അങ്കാറ: അമേരിക്കയിൽ നിന്ന് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും തുർക്കിയുടെ സ്വന്തം യുദ്ധവിമാനമായ ‘കാൻ’ന് ആവശ്യമായ യുഎസ് നിർമ്മിത ജെറ്റ് എൻജിനുകളും വാങ്ങാനുള്ള കരാറുകൾ ഉടൻ യാഥാർത്ഥ്യമാകുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദോഗാൻ. നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തിയ നിർണായക ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉർദോഗാൻ ഇക്കാര്യം പരസ്യമാക്കിയത്.
അഞ്ച് എഫ്-35 വിമാനങ്ങൾ നൽകാമെന്ന് അമേരിക്ക മുൻപ് തുർക്കിക്ക് വാഗ്ദാനം നൽകിയിരുന്ന കാര്യവും അദ്ദേഹം ഈ വേദിയിൽ ഓർമ്മിപ്പിച്ചു. ഡോണൾഡ് ട്രംപ് എപ്പോഴും പറഞ്ഞ വാക്ക് പാലിക്കുന്ന വ്യക്തിയാണെന്ന് പുകഴ്ത്തിയ ഉർദുഗാൻ, ഈ ഉച്ചകോടിയിൽ വെച്ച് തന്നെ എഫ്-35 കരാറിൽ അനുകൂലമായ ഒരു അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി. തുർക്കിയുടെ പ്രമുഖ യുദ്ധവിമാനമായ ‘കാൻ’ പദ്ധതിക്കായി യുഎസ് എൻജിനുകൾ വിട്ടുനൽകുന്ന കാര്യത്തിൽ ട്രംപ് തങ്ങൾക്ക് ചില നല്ല വാർത്തകൾ നൽകിയിട്ടുണ്ടെന്നും, ഈ ഉച്ചകോടി പൂർത്തിയാകുന്നതിന് മുൻപ് തന്നെ ട്രംപിന് ഔദ്യോഗികമായി നന്ദി പറയാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ വ്യോമപ്രതിരോധ സംവിധാനം വാങ്ങിയതുമായി ബന്ധപ്പെട്ട് യുഎസ് കോൺഗ്രസ് ഏർപ്പെടുത്തിയ നിയമപരമായ വിലക്കുകൾ നിലനിൽക്കുന്നുണ്ടെങ്കിലും, തുർക്കിക്ക് മേലുള്ള ഉപരോധങ്ങൾ നീക്കി യുദ്ധവിമാനങ്ങൾ വിൽക്കുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്ന് ട്രംപും വ്യക്തമാക്കിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണെന്നാണ് വിലയിരുത്തൽ.
















