പിന്റോ കണ്ണംപള്ളി
ഫ്‌ലോറിഡ : വിശ്വാസജീവിതത്തോടും സാമൂഹിക പ്രതിബദ്ധതയോടും ചേര്‍ന്നുനില്‍ക്കുന്ന മാതൃകാപരമായ സേവനങ്ങള്‍ക്ക് പേരുകേട്ട ഫ്ളോറിഡയിലെ ഓര്‍ലാന്റോ സ്വദേശിനി ആലിസ് മഞ്ചേരി തിയോളജിയില്‍ ബിരുദം നേടി ശ്രദ്ധേയയായി. അമേരിക്കന്‍ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയ ഈ നേട്ടം, ആത്മീയ വളര്‍ച്ചയ്ക്കും സമൂഹസേ വനത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഒരു ജീവിതയാത്രയുടെ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.
ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് ആണ് ആലിസ് മഞ്ചേരിക്ക് തിയോളജി ബിരുദം നല്‍കിയത്. 2026 ജൂണ്‍ 15-ന് ടെക്‌സാസിലെ ഡാലസിലുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ഭംഗിയാര്‍ന്ന കോണ്‍വൊക്കേഷന്‍ ചടങ്ങിലായിരുന്നു ബിരുദദാനം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദികരും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും കുടുംബാംഗങ്ങളും വിശ്വാസിസ മൂഹവും സാക്ഷികളായ ചടങ്ങ് ആത്മീയതയും അക്കാദമിക മികവും സമന്വയിച്ച ഒരു ആഘോഷമായി മാറി.
തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശിനിയായ ആലിസ് മഞ്ചേരി, വര്‍ഷങ്ങളായി ഫ്ളോറിഡ യിലെ ഓര്‍ലാന്റോയില്‍ താമസിച്ചു വരികയാണ്. ഓര്‍ലാന്റോയിലെ സെന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ സജീവ അംഗവും വിവിധ ശുശ്രൂഷാ പ്രവര്‍ത്തനങ്ങളിലെ നിറസാന്നിധ്യവുമാണ് അവര്‍. സഭയുടെ ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അവര്‍ പുലര്‍ത്തുന്ന ആത്മാര്‍ഥ പങ്കാളിത്തം സമൂഹത്തിന്റെ ആദരവും സ്‌നേഹവും നേടിയെടുത്തിട്ടുണ്ട്.
അതോടൊപ്പം, വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) വനിതാ ഫോറത്തിന്റെ സജീവ പ്രവര്‍ത്തകയായും ആലിസ് മഞ്ചേരി ശ്രദ്ധേയയാണ്. കേരളത്തിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, വിദ്യാഭ്യാസ സഹായം, നിര്‍ധന കുടുംബങ്ങള്‍ക്ക് പിന്തുണ, ചികിത്സാ സഹായം, വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. നിസ്വാര്‍ത്ഥ സേവനവും മാനവിക മൂല്യങ്ങളും ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച വ്യക്തിത്വമാണ് അവര്‍.
ആത്മീയവിദ്യാഭ്യാസത്തിലൂടെ വിശ്വാസത്തെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനും, പഠനത്തിലൂടെ ലഭിച്ച അറിവ് സമൂഹത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്താനുമുള്ള ആലിസ് മഞ്ചേരിയുടെ പ്രതിബദ്ധതയാണ് ഈ ബിരുദ നേട്ടത്തിന് പിന്നിലെ പ്രചോദനമെന്ന് അടുത്തറിയുന്നവര്‍ അഭിപ്രായപ്പെടുന്നു.
കുടുംബജീവിതം, സഭാപ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവനം എന്നിവയെ സമന്വയിപ്പിച്ചുകൊണ്ട് ദൈവശാസ്ത്ര പഠനത്തില്‍ ഉന്നത വിജയം കൈവരിച്ച ആലിസ് മഞ്ചേരി, അമേരിക്കന്‍ മലയാളി വനിതകള്‍ക്ക് മാത്രമല്ല, പുതുതലമുറയ്ക്കാകെ പ്രചോദനമായി മാറുകയാണ്.
വിശ്വാസത്തിന്റെ വെളിച്ചവും സേവനത്തിന്റെ കരുതലും ചേര്‍ത്ത് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുന്ന ഈ നേട്ടത്തിന് വിവിധ സാമൂഹിക, സാംസ്‌കാരിക, മത സംഘടനകളുടെ നേതാക്കള്‍ ആശംസകളും അഭിനന്ദനങ്ങളും നേര്‍ന്നു.
Alice Manjeri achieves high achievement in theological studies; degree in theology















