ന്യൂയോര്‍ക്ക്: യുഎസിലെ മിഡ്വെസ്റ്റ് മേഖലയിലും കിഴക്കന്‍ തീരദേശ സംസ്ഥാനങ്ങളിലും ഈ ആഴ്ച അപകടകരമായ ഉഷ്ണതരംഗംഅനുഭവപ്പെടുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന അതിതീവ്ര ചൂട് ജനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകുമെന്ന സൂചന അധികൃതര്‍ നല്കി.
ആദ്യം മിഡ്വെസ്റ്റ് മേഖലയെയാണ് ഉഷ്ണതരംഗം ബാധിക്കുക. മിനിയാപൊളിസില്‍ ‘ഹീറ്റ് ഇന്‍ഡക്‌സ്’ ഏകദേശം 105 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തുമെന്നാണ് പ്രവചനം. ഷിക്കാഗോയില്‍ ഇത് 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലായിരിക്കും.
ചൊവ്വാഴ്ച ഷിക്കാഗോയില്‍ അനുഭവപ്പെടുന്ന താപനില ഏകദേശം 105 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തും. ഇന്‍ഡിയാനാപൊളിസിലും വിസ്‌കോണ്‍സിനിലെ ഗ്രീന്‍ ബേയിലും അനുഭവപ്പെടുന്ന ചൂട് മൂന്നക്ക താപനിലയിലായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്.
രാത്രിയിലും ചൂടിന് കാര്യമായ കുറവ് ഉണ്ടാവില്ലെന്നാണ് പ്രവചനം. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ രാത്രിയിലും ഉയര്‍ന്ന താപനില തുടരുമെന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിതീവ്ര ചൂടിനെ തുടര്‍ന്ന് ഷിക്കാഗോ നഗരത്തില്‍ നിരവധി ‘കൂളിംഗ് സെന്ററുകള്‍’ തുറന്നു. കമ്മ്യൂണിറ്റി സര്‍വീസ് സെന്ററുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള കേന്ദ്രങ്ങള്‍, ലൈബ്രറികള്‍, സിറ്റി കോളജുകള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. അതേസമയം, ഷിക്കാഗോ പബ്ലിക് സ്‌കൂളുകള്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ നടക്കുന്ന എല്ലാ വേനല്‍ക്കാല വിദ്യാഭ്യാസ പരിപാടികളും കെട്ടിടങ്ങള്‍ക്കുള്ളില്‍ മാത്രമായി നടത്തുമെന്ന് അറിയിച്ചു.
ബുധനാഴ്ച മുതല്‍ ഉഷ്ണതരംഗം കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. ഡെട്രോയിറ്റിലും വാഷിംഗ്ടണ്‍ ഡി.സിയിലും താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റിനോട് അടുത്തെത്തുമെന്നാണ് പ്രവചനം.വ്യാഴാഴ്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ചൂട് ഏറ്റവും രൂക്ഷമാകുക. പല പ്രദേശങ്ങളിലും ഹീറ്റ് ഇന്‍ഡക്‌സ് ഏകദേശം 105 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Extreme heat warning in the US; Heatwave forecast for Midwest and Northeast states
















