വാഷിംഗ്‌ടൺ: ആഗോള രാഷ്ട്രീയത്തിൽ കടുത്ത അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തിലും ട്രാൻസ്ആറ്റ്ലാന്റിക് (അമേരിക്ക-യൂറോപ്പ്) ഐക്യം ശക്തമായി തുടരണമെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് ആഹ്വാനം ചെയ്തു. പോളണ്ടിലേക്ക് അയക്കാനിരുന്ന 4,000 അമേരിക്കൻ സൈനികരുടെ നീക്കം പെന്റഗൺ റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് വാഷിംഗ്ടണുമായുള്ള ബന്ധത്തിന്റെ പ്രാധാന്യം അടിവരയിട്ട് പ്രധാനമന്ത്രി രംഗത്തെത്തിയത്. രാഷ്ട്രീയമായ എന്ത് മാറ്റങ്ങളുണ്ടായാലും പോളണ്ടിലും യൂറോപ്പിലും ഉടനീളമുള്ള രാജ്യങ്ങളും അമേരിക്കയും കാനഡയും തമ്മിലുള്ള ഈ സഹകരണം നിലനിൽക്കേണ്ടത് നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാൻ യൂറോപ്യൻ സഖ്യകക്ഷികൾ വിസമ്മതിച്ചതിലുള്ള അതൃപ്തിയെത്തുടർന്നാണ് പോളണ്ടിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിന് വൈറ്റ് ഹൗസ് ഉത്തരവിട്ടത്. ഈ പശ്ചാത്തലത്തിലാണ് ഭിന്നതകൾ മറന്ന് ഇരുവിഭാഗവും ഒന്നിച്ച് നിൽക്കണമെന്ന് ടസ്ക് ആവശ്യപ്പെട്ടത്. സൈനിക പിന്മാറ്റം മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ഉഷ്മളമായി മുന്നോട്ട് കൊണ്ടുപോകാനാണ് പോളണ്ട് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു.















