വാഷിംഗ്ടണ്‍: ലോസ് ആഞ്ചലസ് ഉള്‍പ്പെടെ അഞ്ചു പ്രധാന നഗരങ്ങളില്‍ അതിതീവ്ര ചൂടിന് സാധ്യതയെന്നു മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ജങ്ങങ്ങള്‍ ജാഗ്രത പാലിക്കണമെന്നു അധികൃതര്‍ വ്യക്തമാക്കി. കാലിഫോര്‍ണിയ മുതല്‍ ഡക്കോട്ടാസ് വരെയുള്ള സംസ്ഥാനങ്ങളിലായി 4.5 കോടിയിലധികം ആളുകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോസ് ആഞ്ചലസ്, ലാസ് വെഗാസ്, ട്യൂസണ്‍, സാള്‍ട്ട് ലേക്ക് സിറ്റി,ഫീനിക്‌സ് എന്നിവിടങ്ങളില്‍ അതിതീവ്ര ചൂട് മുന്നറിയിപ്പ് നിലവിലുണ്ട്.അതേസമയം, രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മിന്നല്‍പ്രളയ സാധ്യതയും കാലാവസ്ഥാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
അരിസോണ, നെവാഡ, യൂട്ട, സൗത്ത് ഡക്കോട്ട എന്നിവിടങ്ങളില്‍ താപനില 100 ഫാരന്‍ഹീറ്റിന് മുകളിലെത്തുമെന്നാണ് പ്രവചനം. ഫീനിക്‌സില്‍ 116 ഡിഗ്രി ഫാരന്‍ഹീറ്റും സൗത്ത് ഡക്കോട്ടയിലെ റാപിഡ് സിറ്റിയില്‍ 103 ഡിഗ്രി ഫാരന്‍ഹീറ്റും വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഡെന്‍വര്‍, ഫ്രെസ്‌നോ, ബിസ്മാര്‍ക്ക് എന്നിവിടങ്ങളിലും ചൂട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഉയര്‍ന്ന താപനിലയ്‌ക്കൊപ്പം വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും തുടരുന്നതിനാല്‍ അമേരിക്കയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ കാട്ടുതീ ഭീഷണി രൂക്ഷമായിരിക്കുകയാണ്. വാഷിങ്ടണ്‍ സംസ്ഥാനത്തെ സ്‌പൊക്കെയ്ന്‍ കൗണ്ടിയില്‍ ശനിയാഴ്ച ആരംഭിച്ച കാട്ടുതീ ഇതിനകം 5,000 ഏക്കറിലധികം വനഭൂമി നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നിരവധി പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്. ഏകദേശം 600 കെട്ടിടങ്ങള്‍ തീയില്‍ നശിക്കുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നും 4,000 ഓളം കെട്ടിടങ്ങള്‍ ഇപ്പോഴും ഭീഷണിയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മൊണ്ടാന മുതല്‍ യൂട്ട വരെ വ്യാപിച്ചുകിടക്കുന്ന മേഖലകളില്‍ ‘റെഡ് ഫ്‌ലാഗ്’ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെബ്രാസ്‌ക, നെവാഡ, ഡക്കോട്ടാസ് എന്നിവിടങ്ങളിലും ചൂട്, വരണ്ട കാലാവസ്ഥ, ശക്തമായ കാറ്റ് എന്നിവയെ തുടര്‍ന്ന് കാട്ടുതീ ശക്തമാണ്. ഐഡഹോ, മൊണ്ടാന, വയോമിങ് സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളാണ് നിലവില്‍ ഏറ്റവും കൂടുതല്‍ അപകടസാധ്യത നേരിടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, ലോവര്‍ ഗ്രേറ്റ് ലേക്ക്‌സ് മുതല്‍ സെന്‍ട്രല്‍ അപ്പലാച്ച്യന്‍ മേഖല വരെയും ഫ്‌ലോറിഡയുടെ ഗള്‍ഫ് തീരപ്രദേശങ്ങളിലുമായി ഞായറാഴ്ച ശക്തമായ മഴയ്ക്കും മിന്നല്‍പ്രളയത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി. മിഷിഗന്‍, ഇന്‍ഡിയാന, വെസ്റ്റേണ്‍ ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, വെര്‍ജീനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ പ്രളയ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ ന്യൂയോര്‍ക്ക് സിറ്റിയും ന്യൂ ഇംഗ്ലന്‍ഡ് മേഖലയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ അമേരിക്കയിലേക്കും മിന്നല്‍പ്രളയ ഭീഷണി വ്യാപിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
Extreme heat warnings issued for five cities, including Los Angeles; flash flood threat in the eastern region.

















