ന്യൂയോര്‍ക്ക് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ ഈ വര്‍ഷത്തെ റീജണല്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 25, 26, 27 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. വെര്‍ജീനിയയിലെ ലീസ്ബര്‍ഗ് കാരഡോക് ഹാള്‍ ഹോട്ടലില്‍ ആണ് സമ്മേളനം നടക്കുന്നത്. അമേരിക്കയിലും കാനഡയിലുമുള്ള മലയാള സാഹിത്യ സ്‌നേഹികളും എഴുത്തുകാരും ആകാംഷയോടെ കാത്തിരുന്നു പങ്കെടുക്കുന്ന ഈ കൂട്ടായ്മയില്‍, കേരളത്തിലെ പ്രശസ്ത എഴുത്തുകാരായ പോള്‍ സക്കറിയയും, വി. ജെ. ജെയിംസും പങ്കെടുക്കുന്നു.
ലാനയുടെ ആദ്യകാല ഭാരവാഹികളിലൊരാളും പ്രശസ്ത സാഹിത്യകാരനുമായ ജോര്‍ജ് മണ്ണിക്കരോട്ടിനോടുള്ള ആദരസൂചകമായി ‘ജോര്‍ജ് മണ്ണിക്കരോട്ട് നഗര്‍’ എന്ന് സമ്മേളനവേദിക്ക് പേരിട്ടിരിക്കുന്നു. സെപ്തംബര്‍ 25 നു വൈകുന്നേരം മൂന്നിന് തുടങ്ങുന്ന സാഹിത്യ സൗഹൃദ സമ്മേളനം നിരവധി അക്ഷരസ്‌നേഹികളുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരിക്കും. എഴുത്തിലെ പുതുവഴികള്‍ വെളിപ്പെടുത്തിയും , പഴമയുടെ മാറ്റുരച്ചും നടക്കുന്ന സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും ഓരോ എഴുത്തുകാര്‍ക്കും പുതിയകാഴ്ച്ചപ്പാടുകള്‍ നല്‍കുന്നവയാണ്. അതോടൊപ്പം സ്വയം വിമര്‍ശനത്തിന്റെയും പാകപ്പെടുത്തലിന്റെയും ഒരവസരം കൂടിയാണിത്. സമകാലീക മലയാള എഴുത്തുകാരില്‍ മുന്‍നിരയിലുള്ള, പ്രഗത്ഭരായ സക്കറിയയെയും, വി. ജെ. ജെയിംസിനെയും പോലുള്ള എഴുത്തുകാര്‍ക്ക് പങ്കുവയ്ക്കാനാകുന്ന അനുഭവങ്ങള്‍, അവരുടെ ചിന്താധാരയും എഴുത്തുവഴികളും ഇവിടുള്ള എഴുത്തുകാര്‍ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.
എഴുത്തിന്റെ ബൗദ്ധിക വഴികളില്‍ കൈപിടിക്കാന്‍, പ്രോത്സാഹിപ്പിക്കാന്‍, തിരുത്താന്‍, സര്‍വ്വോപരി അപരനെ മനസ്സിലാക്കി സ്‌നേഹിതനായി കരുതാന്‍ കഴിയുന്നൊരിടം. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന, എഴുത്തിനെ ആരാധിക്കുന്ന ഓരോ എഴുത്തുകാരെയും, സാഹിത്യ സ്‌നേഹികളെയും ഈനല്ല നിമിഷങ്ങളിലേക്ക് ലാനാ പ്രസിഡന്റ് സാമുവല്‍ യോഹന്നാനും, സെക്രട്ടറി നിര്‍മ്മല ജോസഫും മറ്റു ലാനാ ഭാരവാഹികളും ക്ഷണിച്ചു.
പങ്കെടുക്കാനുള്ള രജിസ്‌ട്രേഷനും ഹോട്ടല്‍ ബുക്കിംഗും ആരംഭിച്ചു. വേണുഗോപാലന്‍ കൊക്കോടന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍), ഷിനോ കുര്യന്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ലാനാ റീജണല്‍ കണ്‍വെന്‍ഷന്‍ കമ്മറ്റി ഇതിന്റെ വിജയിത്തിനായുള്ള എല്ലാ ഒരുക്കങ്ങളും തുടരുന്നു.
കൂടുതല്‍ വിവരങ്ങള്‍ ലാന പ്രസിഡന്റ് ശാമുവേല്‍ യോഹന്നാനില്‍ നിന്നും (+1 214 435 0124) ലഭിക്കും.
വാര്‍ത്ത തയ്യാറാക്കിയത്:നിര്‍മല ജോസഫ് (സെക്രട്ടറി) +1 347 204 0062
LANA Regional Convention: September 25 to 27, 2026

















