കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് കടുത്ത അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിലായിരുന്ന മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിൽ തിരിച്ചെടുത്തു. സതീശൻ സർക്കാർ ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചീഫ് സെക്രട്ടറി എ. ജയതിലക് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കി. സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടുകളെയും പരസ്യമായി വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് നിരന്തരം നടപടി നേരിട്ട ഉദ്യോഗസ്ഥരാണ് ഇരുവരും.
സംസ്ഥാനത്തെ സീനിയർ ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബി. അശോക്, കേര പദ്ധതിയിലെ അഴിമതി വാർത്ത പുറത്തുകൊണ്ടുവന്നതോടെയാണ് മുൻ സർക്കാരുമായി ഭിന്നതയിലായത്. തുടർന്ന് കൃഷി വകുപ്പിൽ നിന്ന് മാറ്റപ്പെട്ട ഇദ്ദേഹത്തെ കെ.ടി.ഡി.എഫ്.സി. സി.എം.ഡി., തദ്ദേശ കമ്മീഷണർ തുടങ്ങിയ അപ്രധാന തസ്തികകളിലേക്ക് മാറ്റിയെങ്കിലും അശോക് ഇതിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരുന്നു. ഒടുവിൽ, തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന പത്രലേഖനത്തിലെ വിമർശനം ചൂണ്ടിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പാണ് പിണറായി സർക്കാർ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
‘കളക്ടർ ബ്രോ’ എന്ന പേരിൽ പ്രശസ്തനായ എൻ. പ്രശാന്ത് സമൂഹമാധ്യമങ്ങളിലൂടെയുള്ള തുറന്നടിയിലൂടെയാണ് പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞത്. അച്ചടക്ക നടപടികളെ ട്രോളുകളിലൂടെ നേരിട്ട ഇദ്ദേഹം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒമ്പതോളം സസ്പെൻഷനുകളാണ് നേരിട്ടത്. ഒടുവിൽ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിനാണ് പ്രശാന്ത് അവസാനമായി സസ്പെൻഷനിലായത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ഇത്തരം തുറന്നുപറച്ചിലുകളിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേരിട്ടുള്ള ഇടപെടലിലാണ് ഇപ്പോൾ ഇരുവരെയും സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്.















