swayamvara
pulimoottil

വിര്‍ജീനിയയില്‍ പാര്‍ക്കിംഗ് ഏരിയയില്‍ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വിര്‍ജീനിയയില്‍ പാര്‍ക്കിംഗ് ഏരിയയില്‍ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

വാഷിംഗ്ടണ്‍: വിര്‍ജീനിയയിലെ മക്ലീനില്‍ പാര്‍ക്കിങ് ഏരിയയില്‍ യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ പ്രഭാത സവാരി നടത്തിയ ഒരാളാണ് കാറിന് സമീപം അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ കണ്ടത്. ഗ്രേറ്റ് ഫാള്‍സ് മേഖലയിലെ ട്രെയിലറുകളുടെ പാര്‍ക്കിംഗ് ഏരിയയിലായിരുന്നു കാര്‍ നിര്‍ത്തിയിരുന്നത്.

ഫെയര്‍ഫാക്‌സ് കൗണ്ടി പൊലീസ് ക്യാപ്റ്റന്‍ ജേസണ്‍ ചാന്‍ഡ്‌ലറാണ ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. യുവതിയുടെ ശരീരത്തിന്റെ മുകള്‍ഭാഗത്ത് ഗുരുതരമായ പരിക്കുകള്‍ കണ്ടെത്തിയതായും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. യുവതിക്ക് എങ്ങനെയാണ് പരിക്കേറ്റതെന്നതടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

സംഭവത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, അന്വേഷണ ഉദ്യോഗസ്ഥര്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സജീവമായി അന്വേഷണം തുടരുകയാണെന്ന് ചാന്‍ഡ്‌ലര്‍ പറഞ്ഞു. ഇത് യാദൃശ്ചികമായി നടന്ന ആക്രമണമാണെന്ന് കരുതാന്‍ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യമോ പ്രതിയുമായി യുവതിക്ക് മുന്‍പരിചയമോ ഉണ്ടായിരുന്നോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കി തെളിവുകള്‍ ശേഖരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. യുവതിയുടെ വ്യക്തിവിവരങ്ങളോ സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി സമീപ പ്രദേശങ്ങളിലെ വിവരങ്ങളും ലഭ്യമായ തെളിവുകളും പരിശോധിച്ചുവരികയാണ്.

A young woman was found stabbed to death in a parking area in Virginia.

Share Email
Top