വാഷിംഗടണ്‍: ന്യൂജഴ്സിലെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തടങ്കല്‍ കേന്ദ്രത്തില്‍ എല്‍ സാല്‍വദോര്‍ സ്വദേശി മരണപ്പെട്ടു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. എല്‍സാല്‍വദോര്‍ സ്വദേശി എഡ്വിന്‍ ലോപ്പസ്‌കോര്‍നെഹോ (41)യാണ് മരണപ്പെട്ടത്. ശനിയാഴ്ച ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചതായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചു. മരണകാരണം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.
ന്യൂവാര്‍ക്കിലെ ഡെലാനി ഹാള്‍ തടങ്കല്‍ കേന്ദ്രത്തിലായിരുന്നു ലോപ്പസ്-കോര്‍നെഹോയെ പാര്‍പ്പിച്ചിരുന്നത്. അമേരിക്കയില്‍ നിന്ന് നാടുകടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കു ന്നതിനിടെയാണ് ഇയാള്‍ക്ക് ആരോഗ്യപ്രശ്‌നമുണ്ടായതെന്ന് ഐസിഇ അധികൃതര്‍ വ്യക്തമാക്കി. തടങ്കലില്‍ കഴിയുന്നതിനിടെ ആവശ്യമായ ചികിത്സയും മെഡിക്കല്‍ പരിചരണവും നല്‍കിയി രുന്നുവെന്നും എല്ലാ തടവുകാരുടെയും സുരക്ഷയും മാനുഷിക പരിഗണനയും ഉറപ്പാക്കാന്‍ ഐസ് പ്രതിബദ്ധമാണെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ന്യൂജഴ്സി ഗവര്‍ണര്‍ മിക്കി ഷെറില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തിന് സംഭവത്തിന്റെ യഥാര്‍ഥ വിവരം അറിയാനുള്ള അവകാശമുണ്ടെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും ശേഖരിക്കാന്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ അറിയിച്ചു. ശനിയാഴ്ച ആരോഗ്യ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായി ലോപ്പസ്-കോര്‍നെഹോ പരാതിപ്പെടുകയും പിന്നീട് തടങ്കല്‍ കേന്ദ്രത്തില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. സിപിആര്‍ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു ഡമോക്രാറ്റിക് പ്രതിനിധി റോബ് മെനെന്‍ഡസ് പറഞ്ഞു. ലോപ്പസ്-കോര്‍നെഹോ 20 വര്‍ഷമായി അമേരിക്കയില്‍ താമസിച്ചിരുന്നതായി മെനെന്‍ഡസ് പറഞ്ഞു
. എന്നാല്‍ 2006-ല്‍ അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ച ഇയാളെ പിന്നീട് എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തിയിരുന്നുവെന്നും തുടര്‍ന്ന് വീണ്ടും നിയമവിരുദ്ധമായി അമേരിക്കയിലെത്തിയതാണെന്നും ഇമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതിനിടെ ഡെലാനി ഹാള്‍ തടങ്കല്‍ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യം ന്യൂവാര്‍ക്ക് മേയര്‍ റാസ് ബറാക്കയും ഗവര്‍ണര്‍ ഷെറിലും വീണ്ടും ഉന്നയിച്ചു. വേണ്ടത്ര മേല്‍നോട്ടവും ഉത്തരവാദിത്തവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്റെ ഗുരുതരമായ പോരായ്മകളിലേക്കാണ് ഈ മരണം വിരല്‍ചൂ ണ്ടുന്നതെന്ന് ബറാക്ക ആരോപിച്ചു. രണ്ടാം ട്രംപ് ഭരണകൂടം അധികാരത്തിലെ ത്തിയതിന് ശേഷം ഐസ് തടങ്കല്‍ കേന്ദ്രങ്ങളില്‍ മരിച്ചവരുടെ എണ്ണം 54 ആയി ഉയര്‍ന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Salvadoran national dies at ICE detention center in New Jersey; authorities announce investigation.

















