ന്യൂഡൽഹി: ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രമുഖ സിനിമാ താരങ്ങളായ ദുൽഖർ സൽമാനും ആസിഫ് അലിയും. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ശബ്ദം അധികാരികൾ കേൾക്കണമെന്ന് ദുൽഖർ സൽമാർ ആവശ്യപ്പെട്ടു. നിൽക്കൂ, കേൾക്കൂ, മനസ്സിലാക്കൂ എന്ന കാര്യം ഓർമ്മിപ്പിച്ച താരം, വിദ്യാർത്ഥികൾ ജീവനൊടുക്കുന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്നാണെന്നും കൂട്ടിച്ചേർത്തു.
സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള മനുഷ്യർ കരുണയും ബഹുമാനവും അർഹിക്കുന്നുണ്ടെന്ന് ദുൽഖർ ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദവും ആശങ്കകളും ഭരണകൂടം കണ്ടില്ലെന്ന് നടിക്കരുതെന്നും അവർക്ക് അർഹമായ നീതി വേഗത്തിൽ ലഭ്യമാക്കണമെന്നുമാണ് താരം സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.
വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് നടൻ ആസിഫ് അലി പറഞ്ഞു. നീതിക്കായി തെരുവിലിറങ്ങിയ വിദ്യാർത്ഥികൾക്കൊപ്പം അണിചേരുക എന്നത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രമുഖ സിനിമാ താരങ്ങൾ കൂടി പിന്തുണയുമായി രംഗത്തെത്തിയതോടെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് രാജ്യമെമ്പാടും പിന്തുണയേറുകയാണ്.















