pulimoottil

രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എന്‍.എ ചിത്രരാമായണ വെബിനാര്‍ സംഘടിപ്പിക്കുന്നു

രാമായണ മാസാചരണത്തിന് മുന്നോടിയായി കെ.എച്ച്.എന്‍.എ ചിത്രരാമായണ വെബിനാര്‍ സംഘടിപ്പിക്കുന്നു

വടക്കേ അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ ദേശീയ സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (KHNA), രാമായണ മാസാചരണത്തിന് മുന്നോടിയായി പ്രത്യേക ചിത്രരാമായണ വെബിനാര്‍ സംഘടിപ്പിക്കുന്നു. 2026 ജൂലായ് 12 ഞായറാഴ്ച രാവിലെ 11:30ന് EST / രാത്രി 9:00ന് IST ന് Zoom മുഖേനയാണ് പരിപാടി നടക്കുക.


പ്രശസ്ത എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായ ഡോ. എ. പി. സുകുമാര്‍, സുകുമാര്‍ കാനഡ, തന്റെ ‘Ramayanam – A Concise Rendering’ എന്ന പുസ്തകത്തെ ആസ്പദമാക്കി സചിത്ര രാമായണ അവതരണം നടത്തും. പതിനാറ് പുസ്തകങ്ങളുടെ രചയിതാവായ ഡോ. സുകുമാര്‍, ചിത്രങ്ങളുടെയും ലളിതമായ വിവരണങ്ങളുടെയും സഹായത്തോടെ രാമായണത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ സന്ദേശം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ കര്‍ക്കിടക മാസത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള മലയാളികള്‍ രാമായണ മാസമായി ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ KHNAയും ഈ വര്‍ഷവും രാമായണ മാസത്തില്‍ എല്ലാ ദിവസവും ഓണ്‍ലൈന്‍ രാമായണ പാരായണം സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി അന്‍പതോളം പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് KHNA പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിന്റെ ആത്മാവും സാരവും നിലനിര്‍ത്തി, കര്‍ക്കിടക മാസത്തിലെ മുപ്പത് ദിവസങ്ങളില്‍ വായിച്ചു തീര്‍ക്കാവുന്ന രീതിയില്‍ സംക്ഷിപ്തമായി രൂപകല്‍പ്പന ചെയ്ത കൃതിയാണ് ഡോ. സുകുമാറിന്റെ ചിത്രരാമായണം. മൂലഗ്രന്ഥത്തിന്റെ സാരാംശം നഷ്ടപ്പെടാതെ ലളിതവും വ്യക്തവുമായ ഭാഷയില്‍ നിത്യപാരായണ ഭാഗങ്ങള്‍ അവതരിപ്പിക്കുന്ന ഈ കൃതി, എല്ലാ പ്രായക്കാരെയും രാമായണത്തിന്റെ ആത്മീയ ലോകത്തിലേക്ക് ക്ഷണിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച ‘Ramayanam – A Concise Rendering’ എന്ന പുസ്തകം Amazon-ല്‍ ലഭ്യമാണ്. മലയാളത്തിലുള്ള ചിത്രരാമായണം ഗുരുവായൂരിലെ തീരഭൂമി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പുസ്തകം എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടിന് പകരമല്ല; മറിച്ച്, അനശ്വരമായ രാമായണത്തെ കൂടുതല്‍ ആഴത്തില്‍ വായിക്കാനും മനസ്സിലാക്കാനും പ്രേരിപ്പിക്കുന്ന ഒരു സഹായക കൃതിയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

രാമായണ മാസാചരണത്തിന്റെ ഭാഗമായി കുടുംബങ്ങളെയും യുവതലമുറയെയും ആത്മീയ വായനയിലേക്കും നിത്യധ്യാനത്തിലേക്കും അടുപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് KHNA ആത്മീയ സമിതി അറിയിച്ചു. എല്ലാ ഭക്തജനങ്ങളെയും കുടുംബസമേതം ഈ പ്രത്യേക പരിപാടിയില്‍ പങ്കെടുക്കാന്‍ KHNA ക്ഷണിക്കുന്നു.

Zoom Meeting ID: 893 5777 6193
Passcode: 649083

വാര്‍ത്ത: (ഡോ. എ. പി. സുകുമാര്‍ കെ.എച്ച്.എന്‍.എ ന്യൂസ് മീഡിയ)

KHNA is organizing a 'Chitra Ramayana' webinar ahead of the observance of Ramayana Month.
Share Email
LATEST excelnclexrn
Top