ദുബായ് : ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
“കടലിലുണ്ടായ സംഭവത്തിൽ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും മുൻഗണനാടിസ്ഥാനത്തിൽ നൽകും,” എന്നാണ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി ഇന്ത്യൻ കോൺസുലേറ്റ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.















