കാരക്കസ്: വെനസ്വേലയില്‍ തുടര്‍ച്ചയായി ഉണ്ടായ രണ്ടു ഭൂചലനങ്ങളില്‍ വ്യാപക നാശനഷ്ടം. കെട്ടിടങ്ങള്‍ നിലംപതിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. വെനസ്വേലയുടെ തീരമേഖലയില്‍ ബുധനാഴ്ച്ച വൈകുന്നേരമാണ് തുടര്‍ച്ചയായി രണ്ട് ശക്തമായ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടത്. ആദ്യം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും, വെറും 39 സെക്കന്‍ഡുകള്‍ക്കുശേഷം 7.5 തീവ്രതയുള്ള മറ്റൊരു ശക്തമായ ഭൂചലനവും ഉണ്ടായി.
ഭൂചലനത്തെ തുടര്‍ന്ന് തലസ്ഥാനമായ കാരക്കസില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.
അള്‍ട്ടാമിറ, ലോസ് പാലോസ് ഗാര്‍ഡന്‍സ് എന്നീ മേഖലകളിലും കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു.വിമാനത്താവളത്തിനും കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.
നിരവധി പേര്‍ക്ക് പരിക്കേറ്റതായും അവരെ ആശുപത്രികളിലേക്ക് മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു..യുണൈറ്റഡ് സ്്‌റ്റേറ്റ് ജിയോളജിക്കല്‍ സര്‍വേ വിവരമനുസരിച്ച് ആദ്യ ഭൂചലനം 7.2 തീവ്രതയില്‍ സാന്‍ ഫിലിപ്പിക്ക് സമീപമാണ് ഉണ്ടായത്.
തുടര്‍ന്ന് 39 സെക്കന്‍ഡുകള്‍ക്കുശേഷം യുമാറേയ്ക്ക് സമീപം 7.5 തീവ്രതയുള്ള പ്രധാന ഭൂചലനം ഉണ്ടായി. ഭൂചലനത്തെ തുടര്‍ന്ന് ‘റെഡ് അലര്‍ട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ തോതില്‍ മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. മുന്‍കാലങ്ങളില്‍ ഇത്തരത്തിലുള്ള റെഡ് അലര്‍ട്ട് സാഹചര്യങ്ങള്‍ ദേശീയതലത്തിലോ അന്താരാഷ്ട്രതലത്തിലോ വലിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ പരിധിക്കുള്ളിലെ തീരപ്രദേശങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകാമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതായി അധികൃതര്‍ അറിയിച്ചു.
Powerful earthquake in Venezuela: Buildings collapsed, many injured; rescue operations underway.















