വാഷിംഗ്ടണ്‍: ദേശീയ സുരക്ഷാ ആശങ്കകള്‍മുന്‍നിര്‍ത്തി വിദേശ നിര്‍മിത ഹ്യൂമനോയിഡ് റോബോട്ടുകളുടെയും പവര്‍ ഇന്‍വെര്‍ട്ടറുകളുടെയും ഇറക്കുമതിക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. യു.എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ പഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രധാനമായും ചൈനയെ ലക്ഷ്യമിടുന്നതാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ നീക്കത്തില്‍ ചൈന ശക്തമായി പ്രതിഷേധിച്ചു. സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അമേരിക്ക സന്ദര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ നടപടി.
പുതിയ നിയന്ത്രണത്തില്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്ക് പുറമെ നാലുകാലുള്ള റോബോട്ടുകള്‍ഉള്‍പ്പെടെയുള്ള ആധുനിക റോബോട്ടുകളുടെയും ഇറക്കുമതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങള്‍ സൈബര്‍ സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാകാമെന്നും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഉല്‍പ്പാദനം അമേരിക്കയുടെ വിതരണ ശൃംഖലയെ ദുര്‍ബലമാക്കുമെന്നും എഫ്സിസി വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ സംവിധാനങ്ങള്‍, ഡാറ്റാ സെന്ററുകള്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുന്ന പവര്‍ ഇന്‍വെര്‍ട്ടറുകള്‍ക്കും പുതിയ വിലക്ക് ബാധകമാകും.
അമേരിക്കയുടെ നിര്‍ണായക വിതരണ ശൃംഖല സുരക്ഷിതമാക്കാനാണ് നടപടിയെന്ന് എഫ്സിസി ചെയര്‍മാന്‍ ബ്രെന്‍ഡന്‍ കാര്‍ പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കും അത്യാധുനിക സാങ്കേതികവിദ്യയുടെ കയറ്റുമതിക്കും അമേരിക്ക നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ചൈനീസ് ഓപ്പണ്‍ സോഴ്സ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകളുടെ ഉപയോഗത്തിലും അമേരിക്ക കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള ഹ്യൂമനോയിഡ് റോബോട്ട് വിപണിയുടെ ഏകദേശം 85 ശതമാനവും ചൈനയുടെ നിയന്ത്രണത്തിലാണെന്നാണ് കണക്കുകള്‍. 2025-ല്‍ ലോകത്ത് വിതരണം ചെയ്ത ഏകദേശം 15,000 ഹ്യൂമനോയിഡ് റോബോട്ടുകളില്‍ ചൈനയിലെ യൂണിട്രീ എജിബോട്ട് (എന്നീ കമ്പനികള്‍ 5,000-ത്തിലധികം യൂണിറ്റുകള്‍ വീതം വിതരണം ചെയ്തിരുന്നു. അമേരിക്കന്‍ വിപണിയിലേക്കുള്ള ചൈനീസ് കമ്പനികളുടെ പ്രവേശനം തടയുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കയുടെ നടപടി ദേശീയ സുരക്ഷയുടെ പേരില്‍ ചൈനീസ് കമ്പനികളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബെയ്ജിങ് വ്യക്തമാക്കി. . സംരക്ഷണവാദം അമേരിക്കയെ കൂടുതല്‍ മത്സരക്ഷമമാക്കില്ലെന്നും, മറിച്ച് അമേരിക്കന്‍ കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും തന്നെ തിരിച്ചടിയാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.
US makes new move targeting China; ban on foreign-made humanoid robots in the US.
















