വാഷിങ്ടണ്‍: ഇറാനെതിരായ അമേരിക്കന്‍ വ്യോമാക്രമണം 13-ാംദിവസവും തുടര്‍ന്നതിനിടെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി വിമതര്‍ ചെങ്കടലില്‍ സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിച്ചതായി അവകാശപ്പെട്ടു. പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായതോടെ ആഗോളഎണ്ണ വിതരണത്തില്‍ല്‍ ആശങ്ക ശക്തമായി. ബ്രെന്റ് ക്രൂഡ് എണ്ണവില ആറു ശതമാനത്തിലേറെ ഉയര്‍ന്ന് ബാരലിന് 100 ഡോളറിലെത്തി. മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെയാണ് ബാബ് അല്‍-മന്ദേബ് കടലിടുക്കിലേക്കും ആക്രമണ ഭീഷണി വ്യാപിച്ചത്. ലോകത്തിലെ പ്രധാന എണ്ണ-വ്യാപാര കപ്പല്‍പ്പാതകളിലൊന്നായ ഈ മേഖലയിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഇതോടെ വര്‍ധിച്ചു.
13-ാം ദിവസവും അമേരിക്കന്‍ വ്യോമാക്രമണം
പ്രാദേശിക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന വാണിജ്യക്കപ്പലുകള്‍ക്കും സാധാരണ കപ്പല്‍ഗതാഗതത്തിനുമുള്ള ഇറാന്റെ ഭീഷണി കുറയ്ക്കുകയാണ് പുതിയ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ലോകത്തെ എണ്ണ-വാതക കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ ബദല്‍ കടല്‍മാര്‍ഗങ്ങള്‍ തേടുകയാണ് വിവിധ രാജ്യങ്ങള്‍.
ട്രംപിന്റെ മുന്നറിയിപ്പ്
ഹൂത്തികള്‍ വീണ്ടും കപ്പലുകള്‍ ആക്രമിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂത്തികള്‍ ഇറാന്റെ പ്രതിനിധികളാണ്. അവര്‍ വീണ്ടും ആക്രമിച്ചാല്‍ ഇറാനും ഹൂത്തികളും കടുത്ത സൈനിക നടപടികള്‍ നേരിടേണ്ടിവരും,’ ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ഇറാന്റെ മരവിപ്പിച്ച ഫണ്ടുകളില്‍ നിന്നുള്ള തുക കപ്പലുകള്‍ക്കും ചരക്കുകള്‍ക്കുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വിശദീകരണം നല്‍കിയില്ല.
രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിച്ചെന്ന് ഹൂത്തികള്‍
ഹൂത്തി വിമതരുടെ വാര്‍ത്താ ഏജന്‍സിയായ സബായുടെ റിപ്പോര്‍ട്ട് പ്രകാരം എന്‍സീലിയ , ലൈലഎന്നീ സൗദി എണ്ണക്കപ്പലുകളെയാണ് ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് രണ്ട് കപ്പലുകളിലും തീപിടിത്തമുണ്ടായതായി ഹൂത്തികള്‍ അവകാശപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സൗദി അറേബ്യയുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്ക് ബാബ് അല്‍-മന്ദേബ് കടലിടുക്കിലൂടെ യാത്ര വിലക്കിയതായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്. യെമനിനെതിരായ സൗദിയുടെ ഉപരോധത്തിനും സനായ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിനുമുള്ള പ്രതികാരമാണിതെന്നാണ് ഹൂത്തികളുടെ വിശദീകരണം.സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും എന്‍സീലിയ കപ്പലില്‍ തീപിടിത്തമുണ്ടായതായി സ്ഥിരീകരിച്ചെങ്കിലും ലൈല കപ്പലിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ആഗോള വ്യാപാരത്തിന് തിരിച്ചടി
ചെങ്കടലിനെയും ഏദന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദേബ് കടലിടുക്ക് ലോക വ്യാപാരത്തിലെ ഏറ്റവും നിര്‍ണായകമായ സമുദ്രപാതകളിലൊന്നാണ്. ആഗോള വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനവും ലോക കണ്ടെയ്നര്‍ ചരക്കുനീക്കത്തിന്റെ നാലിലൊന്നും ഈ വഴിയാണ് നടക്കുന്നത്.ഹൂത്തികളുടെ ആക്രമണം സൗദി അറേബ്യയുടെ യാന്‍ബു തുറമുഖത്തില്‍ നിന്നുള്ള എണ്ണക്കയറ്റുമതിയെയും ബാധിക്കുമെന്ന് സമുദ്രവ്യാപാര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ ആഗോള എണ്ണവിപണിയില്‍ അനിശ്ചിതത്വം വര്‍ധിച്ചിരിക്കുകയാണ്.
ഇറാനും അമേരിക്കയും വാക്പോര് തുടരുന്നു
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ ഗതാഗതം നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് ‘കണ്ണിന് കണ്ണ്’ എന്ന നയം സ്വീകരിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറഖ്ചി വ്യക്തമാക്കി.അതേസമയം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ‘ട്രംപിന്റെ നയം ‘കണ്ണിന് തല’ എന്നതാണ്. ഇറാന്‍ യാഥാര്‍ഥ്യം തിരിച്ചറിയുന്നതുവരെ ഓരോ രാത്രിയും അവര്‍ നല്‍കേണ്ട വില കൂടിക്കൊണ്ടിരിക്കും,’ എന്ന് പ്രതികരിച്ചു.ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജൂണ്‍ 27 മുതല്‍ തുടരുന്ന അമേരിക്കന്‍ ആക്രമണങ്ങളില്‍ 55 പേര്‍ കൊല്ലപ്പെടുകയും 629 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലും സംഘര്‍ഷം
അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ കേന്ദ്രങ്ങളും കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളും ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.ജോര്‍ദാന്‍ മൂന്ന് മിസൈലുകള്‍ തകര്‍ത്തതായി അറിയിച്ചു. ബഹ്‌റൈനില്‍ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയതോടെ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. കുവൈറ്റ്-ഇറാഖ് അതിര്‍ത്തിയിലും ഡ്രോണ്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.സംഘര്‍ഷത്തിനിടെ സമാധാന ശ്രമങ്ങളും തുടരുകയാണ്. ഇറാഖ് പ്രധാനമന്ത്രി അലി അല്‍-സൈദി ടെഹ്‌റാനിലെത്തി സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്തു. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഇറാഖിന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, മേഖല കൂടുതല്‍ വ്യാപകമായ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കി.നയതന്ത്രമാണ് മുന്നോട്ടുള്ള ഏക മാര്‍ഗം. സംഭാഷണത്തിലൂടെയും മധ്യസ്ഥശ്രമങ്ങളിലൂടെയും മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ,’ അദ്ദേഹം പറഞ്ഞു.അമേരിക്കയില്‍ യുദ്ധത്തിനെതിരായ ജനവികാരം ശക്തമാണെന്നും അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും ഇറാനെതിരായ സൈനിക നടപടി തുടരുന്ന സാഹചര്യത്തില്‍ പശ്ചിമേഷ്യയിലെ പ്രധാന സമുദ്ര-ഊര്‍ജ പാതകളിലെ അനിശ്ചിതത്വവും സംഘര്‍ഷവും കൂടുതല്‍ രൂക്ഷമാകുകയാണ്.
US intensifies attacks against Iran for the 13th consecutive day; Houthi attack on Saudi oil tankers in the Red Sea causes global oil prices to surge
















