ലാസ് വെഗാസ്: ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നതിനിടെ യുവ പാസ്റ്റര്‍ ആത്മഹത്യ ചെയ്തു. പാസ്റ്ററുടെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നു. ആത്മഹത്യ ചെയ്ത പാസ്റ്റര്‍ ഡേവിഡ് വാന്‍ഡര്‍ മീറിന്റെ ആത്മഹത്യാക്കുറിപ്പാണ് പുറത്തു വന്നതത്. ‘ഞാന്‍ ബെര്‍ണഡെറ്റിനെ കൊലപ്പെടുത്തിയിട്ടില്ല’ എന്ന അവകാശവാദമാണ് കുറിപ്പിലെ പ്രധാന ഭാഗം. ലാസ് വെഗാസ് മെട്രോ പൊലീസ് പുറത്തുവിട്ട കുറിപ്പില്‍ ചില വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ മറച്ചുവെച്ചിട്ടുണ്ട്.
2006-ല്‍ യൂട്ടായിലെ സിയോണ്‍ നാഷണല്‍ പാര്‍ക്കിലെ ഏയ്ഞ്ചല്‍സ് ലാന്‍ഡിങ് ട്രയലില്‍ നിന്ന് വീണ് ഭാര്യ ബെര്‍ണഡെറ്റ് വാന്‍ഡര്‍ മീര്‍ മരിച്ച സംഭവത്തില്‍, ഏകദേശം 20 വര്‍ഷത്തിന് ശേഷമാണ് ഡേവിഡ് വാന്‍ഡര്‍ മീറിനെതിരെ കൊലപാതകവും ഇന്‍ഷുറന്‍സ് തട്ടിപ്പും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയത്. ജൂണ്‍ 22-ന് ലാസ് വെഗാസ് പൊലീസ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ ക്ലാര്‍ക്ക് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചെങ്കിലും, രണ്ട് ദിവസത്തിന് ശേഷം സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യാക്കുറിപ്പില്‍, ഭാര്യയുടെ മരണത്തെക്കുറിച്ച് മറ്റുള്ളവരോട് വിശദമായി സംസാരിക്കാതിരുന്നത് സംഭവം സംശയാസ്പദമായി തോന്നുമെന്നറിയാമായിരുന്നുവെന്നാണ് വാന്‍ഡര്‍ മീര്‍ പറയുന്നത്. എന്നാല്‍ നിയമനടപടികളെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും, കാരണം ഭാര്യയെ കൊലപ്പെടുത്തിയിട്ടില്ലെന്ന ഉറച്ച വിശ്വാസമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു.
ബെര്‍ണഡെറ്റിന്റെ മരണം ആദ്യം അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേസ് വീണ്ടും അന്വേഷിച്ചപ്പോള്‍ വലിയ തുകയുടെ ലൈഫ് ഇന്‍ഷുറന്‍സ്, പ്രായപൂര്‍ത്തിയാകാത്തവരുമായി വാന്‍ഡര്‍ മീറിനുണ്ടായിരുന്ന അനുചിത ബന്ധങ്ങള്‍, ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള മൊഴികളിലെ വൈരുധ്യങ്ങള്‍ എന്നിവ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയത്.
ആത്മഹത്യാക്കുറിപ്പില്‍ തന്റെ പഴയ തെറ്റുകള്‍ക്ക് കുടുംബാംഗങ്ങളെ ഉത്തരവാദികളാക്കരുതെന്നും വാന്‍ഡര്‍ മീര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. അതേസമയം, അദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Young pastor arrested for wife’s murder commits suicide in jail; suicide note claims ‘I am innocent.’

















