വാഷിംഗ്ടണ്‍: ടെന്നസി മുതല്‍ വെസ്റ്റ് വിര്‍ജീനിയ വരെയുളള പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനുമുള്ള സാധ്യത തുടരുന്നു. ഈ മേഖലയില്‍ ഞായറാഴ്ച്ചയും അതിശക്ത മായ മഴ പെയ്തിറങ്ങുന്നതിനാല്‍ വെള്ളപ്പൊക്കഭീഷണി നിലനില്ക്കുന്നു. നാഷ്വില്‍, ലെക്‌സിങ്ടണ്‍, വെസ്റ്റ് വിര്‍ജീനിയയിലെ ചാള്‍സ്റ്റണ്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി നഗരങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുന്നു. തെക്കന്‍ വെസ്റ്റ് വിര്‍ജീനിയയിലെ ഹണ്ടിങ്ടണ്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടായി.
കരോലിന സംസ്ഥാനത്തും ഷാര്‍ലറ്റ്, ചാള്‍സ്റ്റണ്‍, ജോര്‍ജിയയിലെ സവാന എന്നിവിടങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വാരാന്ത്യത്തില്‍ മിസൗറി സംസ്ഥാനത്തു കനത്ത വെള്ളപ്പൊക്കമുണ്ടായി. നൂറുകണക്കിന് പേരെ രക്ഷാപ്രവര്‍ത്തകര്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തി. റെനോള്‍ഡ്‌സ് കൗണ്ടിയിലെ ക്യാമ്പ് ടോം സോക് എന്ന ക്യാമ്പിലുണ്ടായിരുന്ന 160-ലധികം കൗമാരക്കാരെയും സുരക്ഷിതരായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
മിസൗറിയിലെ ക്രോഫോര്‍ഡ് കൗണ്ടിയില്‍ കാണാതായിരുന്ന ഫെയ്ത് ഗ്രിഗറി എന്ന യുവതിയുടെ മൃതദേഹം ശനിയാഴ്ച ഹുസ്സാ ക്രീക്കിലെ അവരുടെ വീടിന് ഏകദേശം രണ്ട് മൈല്‍ താഴെയായി കണ്ടെത്തിയതായി കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലകളിലും വടക്കന്‍ സമതല പ്രദേശങ്ങളിലും അതിശക്തമായ ചൂട് അനുഭവപ്പെടുകയാണ്. മൊണ്ടാന മുതല്‍ മിന്നസോട്ട വരെ നിരവധി സ്ഥലങ്ങളില്‍ ഞായര്‍ തിങ്കള്‍ ദിവസങ്ങളിലെ റിക്കാര്‍ഡ് ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കി. തെക്കന്‍ കാലിഫോര്‍ണിയ മുതല്‍ മൊണ്ടാനയും മിന്നസോട്ടയും വരെ ചൂട് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. യൂട്ടാ, കിഴക്കന്‍ മൊണ്ടാന, മിന്നസോട്ട എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങളില്‍ അതിതീവ്ര ചൂട് മുന്നറിയിപ്പും നിലവിലുണ്ട്. സാള്‍ട്ട് ലേക്ക് സിറ്റി, ബില്ലിംഗ്‌സ്, ബിസ്മാര്‍ക്ക്, ഡുലൂത്ത് എന്നിവയും മുന്നറിയിപ്പുള്ള നഗരങ്ങളില്‍ ഉള്‍പ്പെടുന്നു.ഞായറാഴ്ച ഉച്ചയോടെ ഇന്റര്‍മൗണ്ടന്‍ വെസ്റ്റിലെ പല പ്രദേശങ്ങളിലും താപനില 100 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളിലെത്തി. മൊണ്ടാനയുടെയും വയോമിങിന്റെയും ചില ഭാഗങ്ങളില്‍ 110 ഡിഗ്രി ഫാരന്‍ഹീറ്റും കടന്നു.
തിങ്കളാഴ്ച മുതല്‍ അതിശക്തമായ ചൂട് ഡക്കോട്ട സംസ്ഥാനങ്ങളിലേക്കും മിഡ്വെസ്റ്റിലേക്കും വ്യാപിക്കുമെന്നാണ് പ്രവചനം. നോര്‍ത്ത് ഡക്കോട്ടയിലെ ഫാര്‍ഗോയില്‍ താപനില ഏകദേശം 100 ഡിഗ്രി ഫാരന്‍ഹീറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.അതിതീവ്ര ചൂടും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും ചേര്‍ന്ന് വാഷിങ്ടണ്‍, ഒറിഗണ്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള വടക്കുപടിഞ്ഞാ റന്‍ മേഖലകളില്‍ കാട്ടുതീ ഭീഷണി വര്‍ധിപ്പിക്കുകയാണ്. അമേരിക്കയുടെ പടിഞ്ഞാറന്‍ മേഖലയുടെ മൂന്നില്‍ രണ്ട് ഭാഗത്തിലേറെയും വിവിധ തോതിലുള്ള വരള്‍ച്ച അനുഭവിക്കുകയാണ്.
Risk of flash floods and thunderstorms from Tennessee to West Virginia; extreme heat in western regions; USA grappling with weather extremes.
















