ന്യൂഡൽഹി: തമിഴ്നാട്ടിലെ ഗോവധ നിരോധനം സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച കോടതിവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ബക്രീദ് ദിവസമോ മറ്റ് ദിവസങ്ങളിലോ തമിഴ്‌നാട്ടിൽ പശുക്കളെയോ പശുക്കിടാ ങ്ങളെയോ കൊല്ലരുതെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.
ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
മദ്രാസ് ഹൈക്കോടതി ഉത്തരവിലെ അവസാന ഖണ്ഡിക പ്രഥമദൃഷ്ട്യാ “തിരുത്തൽ” അർഹിക്കുന്നതാണെന്ന് സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു.
തമിഴ്‌നാട് സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഡോ. അഭിഷേക് മനു സിങ്‌വി ഹാജരായി.
Cow slaughter ban in Tamil Nadu: Supreme Court stays Madras High Court order.














