pulimoottil

ടെക്‌സാസിലെ കോര്‍പസ് ക്രിസ്റ്റി ഗുരുതരമായ കുടിവെള്ള ക്ഷാമത്തില്‍ : അമേരിക്കയിലെ ആദ്യ ജലക്ഷാമ നഗരമാകുമോ എന്ന ആശങ്ക

ടെക്‌സാസിലെ കോര്‍പസ് ക്രിസ്റ്റി ഗുരുതരമായ കുടിവെള്ള ക്ഷാമത്തില്‍ : അമേരിക്കയിലെ ആദ്യ ജലക്ഷാമ നഗരമാകുമോ എന്ന ആശങ്ക

ടെക്‌സാസ്: യുഎസിലെ ടെക്‌സാസ് സംസ്ഥാനത്തെ കോര്‍പ്പസ് ക്രിസ്റ്റി ഗുരുതരമായ കുടിവെള്ള ക്ഷാമത്തില്‍. ഇതോടെ അമേരിക്കയിലെ ആദ്യ ജലക്ഷാമ നഗരമായി കോര്‍പ്പസ് ക്രിസ്റ്റിമാറുമോ എന്ന ആശങ്കയിലാണ് അമേരിക്കന്‍ ജനത. ടെക്‌സാസ് സംസ്ഥാനത്തെ തീരദേശ നഗരമായ കോര്‍പസ് ക്രിസ്റ്റി നിലവിലെ സാഹചര്യത്തില്‍ ആധുനിക അമേരിക്കന്‍ ചരിത്രത്തില്‍ കുടിവെള്ളം പൂര്‍ണമായും തീര്‍ന്നേക്കാവുന്ന ആദ്യ നഗരമായി മാറുമെന്ന ആശങ്കയാണ് വിദഗ്ധര്‍ ഉയര്‍ത്തുന്നത്. മൂന്ന് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരത്തില്‍ വര്‍ഷങ്ങളായുള്ള വരള്‍ച്ചയും വര്‍ധിച്ചുവരുന്ന ജല ഉപഭോഗവും പുതിയ ജലസ്രോതസുകള്‍ വികസിപ്പിക്കുന്നതിലെ കാലതാമസവും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

വ്യാവസായിക വളര്‍ച്ചയും ജലക്ഷാമം കൂടുതല്‍ ഗുരുതരമാക്കിയിട്ടുണ്ട്. പ്രദേശത്തെ പെട്രോകെമിക്കല്‍, പ്ലാസ്റ്റിക് വ്യവസായങ്ങള്‍ പ്രതിദിനം വന്‍തോതില്‍ വെള്ളം ഉപയോഗിക്കുന്നതിനാല്‍ നഗരത്തിന്റെ ജലശേഖരത്തിന് വലിയ സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്. 2022-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഒരു പ്ലാസ്റ്റിക് രാസവസ്തു ഫാക്ടറി മാത്രം നഗരത്തിലെ മുഴുവന്‍ ജനങ്ങളും ചേര്‍ന്ന് ഉപയോഗിക്കുന്നതിന് തുല്യമായ അളവില്‍ പ്രതിദിനം വെള്ളം ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിസന്ധിക്ക് പരിഹാരമായി സമുദ്രജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന ഡീസാലിനേഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അധികൃതര്‍ പദ്ധതിയിട്ടിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി, നിയമനടപടികള്‍, പ്രാദേശിക എതിര്‍പ്പുകള്‍ എന്നിവ കാരണം പദ്ധതി വൈകുകയാണ്. ഇതിനുപുറമെ ഭൂഗര്‍ഭജല ഉപയോഗം വര്‍ധിപ്പിക്കുന്നതും വ്യാവസായിക ആവശ്യങ്ങള്‍ക്കായി മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനവും ടെക്‌സാസിലെ തുടര്‍ച്ചയായ കടുത്ത വരള്‍ച്ചയും പ്രധാന ജലസംഭരണികള്‍ അപകടകരമായ നിലയിലേക്ക് താഴ്ത്തിയിട്ടുണ്ട്. സമീപകാല മഴ ചെറിയ ആശ്വാസം നല്‍കിയെങ്കിലും നഗരത്തില്‍ നിലവില്‍ ഏകദേശം ഒരു വര്‍ഷത്തേക്കുള്ള വെള്ളം മാത്രമാണ് ശേഖരമുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥിതി കൂടുതല്‍ വഷളായാല്‍ കുടിവെള്ള വിതരണം സമയക്രമമനുസരിച്ച് നിയന്ത്രിക്കുക, ജലവിതരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കോര്‍പസ് ക്രിസ്റ്റിയിലെ പ്രതിസന്ധി ഒരു നഗരത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും ലോകമെമ്പാടുമുള്ള നഗരങ്ങള്‍ നേരിടാന്‍ പോകുന്ന ജലസുരക്ഷാ വെല്ലുവിളിയുടെ മുന്നറിയിപ്പാണെന്നും പരിസ്ഥിതി വിദഗ്ധര്‍ വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനം, വര്‍ധിച്ചുവരുന്ന ജനസംഖ്യ, വ്യാവസായിക ആവശ്യങ്ങള്‍, ചുരുങ്ങുന്ന ജലസ്രോതസുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ ഭാവിയില്‍ കൂടുതല്‍ നഗരങ്ങള്‍ സമാനമായ പ്രതിസന്ധി നേരിടേണ്ടി വരുമെന്നാണ് അവരുടെ മുന്നറിയിപ്പ്.

Concerns that Corpus Christi, Texas, facing a severe drinking water shortage, might become the first U.S. city to run out of water.

Share Email
LATEST excelnclexrn
More Articles
Top