ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക്: ഫൊക്കാന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഫൊക്കാന 2026 കൺവെൻഷനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മിസ് ഫൊക്കാന’ സൗന്ദര്യ-പ്രതിഭാ മത്സരത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. കേരളത്തിന്റെ സൗന്ദര്യവും പാരമ്പര്യവും ആഘോഷിക്കുന്ന പരിപാടിയായാണ് മത്സരം സംഘടിപ്പിക്കുന്നത്.
15 മുതൽ 25 വയസ് വരെയുള്ള അവിവാഹിതരായ മലയാളി യുവതികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹത. മത്സരാർത്ഥികൾ ഫൊക്കാന കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിരിക്കുകയോ ഡേ പാസ് വാങ്ങിയിരിക്കുകയോ വേണം. ജൂലൈ 15, 2026-നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് സംഘാടകർ അറിയിച്ചു. രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ 1, 2026 ആണ്.
മത്സരം മൂന്ന് റൗണ്ടുകളായാണ് നടക്കുക. ആദ്യ റൗണ്ടിൽ കേരള പാരമ്പര്യത്തെ ആസ്പദമാക്കിയ വസ്ത്രധാരണവും സ്വയംപരിചയപ്പെടുത്തലും ഉണ്ടായിരിക്കും. രണ്ടാം റൗണ്ടിൽ മത്സരാർത്ഥികളുടെ കലാപരമായ കഴിവുകൾ അവതരിപ്പിക്കുന്ന ടാലന്റ് റൗണ്ടും മൂന്നാമതായി ഈവനിംഗ് ഗൗണും ചോദ്യോത്തര റൗണ്ടും നടക്കും.
പെൻസിൽവാനിയയിലെ കൽഹാരി റിസോർട്ട് ആൻഡ് കൺവെൻഷൻ സെന്ററിലാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 8, 2026-ന് രാവിലെ പരിപാടികൾ ആരംഭിക്കും.
മത്സര വിജയിക്കൊപ്പം ഒന്നാം റണ്ണർ-അപ്പിനും രണ്ടാം റണ്ണർ-അപ്പിനും ക്യാഷ് പ്രൈസുകൾ നൽകും. മിസ് ഫൊക്കാന ടൈറ്റിൽ വിജയിക്ക് ഒരു മലയാള സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഫൊക്കാന വനിതാ ഫോറം ചെയർപേഴ്സൺ രേവതി പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. സരൂപ അനിൽ ചെയർപേഴ്സണായും പ്രിയ ലൂയിസ് കോ-ചെയറായും പ്രവർത്തിക്കുന്നു. മേരിക്കുട്ടി മൈക്കിൾ, മേരി ഫിലിപ്പ്, ബെറ്റ്സി സണ്ണി എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സരൂപ അനിലിനെ +1 (703) 400-9937 എന്ന നമ്പരിലും പ്രിയ ലൂയിസിനെ +1 (646) 704-9472 എന്ന നമ്പരിലും ബന്ധപ്പെടാവുന്നതാണ്.
കേരളീയ യുവതികളുടെ വ്യക്തിത്വവും സർഗ്ഗാത്മകതയും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുന്ന വേദിയായി ‘മിസ് ഫൊക്കാന’ മത്സരം മാറുമെന്ന് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി പ്രത്യാശ പ്രകടിപ്പിച്ചു. എവവരെയും ഫൊക്കാന കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും അറിയിച്ചു















