swayamvara
pulimoottil

ആവണിത്തെന്നല്‍ 2026′;ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

ആവണിത്തെന്നല്‍ 2026′;ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി

അജു വാരിക്കാട്

ലീഗ് സിറ്റി (ടെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ (MSOLC) പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷമായ ‘ആവണിത്തെന്നല്‍ 2026’ വര്‍ണാഭമായ പരിപാടികളോടെ പ്രൗഢഗംഭീരമായി നടന്നു. ഓഗസ്റ്റ് 15-ന് ലീഗ് സിറ്റിയിലെ ജോണി അരോള്‍ഫോ സിവിക് സെന്ററില്‍ അരങ്ങേറിയ ആഘോഷത്തില്‍ പ്രവാസി മലയാളി കുടുംബങ്ങളുടെ വന്‍ പങ്കാളിത്തമാണ് ദൃശ്യമായത്.

പതിനൊന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സമാജത്തിന്റെ ചരിത്രത്തില്‍ ഏറെ പുതുമകളും വൈവിധ്യങ്ങളും നിറഞ്ഞ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരുന്നതെന്ന് സമാജം പ്രസിഡന്റ് ബിജോ സെബാസ്റ്റ്യന്‍, സെക്രട്ടറി ഡോ. ജേക്കബ് തെരുവത്ത് എന്നിവര്‍ വ്യക്തമാക്കി.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം. തുടര്‍ന്ന് കേരളത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്ന സാംസ്‌കാരിക ഘോഷയാത്ര, പുലികളി, നാടന്‍പാട്ടുകള്‍, വിവിധ നൃത്ത-സംഗീത വിരുന്നുകള്‍ എന്നിവ അരങ്ങേറി.

ലീഗ് സിറ്റി മേയര്‍ നിക്ക് ലോങ്, ഗാല്‍വസ്റ്റണ്‍ കൗണ്ടി ഷെരിഫ് ജിമ്മി ഫുള്ളന്‍ എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഗാല്‍വസ്റ്റണ്‍ കൗണ്ടിയിലെയും ലീഗ് സിറ്റിയിലെയും വിവിധ സര്‍ക്കാര്‍ പ്രതിനിധികളും സാംസ്‌കാരിക നായകരും പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

സമൂഹത്തിന് നല്‍കിവരുന്ന നിസ്തുലമായ സേവനങ്ങളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും മുന്‍നിര്‍ത്തി പ്രമുഖ ആരോഗ്യരംഗ പ്രവര്‍ത്തകനായ ഡോ. സച്ച്‌മോര്‍ തോമസിനെ ചടങ്ങില്‍ പ്രത്യേകമായി ആദരിച്ചു.

ലീഗ് സിറ്റി മേയര്‍ നിക്ക് ലോങ് അദ്ദേഹത്തിന് പ്രശംസാഫലകം സമ്മാനിച്ചു. ഫ്രണ്ട്‌സ്വുഡ് ക്വീന്‍ മേരി കത്തോലിക്കാ ദേവാലയ വികാരി ഫാ. തോമസ് വെള്ളാപ്പള്ളി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. സമാജത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വ്യക്തിയെ പൊന്നാട നല്‍കി ആദരിക്കുന്നത് എന്നത് ഈ ചടങ്ങിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു.

ഗാല്‍വസ്റ്റണ്‍ കൗണ്ടിയില്‍ ആശുപത്രികള്‍, വയോജന പരിചരണ കേന്ദ്രങ്ങള്‍, മെമ്മറി കെയര്‍ യൂണിറ്റുകള്‍, പ്രൈമറി കെയര്‍ ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെ 13-ഓളം ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോ. സച്ച്‌മോര്‍ തോമസ്, ഗാല്‍വസ്റ്റണ്‍ കൗണ്ടി ഷെരിഫ് ഓഫീസിന്റെ ഔദ്യോഗിക മെഡിക്കല്‍ ഡോക്ടര്‍ കൂടിയാണ്. സമാജത്തിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹം നല്‍കുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം ഒരുക്കിയ ഇരുപതിലധികം വിഭവങ്ങള്‍ അടങ്ങിയ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകി. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വടംവലി, ചാക്കിലോട്ടം തുടങ്ങിയ പരമ്പരാഗത കായിക-വിനോദ മത്സരങ്ങള്‍ കാണികളില്‍ ആവേശം പടര്‍ത്തി. വിജയികള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

പ്രവാസി മലയാളി കൂട്ടായ്മയുടെ സൗഹൃദവും ഒത്തൊരുമയും ഊട്ടിയുറപ്പിച്ച ‘ആവണിത്തെന്നല്‍ 2026’ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ കുടുംബാംഗങ്ങള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും കലാകാരന്മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും സമാജം ഭാരവാഹികള്‍ നന്ദി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രസിഡന്റ്: ബിജോ സെബാസ്റ്റ്യന്‍

സെക്രട്ടറി: ഡോ. ജേക്കബ് തെരുവത്ത്

ട്രഷറര്‍: റോബി തോമസ്

‘Aavanithennal 2026’: League City Malayali Samajam’s Onam celebrations held with great grandeur.

Share Email
LATEST excelnclexrn
More Articles
Top