pulimoottil

വിശ്വാസത്തില്‍ ആഴപ്പെടാം.. വചനവഴികളില്‍ ധന്യരാകാം….വരൂ, ലാങ്കസ്റ്റര്‍ ഒരുങ്ങി

വിശ്വാസത്തില്‍ ആഴപ്പെടാം.. വചനവഴികളില്‍ ധന്യരാകാം….വരൂ, ലാങ്കസ്റ്റര്‍ ഒരുങ്ങി

ജോര്‍ജ് തുമ്പയില്‍

ക്രൈസ്തവ ജീവിതം ക്രിസ്തുവിലേക്കുള്ള യാത്രയാണ്. ഈ ലോകത്തിന്റേതായ വഴികളില്‍, അതിന്റെ തിരക്കുകളില്‍ സദാ വ്യാപൃതരായിരിക്കുന്ന നമുക്ക് ദൈവവചന കേന്ദ്രീകൃതമായും ക്രിസ്തു കേന്ദ്രീകൃതമായും കുടുംബബന്ധങ്ങളെ ആഴപ്പെടുത്താന്‍ വേദിയൊരുക്കുകയാണ് ഓരോ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സും . വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും പങ്കുവയ്ക്കപ്പെടുന്ന കോണ്‍ഫറന്‍സുകള്‍ ആത്മീയമായി പുതുക്കപ്പെടാനും വളരാനുമുള്ള അവസരമൊരുക്കുന്നു. ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് അതുകൊണ്ടുതന്നെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കോണ്‍ഫറന്‍സിലെ സാന്നിധ്യം ജീവിതത്തില്‍ എക്കാലവും ഓര്‍മ്മിക്കാന്‍ ധന്യമായ ചിന്തകള്‍ പകരുമെന്നത് ഉറപ്പ് .

ജീവിതപ്രയാസങ്ങള്‍ക്കിടയിലും ക്രിസ്തുവിനെ ലക്ഷ്യമാക്കി നീങ്ങുന്ന മറ്റു വിശ്വാസികളുമായി സൗഹൃദം സ്ഥാപിക്കാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും കോണ്‍ഫറന്‍സ് ദിനങ്ങളിലെ ഒത്തുചേരല്‍ അവസരമൊരുക്കുന്നു.

ദശാബ്ദങ്ങളായി ഭദ്രാസനത്തിലെ വൈദികരെയും വിശ്വാസികളെയും യുവജനങ്ങളെയും വിശ്വാസത്തിലും ക്രിസ്തീയ കൂട്ടായ്മയിലും വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഈ ആത്മീയ ശുശ്രൂഷയില്‍ എല്ലാവരും സജീവമായി പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ നിക്കളാവോസ് തന്റെ സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.

ഈ കോണ്‍ഫറന്‍സ് ഹൃദയങ്ങള്‍ ശക്തിപ്പെടുകയും ബന്ധങ്ങള്‍ പുതുക്കപ്പെടുകയും ആത്മീയ ലക്ഷ്യബോധം ഉണ്ടാവുകയും ചെയ്യപ്പെടുന്ന വിശുദ്ധമായ ഒരു സമാഗമത്തിന്റെ വേദിയായി മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. കുടുംബങ്ങള്‍ വിശ്വാസത്തില്‍ ഒരുമിച്ച് നടക്കുവാനും നമ്മുടെ യുവജനങ്ങള്‍ സഭയിലും ലോകത്തിലും സുവിശേഷത്തിന് സാക്ഷികളായി തങ്ങളുടെ വിളിയെ നെഞ്ചേറ്റുവാനും ഇത് പ്രചോദനമാകട്ടെ’.

ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം സമപ്രായക്കാരുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കാനും മുതിര്‍ന്ന തലമുറയെ അറിയാനും ആധ്യാത്മികമായി അറിവ് നേടാനും കോണ്‍ഫറന്‍സ് ദിനങ്ങള്‍ സഹായകമാകുമെന്ന് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്റര്‍ ഫാ. അലക്‌സ് ജോയി പറഞ്ഞു.

കോണ്‍ഫറന്‍സിന്റെ വന്‍ വിജയത്തിനായി വിപുലമായ സ്‌പോണ്‍സര്‍ഷിപ്പ് പാക്കേജുകളും കോണ്‍ഫറന്‍സ് സുവനീര്‍ നിരക്കുകളും പ്രഖ്യാപിച്ചിട്ടുണ്ട് . ആകര്‍ഷക സമ്മാനങ്ങളോടെയുള്ള മെഗാ റാഫിളും ക്രമീകരിച്ചിട്ടുണ്ട് എന്ന് സെക്രട്ടറി ജെയ്സണ്‍ തോമസ് പറഞ്ഞു.

ദൈവവചനത്തിലും, വിശ്വാസം, പാരമ്പര്യം തുടങ്ങിയ വിഷയങ്ങളിലും ആഴമേറിയ ചിന്തകള്‍ പങ്കുവെക്കപ്പെടുന്ന കോണ്‍ഫറന്‍സുകളില്‍ സമകാലിക വിഷയങ്ങളും ചര്‍ച്ചയാകാറുണ്ട്. ഭദ്രാസനത്തിലെ എല്ലാ പള്ളികളില്‍നിന്നും ലഭിക്കുന്ന നിറഞ്ഞ സഹകരണവും പങ്കാളിത്തവുമാണ് ഓരോ കോണ്‍ഫറന്‍സിനെയും വിജയത്തിലെത്തിക്കുന്നത് എന്ന് ട്രഷറാര്‍ ജോണ്‍ (സജി) താമരവേലിലും പറഞ്ഞു. .

പ്രശ്‌നങ്ങളില്‍ സാന്ത്വനമാകുന്ന, മനസിനെ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങള്‍, ഒപ്പം പരസ്പരം പിന്തുണ നല്‍കുന്ന ഒരുപിടി സൗഹൃദങ്ങള്‍, ഹാന്‍ഡ്‌സ് ഓണ്‍ വര്‍ക് ഷോപ്പുകള്‍ …ഇങ്ങനെ കൂട്ടായ്മ മനോഭാവവും മനസിനെ ആത്മീയമായി ധന്യമാക്കുന്ന നിമിഷങ്ങളും കോണ്‍ഫറസിനെ പ്രത്യാശയുടെ ഇടമാക്കുന്നു.
കുടുംബ സൗഹൃദങ്ങളില്‍ വളരുന്നതിനും മുന്‍ വര്‍ഷങ്ങളിലെ കോണ്‍ഫറന്‍സുകളില്‍ ലഭിച്ച ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഫാമിലി കോണ്‍ഫറന്‍സുകള്‍ സഹായിക്കുന്നു എന്ന് സുവനീര്‍ എഡിറ്റര്‍ ഡോ . റെബേക്കാ പോത്തന്‍ പറയുന്നു.

ആധ്യാത്മിക വഴികളില്‍, പ്രത്യേകിച്ച് ദൈവ വചനത്തിനൊപ്പം ജീവിതം നയിക്കുന്നതില്‍ ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വെല്ലുവിളി നേരിടുന്നതിനാല്‍ ആധ്യാത്മിക ജീവിതത്തിലെ വളര്‍ച്ചയെ ലക്ഷ്യമിട്ടാണ് കോണ്‍ഫറന്‍സുകള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് ജോയിന്റ് ട്രഷറാര്‍ റിംഗില്‍ റ്റി ബിജു കരുതുന്നു. .

പലപ്പോഴും കലുഷിതമായ ജീവിത സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ദൈവകേന്ദ്രീകൃതമായി നേരിടുന്നതിനുള്ള ആത്മധൈര്യവും പ്രചോദനവും നമ്മിലേക്ക് പകര്‍ന്നിടുകയാണ് ഓരോ കോണ്‍ഫറന്‍സും . ദൈവവചനം പങ്ക് വെക്കപ്പെടുന്ന ഈ കൂട്ടായ്മയില്‍ പങ്കുചേര്‍ന്ന് മറ്റ് കുടുംബങ്ങളുമായി, ആത്മീയതയുടെ ഈ തിരക്കിലേക്ക്, നമുക്ക് ഒത്തുചേരാം എന്ന് ജോയിന്റ് സെക്രട്ടറി ആശാ ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു..

കോണ്‍ഫറന്‍സ് വേദിയിലേക്ക് എത്തും മുന്‍പ് ഒരു നിമിഷം ശ്രദ്ധിക്കൂ.

ജൂലൈ 15 ബുധനാഴ്ച വിന്‍ഡ്ഹം ലാങ്കസ്റ്ററില്‍ ആരംഭിക്കുന്ന ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിലേക്ക് ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നു. യാത്ര തിരിക്കുന്നതിന് മുന്‍പായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കായി സംഘാടക സമിതി പുറപ്പെടുവിച്ച പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സെക്രട്ടറി ജെയ്സണ്‍ തോമസ് പങ്കുവെച്ചു . പ്രധാന നിര്‍ദ്ദേശങ്ങളുടെ ചുരുക്കം താഴെ നല്‍കുന്നു:

രജിസ്‌ട്രേഷനും താമസസൗകര്യവും:

ഉദ്ഘാടന ദിവസം (ബുധനാഴ്ച) ഉച്ചയ്ക്ക് 12:00 മണി മുതല്‍ ഹോട്ടലിന്റെ പ്രധാന കവാടത്തിലുള്ള ലാംപീറ്റര്‍ എക്‌സിബിറ്റ് ഹാളില്‍ (Lampeter Exhibit Hall) രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

ഹോട്ടലില്‍ എത്തുമ്പോള്‍ ആദ്യം ലഗേജുകള്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. ആദ്യം രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തി കോണ്‍ഫറന്‍സ് മെറ്റീരിയലുകളും റൂം കീയും കൈപ്പറ്റിയ ശേഷം മാത്രം ലഗേജുകള്‍ മുറികളിലേക്ക് മാറ്റാന്‍ ശ്രദ്ധിക്കുക.

ബുധനാഴ്ച വൈകുന്നേരത്തെ പരിപാടികള്‍:

ബുധനാഴ്ച വൈകുന്നേരം 4:00 മണിക്ക് ഡിന്നറോടെ കോണ്‍ഫറന്‍സ് നടപടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് 5:30-ന് അതത് ചര്‍ച്ച് ഏരിയകളുടെ നിശ്ചിത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടുള്ള പ്രൗഢഗംഭീരമായ ഉദ്ഘാടന ഘോഷയാത്ര നടക്കും. 6:30-ന് സന്ധ്യാനമസ്‌കാരത്തെ തുടര്‍ന്ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും.

കോണ്‍ഫറന്‍സിന്റെ ഭാഗമായി നടക്കുന്ന സ്‌പോര്‍ട്‌സ് ദിനത്തിലേക്കായി സൗകര്യപ്രദമായ വസ്ത്രങ്ങളും ഷൂസും കരുതണം. കൂടാതെ ഹോട്ടലിലെ സ്വിമ്മിംഗ് പൂള്‍ സൗകര്യം ഉപയോഗിക്കാന്‍ താല്പര്യമുള്ളവര്‍ നീന്തല്‍ വസ്ത്രങ്ങള്‍ കരുതേണ്ടതാണ്. മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ അവ കൈയില്‍ കരുതേണ്ടതാണ്. വ്യാഴാഴ്ച രാത്രി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് താല്പര്യമെങ്കില്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രങ്ങളോ ഫോര്‍മല്‍ വസ്ത്രങ്ങളോ ധരിക്കാവുന്നതാണ്.

വിശുദ്ധ കുര്‍ബാനയ്ക്കുള്ള പ്രത്യേക വസ്ത്രധാരണം (ശനിയാഴ്ച്ച):

കുര്‍ബാനയില്‍ പങ്കാളികളാകുന്ന 21 വയസ്സിന് മുകളിലുള്ള വനിതകള്‍ക്ക് കോണ്‍ഫറന്‍സില്‍ നിന്നും ഓഫ്-വൈറ്റ് (ക്രീം) സാരികള്‍ നല്‍കുന്നതാണ്. ഇതിനൊപ്പം ധരിക്കാനായി ഗോള്‍ഡ്, ക്രീം, അല്ലെങ്കില്‍ മജന്ത നിറത്തിലുള്ള ബ്ലൗസ് പ്രതിനിധികള്‍ കരുതേണ്ടതാണ്. 21 വയസ്സിന് മുകളിലുള്ള പുരുഷന്മാര്‍ക്കായി കോണ്‍ഫറന്‍സിന്റെ പ്രത്യേക മജന്ത ടൈ നല്‍കുന്നതായിരിക്കും.

കോണ്‍ഫറന്‍സ് സംബന്ധിച്ച തത്സമയ അറിയിപ്പുകള്‍ ‘NEAD WhatsApp Community’ ഗ്രൂപ്പിലൂടെ പങ്കുവെക്കുന്നതാണെന്നും, എല്ലാ പ്രതിനിധികള്‍ക്കും സുരക്ഷിതമായ യാത്ര ആശംസിക്കുന്നതായും സംഘാടകര്‍ ആശംസിച്ചു.

വിവരങ്ങള്‍ക്ക് :
കോര്‍ഡിനേറ്റര്‍: ഫാ. അലക്‌സ് കെ. ജോയി (ഫോണ്‍: 973-489-6440)
fyc@neamericandiocese.org

സെക്രട്ടറി: ജെയ്സണ്‍ തോമസ് (ഫോണ്‍: 917-612-8832)

ട്രഷറാര്‍ : ജോണ്‍ (സജി) താമരവേലില്‍ (ഫോണ്‍ : 917-533-3566)
Let us deepen our faith and find fulfillment on the paths of the Word… Come, Lancaster is ready.

Share Email
Top