ഒപ്പമുണ്ട് യുഎസ് എന്ന സന്ദേശം, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തി സെന്‍റ്കോം മേധാവി; യുഎസ് ആർമി സെൻട്രലിൽ നേതൃത്വമാറ്റം

ഒപ്പമുണ്ട് യുഎസ് എന്ന സന്ദേശം, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തി സെന്‍റ്കോം മേധാവി; യുഎസ് ആർമി സെൻട്രലിൽ നേതൃത്വമാറ്റം

കുവൈറ്റ് സിറ്റി: മേഖലാ സുരക്ഷയും സംയുക്ത പ്രതിരോധ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സുപ്രധാന പര്യടനം നടത്തി. ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും നിലവിലുള്ള പ്രതിരോധ ഏകോപന പ്രവർത്തനങ്ങളും ചർച്ചകളിൽ പ്രധാന വിഷയങ്ങളായി.

പര്യടനത്തിനിടെ മേഖലയിൽ സേവനമനുഷ്ഠിക്കുന്ന അമേരിക്കൻ സൈനികരുമായി അഡ്മിറൽ കൂപ്പർ നേരിട്ട് ആശയവിനിമയം നടത്തി. അവരുടെ സേവനങ്ങൾക്ക് അഭിനന്ദനം അറിയിച്ച അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ച ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്തു. സംയുക്ത സഖ്യസേനകളുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും സൈനിക സന്നദ്ധത ഉറപ്പാക്കുന്നതിനുമുള്ള ചർച്ചകളും സന്ദർശനത്തിന്റെ ഭാഗമായി നടന്നു. ഇതിനിടെ, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക പ്രവർത്തനങ്ങളുടെ പ്രധാന ഘടകങ്ങളിലൊന്നായ യുഎസ് ആർമി സെൻട്രലിന്റെ (യുഎസ്‌ആർസെന്റ്) നേതൃത്വമാറ്റ ചടങ്ങിനും അഡ്മിറൽ കൂപ്പർ നേതൃത്വം നൽകി.

ലഫ്റ്റനന്റ് ജനറൽ പാട്രിക് ഫ്രാങ്കിൽ നിന്ന് ലഫ്റ്റനന്റ് ജനറൽ കെവിൻ ലേഹി ഔദ്യോഗികമായി കമാൻഡ് ഏറ്റെടുത്തു. പശ്ചിമേഷ്യൻ മേഖലയിലെ സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനും സഖ്യരാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അമേരിക്ക നൽകുന്ന തുടർച്ചയായ പിന്തുണയുടെ സന്ദേശമാണ് അഡ്മിറൽ ബ്രാഡ് കൂപ്പറിന്റെ സന്ദർശനവും നേതൃത്വമാറ്റ ചടങ്ങും മുന്നോട്ടുവച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top