swayamvara
pulimoottil

ഗുരു അഞ്ജലി മുരളീധരന് ഡിസ്റ്റിങ്ക്വിഷ്ഡ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് നല്‍കി ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആദരം

ഗുരു അഞ്ജലി മുരളീധരന് ഡിസ്റ്റിങ്ക്വിഷ്ഡ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് നല്‍കി ഐഒസി പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആദരം

ഫിലഡല്‍ഫിയ: ഇന്ത്യന്‍ ശാസ്ത്രീയ കലാരംഗത്തെ സമര്‍പ്പിതമായ പ്രവര്‍ത്തനങ്ങള്‍ക്കും കലാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും പ്രചാരണത്തിനും നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ക്കുള്ള അംഗീകാരമായി പ്രശസ്ത നര്‍ത്തകിയും അധ്യാപികയും ശിവ മുരളി കലാക്ഷേത്രയുടെ സ്ഥാപകയും ഡയറക്ടറുമായ ഗുരു അഞ്ജലി മുരളീധരന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ഡിസ്റ്റിങ്ക്വിഷ്ഡ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് സമ്മാനിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനിബന്ധിച്ചു നടന്ന പുരസ്‌കാരദാന ചടങ്ങില്‍ കേരള നിയമസഭാ ചീഫ് വിപ്പും തൊടുപുഴ എംഎല്‍എയുമായ അപു ജോണ്‍ ജോസഫ്, ഗുരു അഞ്ജലി മുരളീധരന് പുരസ്‌കാരം സമ്മാനിച്ചു. ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ചെയര്‍മാന്‍ സാബു സ്‌കറിയ, പ്രസിഡന്റ് സുമോദ് തോമസ് നെല്ലികാല, ജനറല്‍ സെക്രട്ടറി നൈനാന്‍ മത്തായി, ട്രഷറര്‍ തോമസ്‌കുട്ടി വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്ര ഫൗണ്ടേഷനില്‍ നിന്ന് സ്വര്‍ണമെഡലോടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഗുരു അഞ്ജലി മുരളീധരന്‍ കഴിഞ്ഞ 33 വര്‍ഷമായി ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം എന്നീ കലാരൂപങ്ങളുടെ പഠനം, അധ്യാപനം, അവതരണം, കലാ പ്രചാരണം എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

നൃത്ത-സംഗീത രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മലയാള ചലച്ചിത്ര പിന്നണി ഗായിക എന്ന നിലയിലും ഗുരു അഞ്ജലി ശ്രദ്ധേയമായ സാന്നിധ്യമാണ്. ‘ലൗഡ് സ്പീക്കര്‍’, ‘കാമല്‍ സഫാരി’ തുടങ്ങിയ മലയാള ചിത്രങ്ങളിലും ‘യുവ്’ ആല്‍ബത്തിലും അവര്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പെന്‍സില്‍വാനിയയിലെ എക്സ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശിവ മുരളി കലാക്ഷേത്രയിലൂടെ 250-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ശാസ്ത്രീയ കലകളില്‍ പരിശീലനം നല്‍കിവരുന്നു. ഭരതനാട്യം, മോഹിനിയാട്ടം, കര്‍ണാടക സംഗീതം തുടങ്ങിയ കലാരൂപങ്ങളില്‍ പുതുതലമുറയെ പരിശീലിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ കലാപാരമ്പര്യം അമേരിക്കന്‍ മണ്ണില്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ ഗുരു അഞ്ജലിയുടെ പങ്ക് ശ്രദ്ധേയമാണ്.

നൃത്തവും സംഗീതവും വിദ്യാഭ്യാസവും സമന്വയിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ശിവ മുരളി കലാക്ഷേത്ര, ഇന്ത്യന്‍ ശാസ്ത്രീയ കലകളെ പുതുതലമുറയിലേക്ക് എത്തിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി മാറിയിട്ടുണ്ട്. പ്രവാസി സമൂഹത്തിലെ കുട്ടികളിലും യുവാക്കളിലും ഇന്ത്യന്‍ കലകളോടുള്ള താല്‍പര്യം വളര്‍ത്തുന്നതിനും കലാപാരമ്പര്യത്തിന്റെ തുടര്‍ച്ച ഉറപ്പാക്കുന്നതിനും ഗുരു അഞ്ജലി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണ്.

അമേരിക്കയിലെ പ്രവാസി സമൂഹത്തില്‍ ഇന്ത്യന്‍ ശാസ്ത്രീയ കലകളുടെ വളര്‍ച്ചയ്ക്കും പ്രചാരണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇന്ത്യന്‍ കലയും സംസ്‌കാരവും പുതുതലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതില്‍ കലാകാരന്മാര്‍ക്കും അധ്യാപകര്‍ക്കുമുള്ള നിര്‍ണായക പങ്ക് അംഗീകരിക്കുന്നതിന്റെ ഭാഗമായി ഡിസ്റ്റിങ്ക്വിഷ്ഡ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ് നല്‍കി ഗുരു അഞ്ജലി മുരളീധരനെ ആദരിച്ചതെന്ന് ഐഒസി പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസി സമൂഹത്തില്‍ കലാപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും ഗുരു അഞ്ജലിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പുരസ്‌കാരം സ്വീകരിച്ച ഗുരു അഞ്ജലി മുരളീധരനെ പ്രവാസി മലയാളി സമൂഹത്തിലെ പ്രമുഖരും കലാ-സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരും അഭിനന്ദിച്ചു. ഇന്ത്യന്‍ ശാസ്ത്രീയ കലകളെ അടുത്ത തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനും കലയും സംസ്‌കാരവും സംരക്ഷിക്കുന്നതിനും ഗുരു അഞ്ജലി നടത്തുന്ന ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഈ അംഗീകാരം ഏറെ അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ്.

വാര്‍ത്ത: സുമോദ് തോമസ് നെല്ലിക്കാല

IOC Pennsylvania Chapter honors Guru Anjali Muralidharan with the Distinguished Artist Award.

Share Email
LATEST excelnclexrn
Top