swayamvara
pulimoottil

10,000 വര്‍ഷം പഴക്കമുള്ള മാസ്റ്റഡോണ്‍ ഫോസില്‍ കാലിഫോര്‍ണിയയിലെ അരുവിയില്‍ കണ്ടെത്തി

10,000 വര്‍ഷം പഴക്കമുള്ള മാസ്റ്റഡോണ്‍ ഫോസില്‍ കാലിഫോര്‍ണിയയിലെ അരുവിയില്‍ കണ്ടെത്തി

കാലിഫോര്‍ണിയ: ആനയുമായി സാദൃശ്യമുള്ളും ഏറ്റവും കുറഞ്ഞത് 10,000 വര്‍ഷം പഴക്കമുള്ളതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നതുമായ പസഫിക് മാസ്റ്റഡോണിന്റെ പല്ല് കാലിഫോര്‍ണിയയിലെ ഒരു അരുവിയുടെ അടിത്തട്ടില്‍ നിന്ന് കണ്ടെത്തി. അത്യപൂര്‍വമായ രീതിയില്‍ കേടുപാടുകളില്ലാതെ സംരക്ഷിക്കപ്പെട്ട നിലയിലാണ് ഫോസില്‍ കണ്ടെത്തിയതെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു. സാന്‍ മാറ്റിയോ കൗണ്ടിയിലെ മിഡ്പെനിന്‍സുല റീജിയണല്‍ ഓപ്പണ്‍ സ്‌പേസ് ഡിസ്ട്രിക്ടിന്റെ സംരക്ഷിത പ്രദേശത്ത് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്കിടെയാണ് പല്ല് കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ വിചിത്ര ആകൃതിയിലുള്ള ഒരു പാറക്കഷണമാണെന്നാണ് കരുതിയത്. എന്നാല്‍ പാലിയന്റോളജിസ്റ്റുകള്‍ വിശദമായി പരിശോധിച്ചതോടെ പ്രായപൂര്‍ത്തിയായ പസഫിക് മാസ്റ്റഡോണിന്റെ കേടുപാടുകളില്ലാത്ത മോളര്‍ പല്ലാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏകദേശം 8.5 ഇഞ്ച് നീളവും ഏഴ് ഇഞ്ച് ആഴവും മൂന്ന് ഇഞ്ച് വീതിയുമാണ് ഫോസിലിനുള്ളത്. പ്രദേശത്ത് നിന്ന് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പൂര്‍ണമായ മാസ്റ്റഡോണ്‍ മോളറാണിതെന്നും താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതിശയകരമായതാണിതെന്നും പാലിയന്റോളജിസ്റ്റ് വെയ്ന്‍ തോംപ്‌സണ്‍ പറഞ്ഞു.

ഭൂമിശാസ്ത്രജ്ഞയായ ബ്രിജിഡ് ലിഞ്ചാണ് പല്ല് കണ്ടെത്തിയത്. ഫീല്‍ഡ് സര്‍വേകള്‍ക്കിടെ നിരവധി വസ്തുക്കള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ആവേശകരമായ കണ്ടെത്തല്‍ മുമ്പൊരിക്കലും നടത്തിയിട്ടില്ലെന്ന് ലിഞ്ച് പ്രതികരിച്ചു. പ്ലൈസ്റ്റോസീന്‍ കാലഘട്ടത്തില്‍ കാലിഫോര്‍ണിയ, ഒറിഗണ്‍, വടക്കന്‍ റോക്കി മലനിരകള്‍, മെക്‌സിക്കോയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപകമായി സഞ്ചരിച്ചിരുന്ന വന്‍ സസ്യഭുക്കുകളായിരുന്നു പസഫിക് മാസ്റ്റഡോണുകള്‍. ഏകദേശം 25 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ഈ കാലഘട്ടം 11,700 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനിച്ചത്. ഇതോടെയാണ് മാസ്റ്റഡോണുകള്‍ വംശനാശം നേരിട്ടത്.

കാഴ്ചയില്‍ വൂളി മാമത്തിനെ അനുസ്മരിപ്പിക്കുന്ന മാസ്റ്റഡോണുകള്‍ക്ക് ചില പ്രധാന വ്യത്യാസങ്ങളുണ്ട്. കൊമ്പുകള്‍, കാലുകളിലെ അസ്ഥികളുടെ കനം, പല്ലുകളുടെ ഘടന എന്നിവയില്‍ ഇവ വ്യത്യസ്തമാണ്. ചില്ലകളും മറ്റ് സസ്യഭാഗങ്ങളും ചതച്ച് ഭക്ഷിക്കാന്‍ അനുയോജ്യമായ മോളറുകളാണ് മാസ്റ്റഡോണുകള്‍ക്കുണ്ടായിരുന്നത്. ആനകളുടെ വിദൂര ബന്ധുക്കളായ മാമത്തുകളും മാസ്റ്റഡോണുകളും സമാനമായ പ്രദേശങ്ങളിലും കാലഘട്ടങ്ങളിലും ജീവിച്ചിരുന്നു. കണ്ടെത്തിയ പല്ല് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോര്‍ സ്‌കൂള്‍ ഓഫ് സസ്റ്റെയിനബിലിറ്റിക്ക് കൈമാറിയിട്ടുണ്ട്. കാര്‍ബണ്‍ ഡേറ്റിങ് വഴി ഇതിന്റെ കൃത്യമായ പ്രായം കണ്ടെത്താനും പല്ലിന്റെ ത്രീഡി സ്‌കാന്‍ തയ്യാറാക്കാനും ഗവേഷകര്‍ പദ്ധതിയിടുന്നു.

ഭൂമിയുടെ ഭൂതകാലം, അന്നത്തെ വന്യജീവികള്‍, അവയുടെ ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഫോസിലുകള്‍ സഹായിക്കുമെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ജിയോസയന്‍സ് സ്‌പെസിമന്‍ കളക്ഷന്‍ ക്യൂറേറ്ററും മാനേജരുമായ ക്രിസ്റ്റീന്‍ ഗാര്‍സിയ പറഞ്ഞു. ഭാവിയില്‍ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കുന്നതിനുള്ള മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഇത്തരം പഠനങ്ങള്‍ സഹായിക്കുമെന്നും അവര്‍ വ്യക്തമാക്കി. 2025ല്‍ ‘സയന്‍സ് അഡ്വാന്‍സസ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മാസ്റ്റഡോണ്‍ ഫോസിലുകളില്‍ നിന്നുള്ള ഡിഎന്‍എ ഉപയോഗിച്ച് ഇവ മുമ്പ് കരുതിയിരുന്നതിലും ഏറെ ജനിതക വൈവിധ്യമുള്ളവയായിരുന്നുവെന്നും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് അനുസരിച്ച് ദീര്‍ഘദൂരം കുടിയേറിയിരുന്നുവെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു.

10,000-year-old mastodon fossil found in a California stream.

Share Email
LATEST excelnclexrn
Top