തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെയെ ഞെട്ടിച്ച് 3 എംഎൽഎമാർ രാജിവച്ച് വിജയ്‌ക്കൊപ്പം ചേർന്നു, 5 പേർ ഇപിഎസ് പക്ഷത്തേക്ക് മടങ്ങി, കുതിരക്കച്ചവട ആരോപണം ശക്തം

തമിഴ്‌നാട്ടിൽ രാഷ്ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെയെ ഞെട്ടിച്ച് 3 എംഎൽഎമാർ രാജിവച്ച് വിജയ്‌ക്കൊപ്പം ചേർന്നു, 5 പേർ ഇപിഎസ് പക്ഷത്തേക്ക് മടങ്ങി, കുതിരക്കച്ചവട ആരോപണം ശക്തം

തമിഴ്‌നാട് രാഷ്ട്രീയത്തെ ഉലുക്കി അണ്ണാഡിഎംകെയിൽ വീണ്ടും എംഎൽഎമാരുടെ രാജി. പാർട്ടിക്കുള്ളിലെ വിമത ചേരിയിൽ ഉറച്ചുനിന്നിരുന്ന എസ്. ജയകുമാർ, മരഗതം കുമാരവേൽ, പി. സത്യഭാമ എന്നീ മൂന്ന് എംഎൽഎമാരാണ് നിയമസഭാംഗത്വം രാജി വെച്ചത്. ഇവരുടെ രാജി സ്പീക്കർ ഉടനടി അംഗീകരിക്കുകയും ചെയ്തു. തമിഴക വെട്രി കഴകം (TVK) സർക്കാരിന് അനുകൂലമായി മുൻപ് വിശ്വാസ വോട്ട് രേഖപ്പെടുത്തിയവരാണ് ഈ മൂന്ന് പേരും. രാജി പ്രഖ്യാപിച്ചതിന് പിന്നാലെ ടിവികെ നേതാവും മന്ത്രിയുമായ ആധവ് അർജുനനുമായി ഇവർ കൂടിക്കാഴ്ച നടത്തി. ഒഴിഞ്ഞ മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ, മുഖ്യമന്ത്രി വിജയ്‌യെ കാണാൻ ഇവർ സമയം നിശ്ചയിച്ചിട്ടുണ്ട്.

എന്നാൽ ഈ നീക്കങ്ങൾക്കിടയിലും എടപ്പാടി പളനിസ്വാമി (EPS) നേതൃത്വം നൽകുന്ന അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിന് നേരിയ ആശ്വാസവുമുണ്ട്. വിമതപക്ഷത്തുണ്ടായിരുന്ന അഞ്ച് എംഎൽഎമാർ ഒടുവിൽ ഔദ്യോഗിക പക്ഷത്തേക്ക് മടങ്ങാൻ തീരുമാനിച്ചു. ആർക്കോട്ട് സുകുമാർ, അന്തിയുർ ഹരി ഭാസ്‌കർ, പൺരുട്ടി മോഹൻ, ശങ്കരൻകോവിൽ ദിലീപൻ ജയശങ്കർ, കാങ്കേയം എൻ.എസ്.എൻ. നടരാജൻ എന്നിവരാണ് എടപ്പാടിയെ പിന്തുണച്ച് തിരിച്ചെത്തിയത്. ഇതോടെ ഇപിഎസ് പക്ഷത്തെ എംഎൽഎമാരുടെ എണ്ണം 27 ആയി വർദ്ധിച്ചു. അതേസമയം കൊഴിഞ്ഞുപോക്ക് ശക്തമായ വിമത ചേരിയിൽ ഇപ്പോൾ 17 എംഎൽഎമാർ മാത്രമാണുള്ളത്. മാറിയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ ഇപിഎസ് പക്ഷത്തെ നേതാക്കൾ സ്പീക്കറെ കാണാൻ ഒരുങ്ങുകയാണ്.

ടിവികെ നേതൃത്വം നൽകിയ ആസൂത്രിതമായ കുതിരക്കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് അണ്ണാഡിഎംകെ നേതൃത്വം കടുത്ത ഭാഷയിൽ വിമർശിച്ചു. സ്പീക്കർ ഔദ്യോഗികമായി രാജി സ്വീകരിക്കുന്നതിന് മുൻപ് തന്നെ എംഎൽഎമാർക്ക് ടിവികെ പാർട്ടി അംഗത്വം കൈമാറിയത് എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്ന് അവർ ആരോപിച്ചു. പുതിയ രാജിയിലൂടെ ഉയർന്നുവന്ന മൂന്ന് ഒഴിവുകൾക്ക് പുറമെ, മുഖ്യമന്ത്രി വിജയ് നേരത്തെ രാജിവെച്ച തിരുച്ചി ഈസ്റ്റ് മണ്ഡലത്തിലും നിലവിൽ ജനപ്രതിനിധിയില്ല. ഇതോടെ തമിഴ്‌നാട്ടിലെ നാല് നിയമസഭാ മണ്ഡലങ്ങൾ ഒരേസമയം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.

Share Email
LATEST excelnclexrn
Top