ഡാലസ്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രവും പൈതൃകവും വിശ്വാസവും ആരാധനാപാരമ്പര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ‘A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു.
വടക്കേ അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ പള്ളിയില്‍ 2026 ആഗസ്റ്റ് 23-ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഗ്രന്ഥം ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഡാലസില്‍ നടന്ന MTVEA 18-ാമത് ഭദ്രാസന കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പ്രകാശന ചടങ്ങ്.
ഗ്രന്ഥകാരനും ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ്മാ ഇടവകാംഗവും, വടക്കേ അമേരിക്ക ഭദ്രാസനത്തിന്റെ നിയമോപദേശകനും Legal Affairs Committee (LAC) അംഗവുമായ അഡ്വ. ലാല്‍ വര്‍ഗീസിനെ അഭിനന്ദിച്ചുകൊണ്ടാണ് തിരുമേനി ഗ്രന്ഥം പ്രകാശനം ചെയ്തത്.
”മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രത്തെക്കുറിച്ച് സമഗ്രവും എന്നാല്‍ സംക്ഷിപ്തവുമായ ഒരു വിവരണം ഈ ഗ്രന്ഥം നല്‍കുന്നു. സഭയുടെ ചരിത്രം, പൈതൃകം, വിശ്വാസം, ആരാധനാക്രമം, പൊതുവായ ആരാധനാരീതി, ആചാരങ്ങള്‍ എന്നിവയ്ക്ക് ഗ്രന്ഥത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. നമ്മുടെ സഭയുടെ വിശ്വാസവും പൈതൃകവും മനസ്സിലാക്കാനും സംരക്ഷിക്കാനും വരുംതലമുറകള്‍ക്ക് കൈമാറാനും യുവതലമുറയെ പ്രാപ്തരാക്കുക എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന ലക്ഷ്യം,” തിരുമേനി പറഞ്ഞു.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ചരിത്രം സഭയുടെ അചഞ്ചലമായ വിശ്വാസത്തിന്റെയും നവീകരണ മനോഭാവത്തിന്റെയും സുവിശേഷമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പൗരസ്ത്യ സഭയുടെ സമ്പന്നമായ പാരമ്പര്യത്തില്‍ വേരൂന്നി നില്‍ക്കുന്നതിന്റെയും സാക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പൈതൃകം മനസ്സിലാക്കുന്നത് വരുംതലമുറകള്‍ക്ക് സഭയുടെ ഉത്ഭവവും വളര്‍ച്ചയും മാത്രമല്ല, സഭയെ രൂപപ്പെടുത്തിയ വിശ്വാസവും മൂല്യങ്ങളും ബോധ്യങ്ങളും മനസ്സിലാക്കുന്നതിനും അനിവാര്യമാണെന്നും തിരുമേനി അഭിപ്രായപ്പെട്ടു.
സഭയിലെ എല്ലാ വിശ്വാസികളും, പ്രത്യേകിച്ച് യുവജനങ്ങളും യുവാക്കളും സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഈ ഗ്രന്ഥം വാങ്ങി വായിക്കണമെന്ന് തിരുമേനി ആഹ്വാനം ചെയ്തു. തങ്ങള്‍ അംഗങ്ങളായിരിക്കുന്ന സഭയുടെ ചരിത്രം, വിശ്വാസം, പാരമ്പര്യം, ആരാധനാക്രമം, പൈതൃകം എന്നിവ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ ഗ്രന്ഥം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ പുസ്തകത്തിന്റെ വില്‍പ്പനയില്‍ നിന്നുള്ള മുഴുവന്‍ തുകയും കേരളത്തിലെ ആലുവ സാന്തിഗിരി ആശ്രമം രൂപീകരിച്ചിട്ടുള്ള എന്‍ഡോവ്‌മെന്റ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതാണ്. ആലുവയിലെ ആശ്രമത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന, പ്രധാനമായും ഹിന്ദു, മുസ്ലിം കുടുംബങ്ങളില്‍പ്പെട്ട കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കുന്നതിനായാണ് ഈ എന്‍ഡോവ്‌മെന്റ് ഫണ്ട് ഉപയോഗിക്കുന്നത്.
പുസ്തകം Amazon Kindle, Paperback, Hardcover പതിപ്പുകളില്‍ ലഭ്യമാണ്. പുസ്തകം വാങ്ങുന്നതിലൂടെ സഭയുടെ ചരിത്രവും പൈതൃകവും മനസ്സിലാക്കുന്നതിനോടൊപ്പം കേരളത്തിലെ അര്‍ഹരായ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സഹായം നല്‍കാനും സാധിക്കുമെന്ന് അഡ്വ. ലാല്‍ വര്‍ഗീസ് അറിയിച്ചു.
സഭാംഗങ്ങളും അഭ്യുദയകാംക്ഷികളും പുസ്തകത്തിന്റെ ഒരു കോപ്പി വാങ്ങി ഈ വിദ്യാഭ്യാസ സഹായ പദ്ധതിയോട് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. Amazon-ല്‍ നിന്ന് പുസ്തകം വാങ്ങുന്നതിനുള്ള ലിങ്ക് താഴെ നല്‍കിയിരിക്കുന്നു.
‘A Faith Journey’: Book on the history of the Malankara Mar Thoma Syrian Church released.

















