മുഖ്യമന്ത്രി വിജയുടെ ആദ്യ ഉത്തരവ്, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ്; വമ്പൻ പ്രഖ്യാപനങ്ങൾ പിന്നാലെ

മുഖ്യമന്ത്രി വിജയുടെ ആദ്യ ഉത്തരവ്, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ്; വമ്പൻ പ്രഖ്യാപനങ്ങൾ പിന്നാലെ

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ സുപ്രധാനമായ രണ്ട് തീരുമാനങ്ങളിൽ ഒപ്പുവെച്ച് നടൻ വിജയ്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക സുരക്ഷാ സേന (Women Protection Force) രൂപീകരിക്കുന്നതാണ് ഇതിൽ പ്രധാനം. ഇതിനുപുറമെ, സാധാരണക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.

തമിഴ്നാടിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും തന്റെ ഭരണം പൂർണ്ണമായും സുതാര്യമായിരിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം നടത്തിയ പ്രസംഗത്തിൽ വിജയ് പ്രഖ്യാപിച്ചു. ‘നിങ്ങളിൽ ഒരാളായാണ് ഞാൻ ഈ ചുമതല ഏറ്റെടുക്കുന്നത്, അഴിമതിയില്ലാത്ത ഒരു പുതിയ തുടക്കമായിരിക്കും ഈ സർക്കാർ’ എന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യത്തിലാണ് വിജയ് അധികാരമേറ്റത്. സിനിമാ മേഖലയിൽ നിന്ന് നടി തൃഷ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.

വിജയ്‍ക്കൊപ്പം ടിവികെയിലെ ഒമ്പത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ഇതിൽ ശിവകാശിയിൽ നിന്നുള്ള 29 കാരി സെൽവി എസ്. കീർത്തനയാണ് മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രി കൂടിയാണ് മുൻ പൊളിറ്റിക്കൽ കൺസൾട്ടന്റ് കൂടിയായ കീർത്തന. ബിസി എൻ. ആനന്ദ്, ആദവ് അർജുന തുടങ്ങിയവരാണ് മറ്റ് പ്രമുഖ മന്ത്രിമാർ. സഖ്യകക്ഷിയായ കോൺഗ്രസിന്റെ മന്ത്രിമാരെ വിശ്വാസ വോട്ടെടുപ്പിന് ശേഷം തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Share Email
Top