swayamvara
pulimoottil

വിസ്മയ അരങ്ങേറ്റം; മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു മീനു

വിസ്മയ അരങ്ങേറ്റം; മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു മീനു

ലിന്‍സി ഫിലിപ്പ്‌സ്

പുലിക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ല ; ഇതാണ് വിസ്മയ മോഹന്‍ലാലിനെ കുറിച്ച് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു നായികയായി മലയാളികളുടെ മനസ്സിലേക്ക് ഇടം പിടിച്ചിരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍. നടന വിസ്മയവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ പ്രിയ ലാലേട്ടന്റെ മകളാണ് വിസ്മയ.

മലയാളക്കരയിലേക്ക് മീനുവായി എത്തി പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ താര പുത്രി. പലരും ചോദിക്കുന്നുണ്ട് ഇത്രയും നാളും വിസ്മയ എവിടെയായിരുന്നുവെന്ന്. ആദ്യ ചിത്രത്തില്‍ തന്നെ ഏറ്റവും മികവോടെ സമൂഹത്തില്‍ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒരു നായികയായി വിസ്മയയുടെ മീനു മാറി.

മീനുവിന്റെ ജീവിതത്തില്‍ അവിചാരിതമായി ഒരു ദിവസം സംഭവിക്കുന്ന സംഭവവികാസത്തില്‍ നിന്നും ഉടലെടുക്കുന്ന കഥ. പക്ഷേ അത്തരത്തില്‍ ഒരു സംഭവം നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ടായാല്‍ നാം ഒരിക്കലും അത്രയ്ക്കും ധൈര്യം ഏറ്റെടുക്കുകയില്ല. കണ്ടിട്ടും കാണാതെ പോകുന്നവരായി നാം പോകും. മീനു അവിടെ വ്യത്യസ്തമായി ചിന്തിക്കുകയാണ്.

പല കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരു കുറ്റവാളി മീനുവിന്റെ ഗ്രാമത്തില്‍ എത്തുന്നു. തന്നോട് മോശമായി പെരുമാറിയ ആ കുറ്റവാളിയായ ചെറുപ്പക്കാരനെ ചോദ്യം ചെയ്യുന്നതിലൂടെയാണ് കഥ മുന്നോട്ടു നീങ്ങുന്നത്. മീനുവിനെ കണ്ടെത്തി പ്രതികാരം ചെയ്യുവാന്‍ ആ കുറ്റവാളിയും ശ്രമിക്കുന്നു. മീനുവിന് അയാളില്‍ നിന്നും അക്രമം നേരിടേണ്ടി വരുന്നു. അവിടെ ശക്തമായി മീനു പ്രതിരോധിക്കുന്ന കാഴ്ചയും കാണാം.

മീനുവിനെ സഹായിക്കാന്‍ മീനുവിന്റെ വളര്‍ത്തുനായ മെസ്സിയും ഒപ്പമുണ്ട്. മീനുവും മെസ്സിയും തമ്മിലുള്ള സ്‌നേഹവും കരുതലും കാണിക്കുന്ന നല്ല ചില രംഗങ്ങള്‍ ഈ ചിത്രത്തില്‍ ഉടനീളം ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഇതിലെ വില്ലന്‍ കഥാപാത്രം ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് ജോ ആന്റണിയാണ്. ഒരു വില്ലന് വേണ്ട മാനറിസവും ആശിഷ് അവിടെ കൊണ്ടുവന്നിട്ടുണ്ട് എന്നത് ചിത്രത്തിന്റെ വിജയത്തിന് മറ്റൊരു കാരണമാണ്.

ഒരു കേസുമായി ഒരു പിതാവ് പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ആ വ്യക്തിക്ക് നേരിടേണ്ടിവരുന്ന വ്യക്തിഹത്യയും ചിത്രത്തില്‍ പറയുന്നു. കാര്യമോ പ്രശ്‌നമോ ഒന്നും മനസ്സിലാക്കാതെ കേട്ട പാതി ചില പോലീസുകാര്‍ പരാതിക്കാരുടെ വിഷയങ്ങളില്‍ അന്തിമവിധി കല്‍പ്പിക്കും. അത്തരത്തിലുള്ള രംഗങ്ങളും ചിത്രത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

എന്നാല്‍ നന്മയുള്ള പോലീസുകാരും അക്കൂട്ടത്തില്‍ ഉണ്ട്. മനോജ് കെ ജയന്‍ നന്മയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് വേഷമിട്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജനമൈത്രി പോലീസിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അദ്ദേഹത്തിന്റെ കഥാപാത്രം. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും അതിഥി താരങ്ങളായി എത്തുന്നുണ്ട്.

ഒരു പെണ്‍കുട്ടിക്ക് ആക്രമണം നേരിടേണ്ടി വരുമ്പോള്‍ അവള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഒറ്റപ്പെട്ടേക്കാം. ഒരുപക്ഷേ മാറ്റി നിര്‍ത്തിയേക്കാം. എന്നാല്‍, ആ ഒറ്റപ്പെടലില്‍ നിന്നും മീനു പുറത്തുവരുകയും പോരാടുകയും ചെയ്യുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ജൂഡ് ആന്റണിയുടെ ചിത്രങ്ങള്‍ എടുക്കാമെങ്കില്‍ പ്രണയത്തിന്റെ ശാന്തി പകര്‍ന്ന ഓം ശാന്തി ഓശാനയില്‍ പൂജയാണ് ഗിരിയെ പ്രേമിക്കുന്നത്.അല്ലാതെ ഗിരി അല്ല പൂജയെ പ്രേമിക്കുന്നത്. അതേപോലെ വ്യത്യസ്തമായ കഥ പറഞ്ഞ ചിത്രങ്ങളാണ് ഒരു മുത്തശ്ശി ഗഥയും അന്നാ ബെന്നിന്റെ സാറാസും. ഈ ചിത്രങ്ങളിലൊക്കെ സ്ത്രീകള്‍ക്കാണ് മുഖ്യപ്രാധാന്യം ജൂഡ് നല്‍കിയിരുന്നത്.

അതേപോലെ തന്നെയാണ് തുടക്കത്തിലും. ഒരു പെണ്‍കുട്ടി; അവള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടില്‍ നിന്നും അവള്‍ക്ക് അവളുടെ അമ്മ ചെറുപ്പത്തില്‍ പറഞ്ഞുകൊടുത്ത നല്ല ഗുണപാഠത്തില്‍ നിന്നും ആര്‍ജ്ജവം ഉള്‍ക്കൊണ്ട് പുറത്തുവരുന്ന കാഴ്ച. അമ്മയുടെ വാക്ക് കേള്‍ക്കുന്ന മീനു അച്ഛന്റെ പൊന്നോമന പുത്രിയും ആണ്. മീനുവിന്റെ അച്ഛനായി വേഷമിട്ടത് സായികുമാറാണ്. അമ്മയായി ചിപ്പിയും. വളരെ നാളുകള്‍ക്ക് ശേഷമാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ചിപ്പി ബിഗ് സ്‌ക്രീനിലേക്ക് വരുന്നത്.

സമൂഹം എപ്പോഴും കേള്‍ക്കുന്നതിന് പിറകെ പോകുന്നു എന്നും പിന്നീട് സത്യം മനസ്സിലാക്കി കഴിയുമ്പോള്‍ അഭിമാനത്തോടെ ചേര്‍ത്തു പിടിക്കുമെന്നും ചിത്രം പറഞ്ഞുവെയ്ക്കുന്നു. സാമൂഹ്യവിപത്തായ ലഹരിയെ ഒഴിവാക്കേണ്ട ആവശ്യകതയെ പറ്റിയും പെണ്‍കുട്ടികള്‍ സ്വയം രക്ഷക്കായി മാര്‍ഷല്‍ ആര്‍ട്‌സ് പഠിച്ചിരിക്കേണ്ട ആവശ്യകതയും ചിത്രത്തില്‍ പരാമര്‍ശിക്കുന്നു.

ജേക്‌സ് ബിജോയുടെ സംഗീത മികവ് അസാധ്യം തന്നെ. ഓഫീസര്‍ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെ മലയാളികളെ ഹരം പിടിപ്പിച്ചതാണ് ആ സംഗീത മാസ്മരികത. തുടക്കം ചിത്രത്തിലും ആ മാന്ത്രിക യാത്ര തുടരുകയാണ്. മലയാളികളുടെ വാനമ്പാടിയായ കെ.എസ് ചിത്ര ആലപിച്ച തളിരോമലെ എന്ന ഗാനം ഇതിനോടകം മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തുപിടിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ബോബി കുര്യന്‍, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയവര്‍.

a-stunning-debut-meenu-has-won-a-place-in-the-hearts-of-malayalis

Share Email
LATEST excelnclexrn
More Articles
Top