ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലെ സംഘർഷവും ബാബ് അൽ-മന്ദേബിൽ ഹൂതികൾ നടത്തുന്ന ആക്രമണങ്ങളും കാരണം പേർഷ്യൻ ഉൾക്കടലിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾ കടുത്ത ഭീഷണി നേരിടുകയാണെന്ന് സമുദ്ര സുരക്ഷാ നിരീക്ഷണ ഏജൻസിയായ ‘മാരിസ്ക്സ്’ വ്യക്തമാക്കി. നിലവിൽ അറേബ്യൻ ഉപദ്വീപിൽ പൂർണ്ണമായും ‘സുരക്ഷിതം’ എന്ന് പറയാവുന്ന ഒരു സമുദ്രപാതയുമില്ലെന്ന് അവരുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മേഖലയിലെ സുരക്ഷാ സാഹചര്യം “കൂടുതൽ അപകടകരമായ ഘട്ടത്തിലേക്ക്” കടന്നിരിക്കുകയാണ്. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും, എണ്ണ സമ്പന്നമായ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രധാന വ്യാപാര പാതകളായ ഹോർമൂസ് കടലിടുക്കിലും ബാബ് അൽ-മന്ദേബിലും ഉണ്ടാകുന്ന ശക്തമായ ആക്രമണങ്ങളുമാണ് ഇതിന് കാരണം.
ഈ രണ്ട് പ്രധാന സമുദ്രപാതകളിലെയും പ്രതിസന്ധികളെ ഇനി വേർതിരിച്ചു കാണാനാകില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഹോർമൂസ് പാതയിലെ തടസ്സങ്ങൾ കാരണം സൗദി അറേബ്യയുടെ ചെങ്കടൽ പാതകൾക്ക് പ്രാധാന്യം ഏറുന്നുണ്ടെങ്കിലും, സൗദി ലക്ഷ്യങ്ങൾക്കെതിരെ ഹൂതികൾ നടത്തുന്ന നീക്കങ്ങൾ ഈ ബദൽ മാർഗ്ഗത്തെയും ഭീഷണിയിലാക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന ചില ഗുരുതര സംഭവങ്ങൾ ഭീഷണിയുടെ വ്യാപ്തി കൂട്ടുന്നു:
ബാബ് അൽ-മന്ദേബിലൂടെ സഞ്ചരിച്ച വാണിജ്യ കപ്പലിന് നേരെ നടന്ന മാരകമായ ആക്രമണം.
ഇറാനിയൻ തുറമുഖത്തേക്ക് നീങ്ങിയ ചരക്കുകപ്പലിന്റെ എൻജിൻ റൂമിലേക്ക് അമേരിക്കൻ സൈന്യം രണ്ട് മിസൈലുകൾ തൊടുത്ത് കപ്പലിന്റെ പ്രവർത്തനം തകരാറിലാക്കിയത്.
യു.എ.ഇ എണ്ണക്കമ്പനിയുടെ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ആരോപണം.
ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ, തെക്കൻ സമുദ്രമേഖലയിലുടനീളം കപ്പലുകളെ ലക്ഷ്യമിടാൻ ഇറാന് സാധിക്കുമെന്നതിന്റെ തെളിവാണെന്ന് മാരിസ്ക്സ് വിലയിരുത്തുന്നു.
നിലവിലെ ഭീഷണികളോട് കപ്പൽ ഗതാഗത മേഖല പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ട്. അമേരിക്ക ഉപരോധം കടുപ്പിച്ചതിന് ശേഷമുള്ള മൂന്ന് ആഴ്ചകളിൽ, ഹോർമൂസ് കടലിടുക്ക് മുറിച്ചുകടന്ന പകുതിയിലധികം എണ്ണടാങ്കറുകളും തിരിച്ചറിയപ്പെടാതിരിക്കാൻ തങ്ങളുടെ ട്രാക്കിംഗ് വിവരങ്ങൾ ഓഫ് ചെയ്തു. കൂടാതെ വലിയ ക്രൂഡ് ഓയിൽ വാഹക കപ്പലുകളുടെ ഉപയോഗം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.
എന്നാൽ ഇത് സ്ഥിതിഗതികൾ സാധാരണ നിലയിലായതിന്റെ സൂചനയല്ലെന്നും, ദീർഘകാല തടസ്സങ്ങളെ മറികടക്കാൻ വാണിജ്യ മേഖല നടത്തുന്ന താൽക്കാലിക ക്രമീകരണങ്ങൾ മാത്രമാണെന്നും മാരിസ്ക്സ് കൂട്ടിച്ചേർത്തു.

















