്‌കൂള്‍, എം.ജി.ഒ.സി.എസ്.എം., FOCUS തുടങ്ങിയ ആത്മീയ സംഘടനകളിലൂടെ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരിക്കുകയാണ്.

2022-ല്‍ ആറാമത് വികാരിയായി നിയമിതനായ റവ. ഫാ. ടോബിന്‍ മാത്യു അച്ചന്‍ തലമുറകളെ കോര്‍ത്തിണക്കി ഇടവകയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് നേതൃത്വം നല്‍കി വരുന്നു.

Baltimore’s St. Thomas Indian Orthodox Church celebrates its silver jubilee

Share Email
LATEST excelnclexrn
Top