സനാതന ധര്‍മ്മത്തിന്റെ മഹത്തായ ജീവിതമൂല്യങ്ങളും രാമായണത്തിന്റെ തത്ത്വസന്ദേശവും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ MANTRAH സംഘടിപ്പിച്ച രാമായണ മാസാചരണം വിവിധ ആത്മീയ-പഠന പരിപാടികളോടെ ഭക്തിസാന്ദ്രമായി സമാപിച്ചു.
ബ്രഹ്മശ്രീ മനോജ് വി നമ്പൂതിരിയുടെ അനുഗ്രഹപ്രഭാഷണത്തോടെയാണ് രാമായണ മാസാചരണത്തിന് തുടക്കമായത്. തുടര്‍ന്ന് ഒരു മാസക്കാലം രാമായണ പാരായണം, ചര്‍ച്ചകള്‍, വ്യാഖ്യാനങ്ങള്‍, ആശയസംവാദങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. MANTRAH ജനറല്‍ സെക്രട്ടറി ശ്രീ. ഉണ്ണി തൊയക്കാട്ടിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ ശ്രീമതി രഞ്ജിനി നായര്‍, കാനഡ ഏകോപിപ്പിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ക്ക് ഒരുമിച്ച് രാമായണ പാരായണത്തിലും ചര്‍ച്ചകളിലും പങ്കുചേരാന്‍ അവസരമൊരുക്കിയത് മാസാചരണത്തിന്റെ പ്രത്യേകതയായി.
സമാപന സമ്മേളനത്തില്‍ ബ്രഹ്മശ്രീ കിഴക്കേടം ഹരി നാരായണന്‍ ജിയുടെ പ്രഭാഷണവും സത്സംഗവും പങ്കെടുത്തവര്‍ക്ക് വേറിട്ട ആത്മീയാനുഭവമായി. രാമായണ മാസാചരണത്തിന്റെ വിജയം പങ്കാളിത്തത്തിന്റെ എണ്ണത്തിലല്ല, രാമായണ തത്ത്വത്തിന്റെ ഊര്‍ജ്ജം പങ്കെടുത്ത ഓരോ വ്യക്തിയിലേക്കും എത്രത്തോളം എത്തിക്കാന്‍ സാധിച്ചു എന്നതിലായിരിക്കണം വിലയിരുത്തേണ്ടത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പങ്കെടുക്കുന്നവരുടെ മനസ്സിലേക്ക് രാമായണത്തിന്റെ തത്ത്വവും ധാര്‍മ്മിക സന്ദേശവും ആഴത്തില്‍ എത്തിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
”ധര്‍മ്മത്തിന്റെ വഴിയിലൂടെ ജീവിതത്തെ നയിച്ച ശ്രീരാമന്റെ മഹത്തായ സന്ദേശമാണ് രാമായണം. സനാതന ധര്‍മ്മത്തിന്റെ മൂല്യങ്ങളും ശ്രീരാമന്റെ ജീവിതാദര്‍ശങ്ങളും സമൂഹത്തിലേക്കും വരുംതലമുറകളിലേക്കും പകര്‍ന്നു നല്‍കുന്നതിനായി MANTRAH-ന് തങ്ങളാല്‍ കഴിയുന്ന പങ്ക് നിര്‍വഹിക്കാന്‍ സാധിക്കുന്നു എന്നത് വലിയ നേട്ടമായാണ് കാണുന്നത്,” എന്ന് MANTRAH പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ അഭിപ്രായപ്പെട്ടു.
രാമായണം കേവലം പാരായണത്തില്‍ ഒതുങ്ങാതെ, അതിന്റെ തത്ത്വവും ധര്‍മ്മബോധവും ജീവിതത്തിലേക്ക് പകര്‍ത്താനുള്ള പ്രചോദനമായി മാറണമെന്ന സന്ദേശത്തോടെയാണ് ഒരു മാസക്കാലം നീണ്ടുനിന്ന പരിപാടികള്‍ക്ക് സമാപനമായത്.
ശ്രീരാമചന്ദ്രന്റെ അനുഗ്രഹം ഏവരുടെയും ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും നിറയ്ക്കട്ടെ.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.
The ‘Mantra Ramayana’ month-long observance concluded on a deeply devotional note.















