കാലിഫോര്‍ണിയയിലെ രാസവസ്തു ടാങ്കിലെ താപനില കുറയുന്നു: അപകടഭീതി ഒഴിവാകുന്നു

കാലിഫോര്‍ണിയയിലെ രാസവസ്തു ടാങ്കിലെ താപനില കുറയുന്നു: അപകടഭീതി ഒഴിവാകുന്നു

കാലിഫോര്‍ണിയ: ദക്ഷിണ കാലിഫോര്‍ണിയയിലെ രാസവസ്തു ടാങ്കറിന്റെ വാല്‍വിനുണ്ടായ തകരാറിനെ തുടര്‍ന്ന് ടാങ്കറില്‍ ചൂട് അതിശക്തമാവുകയും വന്‍ അപകട സാധ്യത നിലനില്ക്കുകയും ചെയ്ത സ്ഥിതിക്ക് മാറ്റം. ഇതോടെ അപകട ഭീഷണി ഒഴിവാകുന്നു. ടാങ്കര്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യതകുറഞ്ഞതോടെ സമീപത്തു നിന്നും ആളുകളെ നീക്കം ചെയ്യുന്നതും അവസാനിപ്പിക്കുകയാണ്. ഏറ്റവും ഭീകരവും ദുരന്തകരവുമായ സാഹചര്യം ഒഴിവായതായി അധികൃതര്‍ വ്യകതമാക്കി.

ആദ്യഘട്ടത്തില്‍ 50,000 പേരെ ഒഴിപ്പിക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ നിലവില്‍ 16,000 പേരിലേക്ക അത് ചുരുക്കിയതായി ഗാര്‍ഡന്‍ ഗ്രോവ് പോലീസ് മേധാവി അമീര്‍ എല്‍-ഫറ പറഞ്ഞു, പ്രതിസന്ധിയുടെ ഏറ്റവും ഗുരുതരഘട്ടത്തില്‍ ഒന്നുകില്‍ ടാങ്ക് പൊട്ടിത്തെറിക്കുകയോ അല്ലെങ്കില്‍ രാസവസ്തു ചോര്‍ച്ചയോ ആയിരുന്നു അധികൃതര്‍ കണക്കാക്കിയിരുന്നത്. ലോസ് ആഞ്ചലസില്‍ നിന്ന് ഏകദേശം 30 മൈല്‍ തെക്കായി സ്ഥിതിചെയ്യുന്ന നഗരമായ ഗാര്‍ഡന്‍ ഗ്രോവിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും ദുരന്തകരവും ഭീകരവുമായ സാഹചര്യം നിയന്ത്രണവിധേയമാക്കി പരിഹരിച്ചതായി ഓറഞ്ച് കൗണ്ടി ഫയര്‍ അതോറിറ്റി മേധാവി ടി.ജെ. മക്ഗവര്‍ണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ തന്നെ എയര്‍ോസ്‌പേസ് സ്ഥാപനത്തിനുള്ളിലെ രാസവസ്തു ടാങ്കിലെ താപനില കുറഞ്ഞതായി പ്രാദേശിക അധികാരികള്‍ അറിയിച്ചു. ഇതോടെ പൊട്ടിത്തെറിയെക്കുറിച്ചുള്ള ആശങ്കകള്‍ മാറി.എന്നാല്‍ പ്രതിസന്ധി പൂര്‍ണ്ണമായി അവസാനിച്ചിട്ടില്ലെന്നും മക്ഗവര്‍ണ്‍ വ്യക്തമാക്കി. ഇനി പൊട്ടിത്തെറിയോ ചോര്‍ച്ചയോ ഉണ്ടായാലും തുടക്കത്തില്‍ ഭയപ്പെട്ടിരുന്ന ”ഏറ്റവും മോശം സാഹചര്യം” പോലെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. ടാങ്കിനുള്ളിലെ താപനില കുറഞ്ഞതോടെ രാസവസ്തു കട്ടപിടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എത്രമാത്രം കട്ടപിടിച്ചുവെന്ന് വ്യക്തമല്ലെന്ന് മക്ഗവര്‍ണ്‍ അറിയിച്ചു.

Temperature drops in California chemical tank: No danger feared

Share Email
Top