pulimoottil

അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം നികുതി ഈടാക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി.സാമൂഹിക മാധ്യമമായ ദിട്രൂത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കന്‍ കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ നികുതി നടപ്പാക്കാന്‍ ഒരുങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങളെയാണ് അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടത്.ഇത്തരമൊരു നികുതി ചുമത്തുന്ന ഏത് രാജ്യത്തിന്റെയും അമേരിക്കയിലേക്കുള്ള എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ഉടന്‍ തന്നെ 100 ശതമാനം തീരുവ ഏര്‍പ്പെടുത്തും.’നേരത്തെ ഒപ്പുവെച്ച വ്യാപാര കരാറുകളെക്കാള്‍ ഈ പുതിയ നടപടിക്ക് മുന്‍ഗണന ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര തര്‍ക്കം കൂടുതല്‍ രൂക്ഷമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വില ഉയരാന്‍ സാധ്യതയുണ്ടാവുകയും ഇത് സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുകയും ചെയ്യും.

നിയമാനുസൃത നികുതി നയങ്ങളെ ലക്ഷ്യമിടുന്ന ഏകപക്ഷീയ നടപടികള്‍ ന്യായീകരിക്കാനാവില്ല. അത്തരം നടപടികള്‍ സ്വീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ സ്വന്തം അവകാശങ്ങളും നിയന്ത്രണാധികാരവും സംരക്ഷിക്കാന്‍ വേഗത്തിലും ശക്തമായും പ്രതികരിക്കുമെന്നു യൂറോപ്യന്‍ കമ്മിഷന്റെ വക്താവ് ഒലോഫ് ഗില്‍ ട്രംപിന്റെ മുന്നറിയിപ്പിനെതിരെ പ്രതികരിച്ചു.ഡിജിറ്റല്‍ നികുതി ഒരു പ്രത്യേക രാജ്യത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും, വലിയ സാങ്കേതിക കമ്പനികള്‍ക്കെല്ലാം ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അമേരിക്കന്‍ ടെക് ഭീമന്‍ കമ്പനികള്‍ക്ക് വിദേശരാജ്യങ്ങള്‍ നികുതി ചുമത്തുന്നതിനെയും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെയും ട്രംപ് നേരത്തെയും എതിര്‍ത്തിട്ടുണ്ട്.കഴിഞ്ഞ വര്‍ഷവും ഇത്തരമൊരു നികുതി നടപ്പാക്കുന്ന രാജ്യങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.ജൂലൈ 4-നകം അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പുതിയ വ്യാപാര കരാര്‍ പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രംപിന്റെ പുതിയ ഭീഷണി.ആ കരാര്‍ പ്രകാരം: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 15 ശതമാനമായി നിജപ്പെടുത്തിയിരുന്നു.യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ കഴിഞ്ഞ വര്‍ഷം സ്‌കോട്ട്ലന്‍ഡിലെ ട്രംപിന്റെ ഗോള്‍ഫ് റിസോര്‍ട്ടില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് കരാറിന് പ്രാഥമിക ധാരണയായത്.എന്നാല്‍ ഡിജിറ്റല്‍ സേവന നികുതി ഈ വ്യാപാര കരാറിന്റെ ഭാഗമായിരുന്നില്ല.അതുകൊണ്ടുതന്നെ ഈ വിഷയം അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയമായി തുടരുകയാണ്.


Trump warns of 100% tariffs on imports from countries that impose digital taxes on American tech companies

Share Email
LATEST excelnclexrn
Top