അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം: സംസ്ഥാന-നഗര പ്രതിനിധികളെയും ഫസ്റ്റ് റെസ്പോണ്ടര്‍മാരെയും ആദരിച്ച് പമ്പ യുടെ വിപുലമായ ആഘോഷം

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷം: സംസ്ഥാന-നഗര പ്രതിനിധികളെയും ഫസ്റ്റ് റെസ്പോണ്ടര്‍മാരെയും ആദരിച്ച് പമ്പ യുടെ വിപുലമായ ആഘോഷം

ഫിലഡല്‍ഫിയ: അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പെന്‍സില്‍വാനിയ അസോസിയേഷന്‍ ഓഫ് മലയാളീസ് ഫോര്‍ പ്രോസ്‌പെരിറ്റി ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് (PAMPA Philadelphia)യുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27, 2026 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഫിലഡല്‍ഫിയയിലെ ഗാലറിയ ബാന്‍ക്വറ്റ് ഹാളില്‍ (3515 Welsh Road, Philadelphia, PA 19136) വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

അമേരിക്കന്‍ ജനാധിപത്യത്തിന്റെ 250 വര്‍ഷത്തെ മഹത്തായ പാരമ്പര്യത്തെയും സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളെയും അനുസ്മരിക്കുന്ന ഈ ആഘോഷം സമൂഹ ഐക്യം, സാംസ്‌കാരിക വൈവിധ്യം, ദേശസ്‌നേഹം എന്നിവ ഉയര്‍ത്തിക്കാട്ടുന്ന വിവിധ കലാ-സാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായിരിക്കും. വിവിധ സംസ്ഥാന, നഗര ഭരണപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഈ വര്‍ഷത്തെ ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണമായി, സമൂഹത്തിനും രാജ്യത്തിനും മാതൃകാപരമായ സേവനം കാഴ്ചവെച്ച സംസ്ഥാന, നഗര പ്രതിനിധികളെയും പൊതുസുരക്ഷയ്ക്കായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് റെസ്പോണ്ടിംഗ് ഓഫീസര്‍മാരെയും പമ്പ പ്രത്യേകമായി ആദരിക്കും. സമൂഹസേവനത്തിലും പൊതുനന്മയ്ക്കുമായി നല്‍കിയ സംഭാവനകളെ അംഗീകരിക്കുന്നതിനായാണ് ഈ ആദരവ് സംഘടിപ്പിക്കുന്നത്.

കൂടാതെ, അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കുമായി പ്രവര്‍ത്തിച്ചുവരുന്ന ഭരണതന്ത്രജ്ഞര്‍, സാമൂഹിക നേതാക്കള്‍, കമ്മ്യൂണിറ്റി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ചടങ്ങില്‍ പ്രത്യേക അംഗീകാരം നല്‍കും. അമേരിക്കന്‍ സമൂഹത്തില്‍ മലയാളികളുടെ സാന്നിധ്യവും സംഭാവനകളും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇത്തരം അംഗീകാരങ്ങള്‍ പ്രചോദനമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തത്തോടെ വിവിധ കലാപരിപാടികള്‍, സംഗീത-നൃത്താവതരണങ്ങള്‍, ദേശഭക്തിഗാനങ്ങള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടര്‍ന്ന് എല്ലാ അതിഥികള്‍ക്കും വിഭവസമൃദ്ധമായ വിരുന്നും ഒരുക്കിയിട്ടുണ്ട്.

പമ്പ പ്രസിഡന്റ് അലക്സ് തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ സംഘാടക സമിതിയില്‍ വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് ഓലിക്കല്‍, ജനറല്‍ സെക്രട്ടറി സുമോദ് തോമസ് നെല്ലികാല, അസോസിയേറ്റ് സെക്രട്ടറി അഭിലാഷ് ജോണ്‍, ട്രഷറര്‍ ജോയ് തട്ടാര്‍ക്കുന്നേല്‍, തോമസ് പോള്‍ എന്നിവര്‍ ഉള്‍പ്പെടെ വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ഫിലഡല്‍ഫിയയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളി കുടുംബങ്ങളെയും വിവിധ സമൂഹങ്ങളിലെ അംഗങ്ങളെയും ഈ ചരിത്രപരമായ ആഘോഷത്തില്‍ പങ്കുചേരാന്‍ സംഘാടകര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പമ്പ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.

സുമോദ് തോമസ് നെല്ലിക്കാല, ഫിലാഡല്‍ഫിയ

America’s 250th Independence Day Celebration: Pampa’s Grand Celebration Honors State and City Representatives and First Responders

Share Email
LATEST excelnclexrn
Top