വാഷിംഗ്ടണ്‍: പാക് അധീന കശ്മീര്‍ സംബന്ധിച്ച വാര്‍ത്തയില്‍ പാക്കിസ്ഥാന്‍ കാഷ്മീര്‍ എന്ന പ്രയോഗം ഉപയോഗിച്ചതിനെതിരെ അമേരിക്കയിലെ ഇന്ത്യന്‍ എംബസി ന്യൂയോര്‍ക്ക് ടൈംസിനെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത്. . ‘പാകിസ്ഥാന്‍ കശ്മീര്‍ എന്നൊന്നില്ല, പാകിസ്ഥാന്‍ അധീന കശ്മീര്‍ മാത്രമാണുള്ളത്’ എന്ന് എംബസി എക്സ് പ്ലാറ്റ്‌ഫോമില്‍ പ്രസ്താവിച്ചു. ഇത്തരത്തിലുള്ള തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്നും ഇന്ത്യ വ്യക്തമാക്കി.പാക് അധീന കശ്മീരില്‍ തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് ‘Clashes Erupt in Pakistani Kashmir as Voting in Local Election Begins’ എന്ന തലക്കെട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയിരുന്നത്. ഇതിനെതിരെയാണ് ഇന്ത്യ ഔദ്യോഗികമായി എതിര്‍പ്പ് രേഖപ്പെടുത്തിയത്. ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യവും അഭേദ്യവുമായ ഭാഗമാണെന്നും, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങള്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുകയാണെന്നും എംബസി ആവര്‍ത്തിച്ചു.പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ പാകിസ്ഥാന്‍ സുരക്ഷാസേന നടത്തിയ നടപടിയില്‍ 30ലധികം സാധാരണക്കാര്‍ കൊല്ലപ്പെടുകയും 33ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനിടെ ജോയിന്റ് ആവാമി ആക്ഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയായിരുന്നു സുരക്ഷാസേനയുടെ ശക്തമായ നടപടി. പ്രദേശത്ത് ഉയര്‍ന്ന ജീവിതച്ചെലവ്, ഭരണപരമായ അവഗണന, രാഷ്ട്രീയ വിവേചനം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവയാണ് പ്രതിഷേധത്തിന് കാരണമായത്.ഇന്ത്യയുടെ നിലപാട് പ്രകാരം, പാക് അധീന കശ്മീരില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകള്‍ പ്രദേശത്തെ നിയമവിരുദ്ധ അധിനിവേശം മറച്ചുവയ്ക്കാനുള്ള ഇസ്ലാമാബാദിന്റെ ശ്രമമാണ്. അവിടെ നടക്കുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകസമൂഹത്തില്‍ നിന്ന് മറച്ചുവയ്ക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ന്യൂഡല്‍ഹി ആരോപിച്ചു. നേരത്തെയും പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങള്‍ പാകിസ്ഥാന്റെ ദീര്‍ഘകാല ചൂഷണത്തിന്റെയും ഭരണപരമായ അടിച്ചമര്‍ത്തലിന്റെയും ഫലമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പാക് അധീന കശ്മീരിനെ ‘Pakistan-administered Kashmir’ എന്നും വിശേഷിപ്പിച്ചിരുന്നു. അതേസമയം, പ്രദേശത്തെ അക്രമങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാര്‍ക്കെതിരായ അക്രമം ഉടന്‍ അവസാനിപ്പിക്കണമെന്നും പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.India protests against The New York Times over the misleading term ‘Pakistan Kashmir’.
















