മാത്യുക്കുട്ടി ഈശോ
ന്യൂയോർക്ക്: എൻഡോസൾഫാൻ ബാധിതരാ യ ഭിന്നശേഷിക്കാരുടെയും മറ്റ് ഭിന്നശേഷി കുട്ടികളുടേയും ഉന്നമനത്തിനും പുനരധി വാസത്തിനുമായി മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ ഡിഫറൻറ് ആർട്സ് സെന്റർ (DAC)കാസർഗോഡ് ആരംഭിക്കുന്ന പുതിയ പ്രൊജക്ടിന്റെ ധനശേഖരണാർധം നടത്തുന്ന എംക്യൂബ് (MCUBE – Magic – Melody – Mission) മാജിക്-മെലഡി-മിഷൻ സ്റ്റേജ് പ്രോഗ്രാം ന്യൂയോർക്ക് ക്വീൻസ്ബൊറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ (Queensborough Community College, 222-05 56th Avenue, Bayside, New York 11364)
സെപ്റ്റംബർ 6 ഞായറാഴ്ച വൈകിട്ട് 5:30ന് അരങ്ങേറുന്നു. പ്രസ്തുത സ്‌റ്റേജ് ഷോ പരിപാടിയിൽ പങ്കെടുക്കുന്നതിന് ലോക പ്രശസ്‌ത മാന്ത്രികനും ഇന്റർനാഷണൽ മജിഷ്യൻസ് സൊസൈറ്റി (International Magicians Society IMS) സ്ഥാപകനുമായ ടോണി ഹസ്സിനി താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. ലോസാഞ്ചലസിൽ താമസക്കാരനായ ടോണി ഹസ്സിനി മുതുകാടിന്റെ ഭിന്നശേഷിക്കാർക്കായുള്ള പ്രോജക്ടിനെപ്പറ്റി മനസ്സിലാക്കി അതിന് എല്ലാ പിന്തുണയും നൽകുന്നതിനാണ് ന്യൂയോർക്കിലെ സ്റ്റേജിൽ പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്നത്.
ലോകത്തിലെ ഏറ്റവും നല്ല മാന്ത്രികർക്കുള്ള “മെർലിൻ അവാർഡ്” ഹസ്സിനിയുടെ ഉടമസ്ഥതയിലുള്ള ഇന്റർനാഷണൽ മജിഷ്യൻസ് സൊസൈറ്റിയാണ് നൽകി വരുന്നത്. 2011-ലെ പ്രസ്തുത മെർലിൻ അവാർഡ് ജേതാവ് കൂടിയാണ് പ്രൊഫ. ഗോപിനാഥ് മുതുകാട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുതുകാടിന്റെ നേതൃത്വത്തിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ വേദികളിലായി മാജിക്കും സംഗീതവും താളലയങ്ങളും കലാപരിപാടികളും സമന്വയിപ്പിച്ച് ഒരു പ്രത്യേക ദൗത്യത്തിനായി എംക്യൂബ് എന്ന പേരിൽ നടത്തിവരുന്ന കലാപരിപാടിക്ക് വളരെയധികം പ്രോത്സാഹനമാണ് ലഭിച്ചുവരുന്നത്.
മുതുകാടിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കൂട്ടത്ത് ഡിഫറൻറ് ആർട്സ് സെന്റർ (Different Arts Center – DAC) എന്ന പേരിൽ ഒരു സ്ഥാപനം ഭിന്നശേഷിക്കാരായ ഏകദേശം അഞ്ഞൂറോളം കുട്ടികളെ പരിശീലിപ്പിച്ച് അവരുടെ വിവിധ തരം കഴിവുകളെ വികസിപ്പിച്ചെടുക്കുന്നതിന് നടത്തി വരുന്നു. ജന്മനാ ബുദ്ധിമാന്ദ്യം സംഭവിച്ചതും ഓട്ടിസം ബാധിച്ചതുമായ കുട്ടികളിൽ മാജിക്, പാട്ട്, സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള ഓർക്കസ്ട്ര, ഡാൻസ് മുതലായ കഴിവുകൾ വികസിപ്പിച്ച് അവരുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രൊജെക്ടുകളാണ് തിരുവവനന്തപുരം DAC -യിൽ നടത്തിവരുന്നത്. അത്തരം കുട്ടികളുടെ അമ്മമാർക്കും അവിടെ വിവിധ പരിശീലനം നൽകി അവർക്ക് ജീവിത മാർഗ്ഗത്തിനുള്ള തയ്യൽ പരിശീലനവും മറ്റും നൽകുന്നുണ്ട്. അതേ മാതൃകയിൽ എൻഡോസൾഫാൻ ബാധിതരായ കാസർഗോഡ് ഭാഗത്തുള്ള ആയിരത്തോളം കുട്ടികൾക്ക് തണലേകുന്നതിനായി 20 ഏക്കർ സ്ഥലത്ത് വലിയൊരു പ്രൊജക്റ്റ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പണി പുരോഗമിക്കുന്നതിനാൽ അതിലേക്കുള്ള ധനശേഖരണാർഥമാണ് ഇപ്പോൾ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ MCUBE എന്ന പേരിലുള്ള മാജിക്കിന്റെയും മറ്റു കലാപരിപാടികളുടെയും ഒരു ഫ്യൂഷൻ പ്രോഗ്രാം നടത്തുന്നത്.
ന്യൂയോർക്ക് സിറ്റി ഭാഗത്ത് ക്വീൻസ്ബൊറോ കമ്മ്യൂണിറ്റി കോളേജ് ഓഡിറ്റോറിയത്തിൽ സെപ്തംബർ 6-ന് ഞായറാഴ്ച നടത്തപ്പെടുന്ന പരിപാടിയിലേക്കുള്ള ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. രണ്ടര മണിക്കൂറിലധികം സമയം നീളുന്ന മാജിക്-സംഗീത-ഡാൻസ് ഫ്യൂഷൻ പരിപാടിയിൽ പങ്കെടുത്ത് ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള ഈ പ്രോജെക്ടിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംഘാടകർ എല്ലാ മലയാളി സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നു.
ഏതാനും വർഷങ്ങളായി സ്റ്റേജ് പ്രോഗ്രാമുകൾ നിർത്തി വച്ച മുതുകാട്, കാസർഗോഡിലെ പ്രോജെക്ട് പൂർത്തീകരിക്കുന്നതിന് വേണ്ടി മാത്രമാണ് ഈ ദൗത്യം ഏറ്റെടുത്ത് വീണ്ടും സ്റ്റേജ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.
സെപ്തംബർ 6-ലെ ഷോ സംബന്ധിച്ച വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി ബന്ധപ്പെടുക:
(1) Paul Karukappillil – (845) 553-5671
(2) Johnson Samuel – (646) 996-1692
(3) Biju Chacko (516) 996-4611
(4) George Parambil – (646) 739-0060
(5) Ajith Kochuz – (516) 225-2814.

















