വാഷിംഗട്ണ്‍: സ്‌പേസ് എക്‌സിന്റെയും ടെസ്ലയുടേയും ഓഹരികളില്‍ വന്‍ ഇടിവ് നേരിട്ടതിനു പിന്നാലെ ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന് ട്രില്യണര്‍ പദവി നഷ്ടമായി. സാങ്കേതികവിദ്യാ രംഗത്തെ ഓഹരികള്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റഴിച്ചതാണ് ലോകത്തിലെ തന്നെ ഏറ്റവും ധനികനായ മസ്‌കിന്റെ ആസ്തി ഒരു ട്രില്യണ്‍ പരിധിക്ക് താഴേക്ക് പതിക്കാന്‍ കാരണമായത്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, 2026 ജൂണ്‍ 24 ലെ കണക്കനുസരിച്ച് മസ്‌കിന്റെ ആസ്തി ഏകദേശം 957 ബില്യണ്‍ ഡോളറായി കുറഞ്ഞു. തൊട്ടുമുമ്പത്തെ ദിവസത്തെ അപേക്ഷിച്ച് ഒറ്റദിവസം കൊണ്ട് 118 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്. ഈ വലിയ തിരിച്ചടി നേരിട്ടപ്പോഴും ആഗോള സമ്പന്നരുടെ പട്ടികയില്‍ മറ്റെല്ലാവരേക്കാളും ബഹുദൂരം മുന്നില്‍ തന്നെയാണ് ഇലോണ്‍ മസ്‌ക് ഇപ്പോഴുമുള്ളത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയുമായി ബന്ധപ്പെട്ട് വിപണിയില്‍ ഉണ്ടായേക്കാവുന്ന താല്‍ക്കാലിക പ്രതിസന്ധികളെക്കുറിച്ചുള്ള ആശങ്കകളും പലിശനിരക്ക് വര്‍ദ്ധിച്ചേക്കുമെന്ന സൂചനകളും കാരണമാണ് നിക്ഷേപകര്‍ ടെക് ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിക്കാന്‍ തുടങ്ങിയത്. ഇത് മസ്‌കിന്റെ സമ്പത്തിനെ നേരിട്ട് ബാധിക്കുകയായിരുന്നു. ഇതില്‍ മസ്‌കിന് ഏറ്റവും വലിയ പ്രഹരമേല്‍പ്പിച്ചത് സ്‌പേസ് എക്‌സ് ഓഹരികളാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ കമ്പനിയുടെ ഓഹരികള്‍ വന്‍തോതില്‍ താഴേക്ക് പതിച്ചു.
ഈ മാസമാദ്യം പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ 225 ഡോളര്‍ എന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ സ്‌പേസ് എക്‌സ് ഓഹരികള്‍ ചൊവ്വാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ 156 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. വിപണിയിലെ പൊതുവായ ഈ തളര്‍ച്ച ടെസ്ല ഓഹരികളെയും ബാധിച്ചതോടെ മസ്‌കിന്റെ ആസ്തിയിലെ സമ്മര്‍ദ്ദം ഇരട്ടിയായി.
ഈ മാസമാദ്യം സ്‌പേസ് എക്‌സ് കമ്പനിയുടെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ശേഷം കമ്പനിയുടെ മൂല്യം 2 ട്രില്യണ്‍ ഡോളര്‍ കടന്നിരുന്നു. ഈ കുതിപ്പാണ് ഇലോണ്‍ മസ്‌കിനെ ലോകത്തിലെ ആദ്യ ട്രില്യണയര്‍ പദവിയിലേക്ക് താല്‍ക്കാലികമായി എത്തിച്ചിരുന്നത്. ബഹിരാകാശ അധിഷ്ഠിത ഡാറ്റാ സെന്ററുകള്‍, ചൊവ്വാ ദൗത്യങ്ങള്‍ തുടങ്ങിയ കമ്പനിയുടെ വരാനിരിക്കുന്ന വലിയ പദ്ധതികളില്‍ നിക്ഷേപകര്‍ കാണിച്ച ആവേശമാണ് വിപണിയിലെ ഈ ആദ്യകാല കുതിപ്പിന് കാരണമായത്.
Massive drop in SpaceX and Tesla shares: Elon Musk loses trillionaire status.















