ലോസ് ആഞ്ചലസ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ലോസ് ആഞ്ചലസ് കൗണ്ടിയിലെ ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ് പരിസരത്ത് സംശയാസ്പദമായി കണ്ട ആയുധധാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോള്‍ഫ് ക്ലബ്ബിന്റെ സുരക്ഷാ സംവിധാനങ്ങള്‍ നിരീക്ഷിക്കുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് ലോസ് ആഞ്ചലസ് കൗണ്ടി ഷെരീഫ് വകുപ്പ് അറിയിച്ചു. 38-കാരനായ ജീനൈന്‍ ജോണ്‍ ടെയ്‌ലെയാണ് അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്കാണ് മഫ്തിയിലുണ്ടായിരുന്ന ഫെഡറല്‍ ഏജന്റുമാര്‍ സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെടുത്തി പൊലീസിനെ വിവരം അറിയിച്ചത്. ഇയാളെ പരിശോധിച്ചപ്പോള്‍ നിറച്ചനിലയിലുള്ള പിസ്റ്റള്‍, ഹോളോ-പോയിന്റ് വെടിയുണ്ടകളുള്ള മാഗസീനുകള്‍ എന്നിവ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. തോക്ക് കൈവശം വച്ചതിനും നിരോധിത വെടിക്കോപ്പുകള്‍ കൈവശം സൂക്ഷിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തിന്റെ സുരക്ഷാ പ്രാധാന്യം കണക്കിലെടുത്ത് പ്രതിയുടെ വസതിയില്‍ തിങ്കളാഴ്ച പരിശോധന നടത്തി. കൂടുതല്‍ തോക്കുകളും വെടിക്കോപ്പുകളും, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, റേഡിയോ സിഗ്‌നല്‍ ഉപകരണങ്ങള്‍, ആശങ്കയുണര്‍ത്തുന്ന കുറിപ്പുകള്‍ അടങ്ങിയ നിരവധി നോട്ടുബുക്കുകള്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. നോട്ടുബുക്കുകളില്‍ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും കേസ് ലോസ് ആഞ്ചലസ് കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസിന്റെ പരിഗണനയ്ക്കായി കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
എഫ്ബിഐയുടെ ജോയിന്റ് ടെററിസം ടാസ്‌ക് ഫോഴ്‌സും യു.എസ്. സീക്രട്ട് സര്‍വീസും ചേര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. നിലവില്‍ പൊതുജനങ്ങള്‍ക്ക് വിശ്വസനീയമായ സുരക്ഷാ ഭീഷണിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഫ്‌ലോറിഡയിലെ ട്രംപിന്റെ ഗോള്‍ഫ് ക്ലബ്ബില്‍ വധശ്രമം നടത്തിയ കേസില്‍ ഒരാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പശ്ചാത്തലത്തില്‍ പുതിയ സംഭവം സുരക്ഷാ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
Armed individual arrested at Trump’s golf club; more guns and documents seized from his residence.

















