ന്യൂജേഴ്സി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) അമേരിക്കന്‍ റീജിയന്റെ പതിനഞ്ചാമത് ദ്വിവത്സര സമ്മേളനത്തോടനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഡാളസില്‍ നിന്നുള്ള ജോണി കുന്നംപുറം അമേരിക്കന്‍ റീജിയന്റെ പുതിയ ചെയര്‍മാനായും, സൗത്ത് ജേഴ്സിയില്‍ നിന്നുള്ള പിന്റോ കണ്ണമ്പള്ളി പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത് ജേഴ്സിയില്‍ നിന്നുള്ള അനീഷ് ജെയിംസ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
മെയ് 15 മുതല്‍ 17 വരെ ന്യൂജേഴ്സിയിലെ സോമര്‍സെറ്റിലുള്ള ഡെല്‍റ്റാ ഹോട്ടല്‍സ് ബൈ മാരിയറ്റില്‍ നടന്ന ത്രിദിന സമ്മേളനം വിപുലമായ ജനപങ്കാളിത്തത്തോടെയും വര്‍ണാഭമായ പരിപാടികളോടെയും ശ്രദ്ധേയമായി. സൗത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജോണ്‍ സാംസണും നോര്‍ത്ത് ജേഴ്സി പ്രൊവിന്‍സ് പ്രസിഡന്റ് ജിനു തരിയനും കോ-കണ്‍വീനര്‍മാരായി സമ്മേളനത്തിന് നേതൃത്വം നല്‍കി.

ചെയര്‍മാന്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരസാധ്യതകള്‍ നിലനിന്നിരുന്നുവെങ്കിലും, അവസാന നിമിഷം എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിച്ചതോടെയാണ് സമവായത്തിലൂടെ പുതിയ നേതൃത്വത്തിന് വഴിയൊരുങ്ങിയത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടായിരുന്ന ന്യൂയോര്‍ക്കില്‍ നിന്നുള്ള സാം മാണിക്കരോട്ട്, നോര്‍ത്ത് ടെക്‌സാസില്‍ നിന്നുള്ള ശാന്താ പിള്ള എന്നിവര്‍ പത്രിക പിന്‍വലിച്ചതോടെയാണ് ജോണി കുന്നംപുറം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം, പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫിലാഡല്‍ഫിയയിലെ നൈനാന്‍ മത്തായി പിന്മാറിയതിനെ തുടര്‍ന്ന് പിന്റോ കണ്ണമ്പള്ളി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ചെയര്‍മാനും പ്രസിഡന്റും ഉള്‍പ്പെടെയുള്ള പ്രധാന സ്ഥാനങ്ങളില്‍ സമവായം രൂപപ്പെട്ടെങ്കിലും ജനറല്‍ സെക്രട്ടറി, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് കടുത്ത മത്സരമാണ് അരങ്ങേറിയത്. ഫ്‌ലോറിഡയില്‍ നിന്നുള്ള സ്മിതാമോള്‍ ഗീവര്‍ഗീസ് തോമസിനെ പരാജയപ്പെടുത്തി സൗത്ത് ജേഴ്സിയില്‍ നിന്നുള്ള അനീഷ് ജെയിംസ് ജനറല്‍ സെക്രട്ടറിയായി വീണ്ടും വിജയിച്ചു.
ട്രഷറര്‍ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് ടെക്‌സാസില്‍ നിന്നുള്ള ആന്‍സി തലച്ചെല്ലൂരിനെ മറികടന്ന് ഒന്റാറിയോയില്‍ നിന്നുള്ള നിവിന്‍ വില്‍ഫ്രഡ് വിജയിച്ചു. മത്സരത്തില്‍ സ്മിതാമോളും ആന്‍സിയും എട്ട് വോട്ടുകള്‍ മാത്രം കിട്ടി പിന്നിലായി. തുടര്‍ന്ന് സ്മിതാമോള് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം ജനറല്‍ കൗണ്‍സിലിനെ അറിയിക്കുകയും അത് കമ്മിറ്റി അംഗീകരിക്കുകയുമായിരുന്നു.
ഇതിനുപുറമെ വൈസ് പ്രസിഡന്റ് (അഡ്മിന്‍) സ്ഥാനത്തേക്ക് കാലിഫോര്‍ണിയയില്‍ നിന്നുള്ള ജേക്കബ് എഫ്രേമും, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ജോസ് ആറ്റുപുറവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തില്‍ ബഹുമാനപെട്ട ന്യൂ ജേര്‍സി അസംബ്ലിമാന്‍ സ്റ്റെര്‍ലി സ്റ്റാന്‍ലി മുഖ്യാതിഥിയായും, ”സൂപ്പര്‍ ക്ലാസിക് മിസിസ് ഇന്ത്യ 2025” ജേതാവായ ഡോ. ആലീസ് മാത്യു വിശിഷ്ടാതിഥിയായും പങ്കെടുത്തു.
മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം കലാപരിപാടികള്‍, സംഗീതവിരുന്നുകള്‍, മെന്റലിസം ഷോകള്‍, വിവിധ വിനോദപരിപാടികള്‍ എന്നിവകൊണ്ട് ശ്രദ്ധേയമായി. ഡോ. സൂസന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ”ശ്രീമാന്‍ ശ്രീമതി” മത്സരം കാണികള്‍ക്ക് ഏറെ പുതുമയും ആവേശവും സമ്മാനിച്ച പ്രധാന ആകര്‍ഷണമായി മാറി.
വിപുലമായ ജനപങ്കാളിത്തത്തോടെയും സംഘടനാ ഐക്യത്തിന്റെ ശക്തമായ സന്ദേശത്തോടെയും സമ്മേളനം വിജയകരമായി സമാപിച്ചു. മുന്‍ ചെയര്‍മാന്‍ ചാക്കോ കോയിക്കല്‍ത്ത് ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പുതു നേതൃത്വത്തിന് എല്ലാ ആശംസകളും നേര്‍ന്ന അദ്ദേഹം, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
മുന്‍ പ്രസിഡന്റ് ജോണ്‍സന്‍ തലച്ചെല്ലൂര്‍ , ഗ്ലോബല്‍ ചെയര്മാന് ഗോപാല പിള്ളൈ WMC സ്ഥാപക നെതര്‍ക്കെന്മാരില്‍ ഒരാളാലായ ആന്‍ഡ്രൂ പാപ്പച്ചന്‍ , സോമന്‍ ജോണ്‍ തോമസ് അനില്‍ പുത്തന്‍ചിറ ഷിജോ പൗലോസ് , ബോബി തോമസ് , തുടങ്ങിയ പ്രമുഖര്‍ പരിപാടികളില്‍ പങ്കെടുത്തു.
അമേരിക്കന്‍ റീജിയന്റെ പുതിയ ഭാരവാഹികള്‍:
- ചെയര്‍മാന്‍ – ജോണി കുന്നംപുറം (ഡാളസ്)
- പ്രസിഡന്റ് – പിന്റോ കണ്ണമ്പള്ളി (സൗത്ത് ജേഴ്സി)
- ജനറല്‍ സെക്രട്ടറി – അനീഷ് ജെയിംസ് (സൗത്ത് ജേഴ്സി)
- ട്രഷറര്‍ – നിവിന്‍ വില്‍ഫ്രഡ് (ഒന്റാറിയോ, കാനഡ)
- വൈസ് പ്രസിഡന്റ് (അഡ്മിന്‍) – ജേക്കബ് എഫ്രേം (കാലിഫോര്‍ണിയ)
- വൈസ് പ്രസിഡന്റ് – ജോസ് ആറ്റുപുറം (ഫിലാഡല്‍ഫിയ)
- വൈസ് ചെയര്‍പേഴ്‌സണ്‍ – മിനി നായര്‍ (സതേണ്‍ ആല്‍ബര്‍ട്ട)
- വൈസ് ചെയര്‍മാന്‍ – ജെയിംസ് പീറ്റര്‍ (ഫിലാഡല്‍ഫിയ)
- ജോയിന്റ് സെക്രട്ടറി – സ്മിതാമോള്‍ ജി. തോമസ് (ഫ്‌ലോറിഡ)
- വിമന്‍സ് ഫോറം പ്രസിഡന്റ് – ഡോ. സൂസന്‍ ചാണ്ടി (സതേണ്‍ ആല്‍ബര്‍ട്ട)
- വിമന്‍സ് ഫോറം സെക്രട്ടറി – ആലീസ് മാഞ്ചേരി (ഫ്‌ലോറിഡ)
- യൂത്ത് ഫോറം പ്രസിഡന്റ് – ബിബി മോഹന്‍ (സതേണ്‍ ആല്‍ബര്‍ട്ട)
Young leadership for the World Malayali Council American Region: Johnny Kunnampuram takes charge as chairman, Pinto Kannampally as president, and Aneesh James as secretary















