swayamvara
pulimoottil

എക്കോ സീനിയര്‍ വെല്‍നെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാര്‍ക്കില്‍; ഡോ. മധു ഭാസ്‌കരന്‍, ജേര്‍ണലിസ്റ്റ് ജോണ്‍ മുണ്ടക്കയം മുഖ്യാതിഥികള്‍

എക്കോ സീനിയര്‍ വെല്‍നെസ്സ് ഓണാഘോഷം 28 വെള്ളി ന്യൂ ഹൈഡ് പാര്‍ക്കില്‍; ഡോ. മധു ഭാസ്‌കരന്‍, ജേര്‍ണലിസ്റ്റ് ജോണ്‍ മുണ്ടക്കയം മുഖ്യാതിഥികള്‍

മാത്യുക്കുട്ടി ഈശോ

ന്യൂയോര്‍ക്ക്: സമൂഹത്തിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ന്യൂ ഹൈഡ് പാര്‍ക്ക് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടനയായ എക്കോ സീനിയര്‍ വെല്‍നെസ്സ് (ECHO Senior Wellness) ഈ വര്‍ഷത്തെ ഓണാഘോഷം അതിവിപുലമായി 28-വെള്ളിയാഴ്ച ആഘോഷിക്കുന്നു. ടൗണ്‍ ഓഫ് നോര്‍ത്ത് ഹെംപ്സ്റ്റഡ് ഉടമസ്ഥതയില്‍ ന്യൂ ഹൈഡ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ ഓഡിറ്റോറിയത്തില്‍ (Clinton G. Martin Park Auditorium, 1601 Marcus Avenue, New Hyde Park, NY 11042) വെള്ളിയാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ വിവിധ കലാ-സാംസ്‌കാരിക പരിപാടികളോടെയും ഓണസദ്യയോടെയും കൂടി നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകര്‍ ചെയ്യുന്നത്. അമേരിക്കയിലെ പ്രമുഖ നെഫ്രോളജിസ്‌റ് ഡോ. മധു ഭാസ്‌കരന്‍, മലയാള മനോരമ ദിനപ്പത്രത്തില്‍ ദീര്‍ഘകാലം ചീഫ് ഓഫ് ബ്യൂറോ ആയി പ്രവര്‍ത്തിച്ച പ്രശസ്ത ജേര്‍ണലിസ്‌റ് ജോണ്‍ മുണ്ടക്കയം എന്നിവര്‍ മുഖ്യാതിഥികളായി ചടങ്ങില്‍ പങ്കെടുത്ത് ഓണസന്ദേശം നല്‍കുന്നതാണ്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി 2013 മുതല്‍ ന്യൂ ഹൈഡ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് എക്കോ (ECHO – Enhance Community Through Harmonious Outreach). മുതിര്‍ന്ന പൗരന്മാരുടെ മാനസികവും ശാരീരികവും ആരോഗ്യപരവും ആയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലധികമായി ECHO ചെയ്യുന്ന പ്രൊജക്റ്റാണ് ECHO Senior Wellness. ഇപ്പോള്‍ എക്കോയുടെ ഫ്‌ളാഗ്ഷിപ് പ്രൊജക്റ്റാണ് സീനിയര്‍ വെല്‍നെസ്സ്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് 4 മുതല്‍ 7 വരെ ക്ലിന്റണ്‍ ജി. മാര്‍ട്ടിന്‍ ഓഡിറ്റോറിയത്തില്‍ ധാരാളം മുതിര്‍ന്നവര്‍ ഒത്തുകൂടി അവരുടെ മാനസികവും ആരോഗ്യപരവുമായ പരിപാലനത്തിന് വിവിധ വിനോദപ്രവര്‍ത്തികളും, പരിശീലനങ്ങളും, കലാപരിപാടികളും, യോഗാ എക്‌സര്‍സൈസുകളും ചെയ്തു വരുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷമായി കൂടുതല്‍ പേരുടെ ആവശ്യ പ്രകാരം ഇതേ സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാം എല്ലാ ചൊവ്വാഴ്ചകളിലും 4 മുതല്‍ 7 വരെ ലെവിടൗണിലുള്ള സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഓഡിറ്റോറിയത്തില്‍ (St. Thomas Malankara Orthodox Church, 110 Schoolhouse Road, Levittown, NY 11756) വച്ചും നടത്തിവരുന്നു. നാനൂറിലധികം പേര്‍ അംഗങ്ങളായുള്ള സീനിയര്‍ വെല്‍നെസ്സ് പരിപാടിയില്‍ എല്ലാ ആഴ്ചയിലേയും രണ്ട് മീറ്റിംഗിലും മുതിര്‍ന്നവര്‍ അറിഞ്ഞിരിക്കേണ്ട വിഞ്ജാനപ്രദമായ വിവിധ ക്ലാസ്സുകളും, ആരോഗ്യ പരിപാലനത്തിനായി യോഗാ, തായ് ചി മുതലായ എക്‌സര്‍സൈസ് പരിപാടികളും, നിറ്റിങ് പരിശീലനങ്ങളും മറ്റും നല്‍കി വരുന്നു.

വൃക്ക സംബന്ധ രോഗങ്ങളുടെ സ്‌പെഷ്യലിസ്റ്റ് ആയ അമേരിക്കയില്‍ വളരെ പ്രശസ്തനായ നെഫ്രോളജിസ്‌റ് ഡോ. മധു ഭാസ്‌കരനാണ് ഈ വര്‍ഷം ഓണ സന്ദേശം നല്‍കുന്നത്. നല്ല ഒരു പ്രഭാഷകന്‍ കൂടിയായ ഡോ. മധു, ഹിന്ദു മിത്തോളജിയിലും വേദ-ഉപനിഷത്തുകളിലും അഗാധ പാണ്ഡിത്യമുള്ള വ്യക്തിയാണ്. സീനിയര്‍ വെല്‍നെസ്സ് പരിപാടിയുടെ അഭ്യുദയ കാംക്ഷിയും ചിലപ്പോഴൊക്കെ വൃക്കരോഗങ്ങള്‍ സംബന്ധമായ വിജ്ഞാനപ്രദമായ ക്ളാസ്സുകള്‍ നല്കുന്നയാളും കൂടിയാണ് ഡോ. മധു.

മലയാള മനോരമ ദിനപ്പത്രത്തില്‍ ചീഫ് ഓഫ് ബ്യുറോ ആയി 25 വര്‍ഷത്തിലധികം പ്രവര്‍ത്തിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ശ്രീ. ജോണ്‍ മുണ്ടക്കയം. രാഷ്ട്രീയ വിഷയങ്ങള്‍ വളരെ അവഗാധതയോടെ വിശകലനം ചെയ്ത് മനോഹരമായ റിപ്പോര്‍ട്ടുകള്‍ മലയാളികള്‍ക്കായി സമ്മാനിച്ചിട്ടുള്ള ഒരു പ്രശസ്ത ജേര്‍ണലിസ്റ്റായ ജോണ്‍ മുണ്ടക്കയം നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള വ്യക്തിയാണ്. പുതു തലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ധാരാളം ക്ലാസുകള്‍ നല്‍കുന്ന വിവേകിയായ ഉപദേഷ്ട്ടാവ്, വിവിധ ബുക്കുകള്‍ പ്രസിദ്ധീകരിച്ച നല്ലൊരു എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രശസ്തനാണ് ജോണ്‍. അദ്ദേഹവും ഈ ഓണാഘോഷ പരിപാടിയില്‍ മുഖ്യാതിഥി ആയിരിക്കും.

ഇവരെക്കൂടാതെ സമൂഹത്തിലെ തെരഞ്ഞെടുക്കപ്പെട്ട വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ആഘോഷ ചടങ്ങില്‍ സംബന്ധിക്കുന്നതാണ്. ഇരുപത്തിയെട്ടു കൂട്ടം വിഭവങ്ങളോടുകൂടി ആസ്വാദ്യകരമായ ഓണസദ്യയും സംഘാടകര്‍ ക്രമീകരിക്കുന്നുണ്ട്. മാവേലിത്തമ്പുരാനും, ചെണ്ടമേളവും, തിരുവാതിരയും, പൂക്കളവും, ഓണപ്പാട്ടുകളും, വിവിധ കലാപരിപാടികളും കൊണ്ട് സമ്പുഷ്ട്ടമായ ഒരു സന്ധ്യ ആസ്വദിക്കുവാന്‍ ഏവരേയും വെള്ളിയാഴ്ച വൈകിട്ടത്തെ ഓണാഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – ഫോണ്‍: (516) 902-4300. Email: echoforusa@gmail.com . Website: www.echoforhelp.org

Echo Senior Wellness Onam celebration on Friday, the 28th, at New Hyde Park; Dr. Madhu Bhaskaran and journalist John Mundakayam to be the chief guests.

Share Email
LATEST excelnclexrn
More Articles
Top