വാഷിങ്ടണ്‍,: അമേരിക്കയില്‍ എച്ച്-1ബി, എല്‍-1 തൊഴില്‍ വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള അപേക്ഷകള്‍ക്ക് അധിക ഫീസ് ഈടാക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച അന്തിമ ചട്ടം ഉടന്‍ പുറത്തിറങ്ങുമെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) നിയന്ത്രണ അജണ്ടയില്‍ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും വിദേശ വിദഗ്ധ തൊഴിലാളികളെ ആശ്രയിക്കുന്ന അമേരിക്കന്‍ കമ്പനികളെയും ഇത് ബാധിച്ചേക്കും.
നിലവിലെ ചട്ടപ്രകാരം 50-ല്‍ കൂടുതല്‍ ജീവനക്കാരുള്ളതും അവരില്‍ പകുതിയിലധികം എച്ച്-1ബി അല്ലെങ്കില്‍ എല്‍-1 വിസക്കാരുമായ സ്ഥാപനങ്ങള്‍ പുതിയ എച്ച്-1ബി അപേക്ഷയ്‌ക്കോ ജീവനക്കാരന്‍ കമ്പനി മാറുമ്പോഴോ 4,000 ഡോളറും എല്‍-1 അപേക്ഷയ്ക്ക് 4,500 ഡോളറും അധിക ഫീസായി നല്‍കണം. പുതിയ ചട്ടമനുസരിച്ച് വിസയുടെ കാലാവധി നീട്ടാനുള്ള എല്ലാ അപേക്ഷകള്‍ക്കും ഇതേ അധിക ഫീസ് ബാധകമാക്കാനാണ് തീരുമാനം.
പുതിയ എച്ച്-1ബി വിസയ്ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഈടാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മുന്‍നീക്കം ഫെഡറല്‍ കോടതി തടഞ്ഞതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം വരുന്നത്. എച്ച്-1ബി വിസയില്‍ അമേരിക്കയിലെത്തുന്നവര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തിന് ശേഷം വിസ പുതുക്കേണ്ടിവരുന്നതിനാല്‍ പുതിയ ചട്ടം കമ്പനികളുടെ കുടിയേറ്റ സംബന്ധമായ ചെലവ് ഗണ്യമായി വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍, മെറ്റ തുടങ്ങിയ ആഗോള കമ്പനികള്‍ എല്‍-1 വിസയിലൂടെ ഉദ്യോഗസ്ഥരെ അമേരിക്കയിലേക്ക് മാറ്റുന്നതിനാല്‍ അവര്‍ക്കും പുതിയ തീരുമാനം ബാധകമാകും.
അമേരിക്കന്‍ പൗരത്വ-കുടിയേറ്റ സേവന വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ 4,06,685 എച്ച്-1ബി അപേക്ഷകളാണ് അംഗീകരിച്ചത്. ഇതില്‍ 2,91,542 എണ്ണം നിലവിലുള്ള തൊഴിലാളികളുടെ വിസ പുതുക്കലിനുള്ളവയായിരുന്നു. ഇവയില്‍ 2,26,359 അപേക്ഷകളും ഇന്ത്യന്‍ പൗരന്മാരുടേതാണ്. ആകെ വിസ പുതുക്കലുകളുടെ 77.6 ശതമാനവും ഇന്ത്യക്കാര്‍ക്കാണെന്നതാണ് കണക്ക്. ചൈനയാണ് രണ്ടാം സ്ഥാനത്ത്.
വിദേശ വിദഗ്ധ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്ന സാങ്കേതിക കമ്പനികള്‍ക്ക് പുതിയ ഫീസ് വര്‍ധന വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തല്‍. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസിയുടെ കണക്കുപ്രകാരം 2025-ല്‍ എച്ച്-1ബി വിസ പുതുക്കലുകളില്‍ ഏറ്റവും കൂടുതല്‍ അനുമതി ലഭിച്ചത് ആമസോണിനാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), മൈക്രോസോഫ്റ്റ്, മെറ്റ, ആപ്പിള്‍, ഗൂഗിള്‍ എന്നീ കമ്പനികളാണ് കൂടുതലായി പട്ടികയിലുള്ളത്.
H-1B visa renewal costs to rise; new move by Trump administration deals a blow to Indian professionals.

















