മിസോറി: യുഎസിലെ മിസോറിയില്‍ സ്‌കൈ ഡൈവിംഗ് വിമാനം തകര്‍ന്ന് 11യാത്രക്കാരും പൈലറ്റും കൊല്ലപ്പെട്ടു. മിസോറി സംസ്ഥാനത്തിലെ ബട്ട്‌ലര്‍ മെമ്മോറിയല്‍ എയര്‍പോര്‍ട്ടിന് സമീപമാണ് ഞായറാഴ്ച സ്‌കൈഡൈവിംഗ് വിമാനം തകര്‍ന്നുവീണത്.
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ സാങ്കേതിക തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന് തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സമയം രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. അപകടസമയത്ത് വിമാനത്തില്‍ ആകെ 12 പേരുണ്ടായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.
വിമാനം പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് ബേറ്റ്‌സ് കൗണ്ടി ഷെരീഫ് ചന്ദ് ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി.ബട്ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന സ്‌കൈഡൈവിംഗ് വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടതെന്നും യാത്രക്കാരില്‍ ചിലര്‍ സ്‌കൈഡൈവിംഗിനായി തയ്യാറെടുക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളത്തിന്റെ ഭാഗമായ ഒരു വയലിലാണ് വിമാനം തകര്‍ന്നുവീണത്. നാഷ്ണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ടേരേഷനും അന്വേഷണം ആരംഭിച്ചു.കാന്‍സാസ് നഗരത്തില്‍ നിന്നും ഏകദേശം 66 മൈല്‍ അകലെയാണ് ബട്‌ലര്‍ നഗരം സ്ഥിതി ചെയ്യുന്നത്.
അപകടത്തില്‍പ്പെട്ട വിമാനം പസഫിക് എയറോ സ്‌പേസ് പി-750 വിമാനമാണെന്നു എഫ്എഎ സ്ഥിരീകരിച്ചു.അപകടസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനിടെ ബട്ലര്‍ മെമ്മോറിയല്‍ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് ഞായറാഴ്ച ഉച്ചയ്ക്ക് അടച്ചതായി അധികൃതര്‍ അറിയിച്ചു.
Skydiving plane crashes in Missouri, killing 11 passengers and pilot















