റീനോ (നൊവാഡ) : അമേരിക്കയിലെ നെവാഡ സംസ്ഥാനത്ത് റീനോയ്ക്ക് സമീപം അതിശക്തമായ കാട്ടുതീപടര്‍ന്നു പിടിച്ചു. തീ അതിവേഗം വ്യാപിച്ച് 13,000 ഏക്കറിലധികം പ്രദേശം കത്തിനശിച്ചതായി അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് വീടുകള്‍ക്ക് തീ ഭീഷണിയുണ്ട്. ശനിയാഴ്ച ആരംഭിച്ച തീ ഞായറാഴ്ചയോടെ നിയന്ത്രണാതീതമായി പടര്‍ന്നു. പ്രാഥമിക അന്വേഷണത്തില്‍ ആരോ മനപ്പൂര്‍വം തീ ഇട്ടതാണെന്നും ഇ്ത് പടരുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
കാട്ടുതീ ഏകദേശം 90,000 പേരെ ബാധിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ കണക്ക്. 42,000 പേര്‍ക്ക് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നു. 45,000 പേരോട് ഒഴിപ്പിക്കല്‍ ആവശ്യമായി വന്നാല്‍ ഉടന്‍ മാറാന്‍ തയ്യാറായിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. തീപിടിത്തത്തില്‍ മൂന്ന് അഗ്‌നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റു.
1,000 അഗ്‌നിശമന സേനാംഗങ്ങളും മറ്റ് രക്ഷാപ്രവര്‍ത്തകരും തീ നിയന്ത്രണവിേ യമാക്കാനുള്ള ശ്രമത്തിലാണ്. ഞായറാഴ്ച ഉച്ചവരെ തീയുടെ ഒരു ഭാഗവും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിരുന്നില്ല. ശക്തമായ കാറ്റാണ് തീ അതിവേഗം ജനവാസ മേഖലകളിലേക്ക് വ്യാപിക്കാന്‍ കാരണമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഏകദേശം 1,000 വീടുകള്‍ക്ക് നേരത്തെ തന്നെ ഭീഷണി നിലനിന്നിരുന്നെങ്കിലും എത്ര വീടുകള്‍ക്ക് നാശനഷ്ടമുണ്ടായെന്ന് വ്യക്തമല്ല.
തീപിടിത്തത്തെ തുടര്‍ന്ന് റീനോയിലെ ഒരു ആശുപത്രിയില്‍ നിന്ന് രോഗികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ആയിരക്കണക്കിന് ആളുകള്‍ക്ക് വൈദ്യുതി മുടങ്ങുകയും യുഎസ് 395 ഹൈവേയുടെ ഒരു ഭാഗം അടയ്ക്കുകയും ചെയ്തു. റീനോയ്ക്ക് വടക്കുള്ള നോര്‍ത്ത് വാലീസ് മേഖലയിലെ അടിയന്തര ചികിത്സാ വിഭാഗവും താല്‍ക്കാലികമായി അടച്ചു. ഒഴിപ്പിക്കല്‍ നിര്‍ദേശം ലഭിച്ചാല്‍ താമസക്കാര്‍ വൈകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, നെവാഡ ഗവര്‍ണര്‍ ജോ ലൊംബാര്‍ഡോ വാഷോ കൗണ്ടിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീപിടിത്തം ഇപ്പോഴും അപകടകരമായ സാഹചര്യത്തിലാണെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റീനോ ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ അമേരിക്കന്‍ പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുകയാണ്. തീ നിയന്ത്രണവിധേയമാക്കാനും ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Wildfire spreads near Reno; 42,000 people evacuated.

















