swayamvara
pulimoottil

ഐ.പി.എസ്.എഫ് 2026: ആത്മീയതയും കായികരംഗവും വേര്‍തിരിക്കാനാവില്ലെന്ന് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്

ഐ.പി.എസ്.എഫ് 2026: ആത്മീയതയും കായികരംഗവും വേര്‍തിരിക്കാനാവില്ലെന്ന് ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്

മാര്‍ട്ടിന്‍ വിലങ്ങോലില്‍

എഡിന്‍ബര്‍ഗ് (ടെക്‌സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റര്‍ പാരിഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐ.പി.എസ്.എഫ് 2026) മാര്‍ച്ച് പാസ്റ്റും സാംസ്‌കാരിക സമാപന സമ്മേളനവും പ്രൗഢഗംഭീരമായി നടന്നു. എഡിന്‍ബര്‍ഗ് എ.സി.ഇ സെന്ററില്‍ നടന്ന ചടങ്ങുകള്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഐ.പി.എസ്.എഫ് ചെയര്‍മാന്‍ ഫാ. റോയി മൂലേച്ചാലില്‍, എഡിന്‍ബര്‍ഗ് മേയര്‍ ഒമര്‍ ഓച്ചോവ, മുന്‍ മേയര്‍ റമീറോ ഗാര്‍സ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

വിവിധ ഇടവകകളില്‍ നിന്നുള്ള ടീമുകള്‍ അണിനിരന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് കോപ്പല്‍ ഇടവക ഒന്നാം സ്ഥാനം നേടി ചാമ്പ്യന്മാരായി. അച്ചടക്കവും കണിശതയും നിറഞ്ഞ കോപ്പല്‍ ടീമിന്റെ പ്രകടനം കാണികളുടെ കൈയ്യടി നേടി.

ഐ.പി.എസ്.എഫ് ചെയര്‍മാന്‍ ഫാ. റോയി മൂലേച്ചാലില്‍, ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസഫ് ബിജു, സെക്രട്ടറി അമ്പിളി റോബിന്‍, അക്കൗണ്ടന്റ് ആല്‍വിന്‍ ജോസഫ്, ട്രസ്റ്റിമാരായ മനോജ് മൈക്കിള്‍, ജോജോ തോമസ് എന്നിവരടങ്ങുന്ന ഡി.എം.സി (DMC) കോര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേള വിജയകരമായി സംഘടിപ്പിച്ചത്.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മാര്‍ ജോയ് ആലപ്പാട്ട്, മേയര്‍ ഒമര്‍ ഓച്ചോവ, മുന്‍ മേയര്‍ റമീറോ ഗാര്‍സ, ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആത്മീയതയും കായികരംഗവും തമ്മില്‍ വേര്‍തിരിക്കാനാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ ജോയ് ആലപ്പാട്ട് ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ സമയവും കഴിവുകളും വിനിയോഗിച്ച് ഈ കായികമേളയുടെ വിജയത്തിനായി അഹോരാത്രം പ്രയത്‌നിച്ച ഏവരെയും ബിഷപ്പ് നന്ദിയോടെ സ്മരിച്ചു. കായികമേളയുടെ സുഗമമായ നടത്തിപ്പിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കി സഹായിച്ച എഡിന്‍ബര്‍ഗ് മേയര്‍ ഒമര്‍ ഓച്ചോവയ്ക്കും നഗരസഭയ്ക്കും അദ്ദേഹം പ്രത്യേക നന്ദിയും അറിയിച്ചു.

മത്സരത്തിനും ട്രോഫികള്‍ക്കുമപ്പുറം സൗഹൃദവും സഹവര്‍ത്തിത്വവും വിശ്വാസപ്രഖ്യാപനവും ദക്ഷിണ മേഖലയിലെ ഇടവകകളുടെ കൂട്ടായ്മയുമാണ് ഈ കായികമേള ലക്ഷ്യമാക്കുന്നതെന്ന് ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. പ്രത്യേകിച്ച് യുവജനങ്ങളിലും മുതിര്‍ന്ന കുട്ടികളിലും ആത്മീയതയും മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25 വര്‍ഷം മുന്‍പ് വളരെ കുറച്ചുപേരുമായി ആരംഭിച്ച സെന്റ് തോമസ് ഡയോസിസ് ഇന്ന് അമേരിക്കയിലുടനീളം വലിയ വളര്‍ച്ച കൈവരിച്ചതുപോലെ, 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുരുക്കം ചില ആളുകളുമായി തുടങ്ങി ഇന്ന് പ്രൗഢിയോടെ നില്‍ക്കുന്ന എഡിന്‍ബര്‍ഗ് നഗരത്തിന്റെ ചരിത്രവും സമാനമാണെന്ന് മേയര്‍ ഒമര്‍ ഓച്ചോവ തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ വേദിയില്‍ അരങ്ങേറി. ഡി.എം.സി ഇടവകാംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാപരിപാടികളും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും വിജയികള്‍ക്കുള്ള ട്രോഫി വിതരണവും തുടര്‍ന്ന് നടന്നു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോസഫ് ബിജു സ്വാഗതവും ആന്റണി മാത്യു നന്ദിയും പറഞ്ഞു.

IPSF 2026: Spirituality and sports cannot be separated, says Bishop Mar Joy Alappatt.

Share Email
Top