കാലിഫോര്‍ണിയ: ട്രംപ് ഭരണകൂടം തന്നെയും കടുബത്തെയും ലക്ഷ്യമിടുന്നതായി കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം. അമേരിക്കന്‍ നീതിന്യായ വകുപ്പിന് തനിക്കും ഭാര്യയ്ക്കുമെതിരേ അേേന്വഷണം നടത്തുകയാണ്. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടാവും ഇത്തരത്തില്‍ ഒരു അന്വേഷണ നീക്കം നടത്തുന്നതെന്നും ന്യൂസം ആരോപിച്ചു. തനിക്കും ഭാര്യ ജെന്നിഫര്‍ സിബേല്‍ ന്യൂസത്തിനുമെതിരേ ഡിഒജെ അന്വേഷണം നടത്തുന്നുവെന്നു പറഞ്ഞ ന്യൂസം എന്നാല്‍ ഏതു വിഷയത്തിലാണ് അന്വേഷണമെന്നു വ്യക്തമാക്കിയിട്ടില്ല. സാമൂഹീക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ഏജന്റുമാര്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്‍ ജീവനക്കാരുടെയും വീടുകളില്‍ എത്തിയിട്ടുണ്ട്. അവര്‍ ഒരു കുറ്റകൃത്യം കണ്ടെത്തിയതുകൊണ്ടല്ല, മറിച്ച് ഒരു കുറ്റം കണ്ടെത്താന്‍ ശ്രമിക്കുന്നതിനായാണ് ന്യൂസം പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.
ന്യൂസത്തിന്റെ ഓഫീസ് മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച് അദ്ദേഹവുമായി ബന്ധമുള്ള ചിലരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങളില്‍ നിന്ന് സാമ്പത്തിക സ്ഥാപനങ്ങളിലെ ഇടപാടുകളെക്കുറിച്ച് ചോദിച്ചതായാണ് അറിയുന്നതെന്നു അവര്‍ പറഞ്ഞു. വര്‍ഷങ്ങളായുള്ള രേഖകള്‍ പരിശോധിക്കുകയും വിവിധ രേഖകള്‍ ആവശ്യപ്പെടുകയും ചെയ്യുന്ന ഈ നടപടിയെ ന്യൂസം ”ഫിഷിംഗ് എക്‌സ്‌പെഡിഷന്‍” (തെളിവില്ലാതെ വിവരങ്ങള്‍ തേടുന്ന അന്വേഷണം) എന്നാണ് വിശേഷിപ്പിച്ചത്.
തന്നെ ആക്രമിക്കാനായി ഇപ്പോള്‍ അവര്‍ ഭാര്യ ജന്നിനെയും ലക്ഷ്യമിടുകയാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പുരോഗതിക്കായി ജീവിതം സമര്‍പ്പിച്ച ഒരു പൊതുപ്രവര്‍ത്തകയാണ് അവളെന്നും ന്യൂസം കൂട്ടിച്ചേര്‍ത്തു.
ന്യൂസത്തിന്റെ ഓഫീസ് അന്വേഷണത്തിന്റെ കൃത്യമായ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു. അതിനെക്കുറിച്ച് ഡിജെഒയോട് ചോദിക്കണമെന്നാണ് അവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണം വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ലെന്ന് മാത്രമാണ് അവര്‍ സൂചിപ്പിച്ചത്.
അന്വേഷണം സംബന്ധിച്ച് പ്രതികരിക്കാന്‍ ഡിഒജെ വക്താവ് വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.വിഷയവുമായി പരിചയമുള്ള ചില വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, 2025-ല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ജെന്നിഫര്‍ സീബല്‍ ന്യൂസത്തിന്റെ നികുതി രേഖകള്‍ പരിശോധിക്കാന്‍ ആരംഭിച്ചിരുന്നു.
എന്റെ രേഖകള്‍ പരിശോധിക്കാം, എനിക്കെതിരേ അന്വേഷിക്കാം, എന്നെ ഉപദ്രവിക്കാം. പക്ഷേ എന്റെ ഭാര്യയെയും കുടുംബത്തെയും നിങ്ങളുടെ വ്യക്തിപരമായ പ്രതികാരത്തിന്റെ ഭാഗമാക്കരുതെന്നായിരുന്നു ന്യൂസത്തിന്റെ പ്രതികരണം.
സിനിമാ നിര്‍മ്മാതാവായ ജെന്നിഫര്‍ സീബല്‍ ന്യൂസം സ്ത്രീ-പുരുഷ സമത്വത്തിനായി പ്രവര്‍ത്തിക്കുന്ന ദി റപ്രസന്റേഷന്‍ പ്രൊജക്ട്, കാലിഫോര്‍ണിയ പാര്‍ട്ട്‌നേഴ്‌സ് പ്രൊജക്ട് എന്നീ സംഘടനകള്‍ക്ക് നേതൃത്വം നല്കിവരികയാണ്. 2028-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ന്യൂസം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുമ്പ് വ്യക്തമാക്കിയിട്ടുള്ള അദ്ദേഹം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രധാന സാധ്യതാ സ്ഥാനാര്‍ഥികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.
അതേസമയം, ന്യൂസവും ട്രംപും തമ്മിലുള്ള രാഷ്ട്രീയ വൈരുദ്ധ്യങ്ങള്‍ ഏറെക്കാലമായി തുടരുകയാണ്. 2025 ജൂണില്‍ ലോസ് ആഞ്ചലസിലെ പ്രതിഷേധങ്ങള്‍ക്കിടെ ട്രംപ് ന്യൂസത്തെ അറസ്റ്റ് ചെയ്യണമെന്ന് പരസ്യമായി പറഞ്ഞിരുന്നു. ന്യൂസം തന്റെ വീഡിയോ സന്ദേശത്തില്‍, ട്രംപിനെ എതിര്‍ത്ത പലരെയും പോലെ താനും ഇപ്പോള്‍ അദ്ദേഹത്തിന്റെ ”ഹിറ്റ് ലിസ്റ്റില്‍” ഉള്‍പ്പെട്ടിരിക്കുകയാണെന്ന് ആരോപിച്ചു.
California Governor Gavin Newsom says Trump administration is targeting him and his family















