ന്യൂയോർക്ക്: വെർജീനിയ തീരത്തിന് സമീപം പ്രവർത്തിച്ചുകൊണ്ടിരുന്ന അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ഡൈവിറ്റ് ഡി. ഐസൻഹോവർ വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വൻ അപകടം. അപകടത്തെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ ഇജക്ട് ചെയ്ത് കടലിലേക്ക് തെറിച്ചുവീഴുകയും കപ്പലിലുണ്ടായിരുന്ന നാല് നാവികർക്ക് പരിക്കേൽക്കുകയും ചെയ്തു.
കരിയർ എയർ വിംഗ് 3-ൽ ഉൾപ്പെട്ട രണ്ടു സീറ്റുള്ള യുദ്ധവിമാനം കപ്പലിലേക്ക് ഇറക്കുന്ന ലാൻഡിംഗ് നടപടികൾക്കിടെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. വിമാനത്തിൽ നിന്നും രക്ഷപ്പെട്ട പൈലറ്റുമാരെ തിരിച്ച് തിരച്ചിൽ സേന വേഗത്തിൽ കപ്പലിൽ എത്തിച്ചു. പരിക്കേറ്റ നാവികരിൽ ഒരാളെ കൂടുതൽ ചികിത്സയ്ക്കായി നോർഫോക്കിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽപ്പെട്ട പൈലറ്റുമാരുടെയും നാവികരുടെയും പരിക്കുകൾ ഗുരുതരമല്ലെന്ന് നാവികസേന വക്താവ് അറിയിച്ചു.
ഏത് തരം വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന കാര്യവും അപകടത്തിന്റെ കൃത്യമായ കാരണവും നാവികസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 1977-ൽ സർവീസിലിറങ്ങിയ യുഎസ്എസ് ഡൈവിറ്റ് ഡി. ഐസൻഹോവർ അമേരിക്കൻ നാവികസേനയുടെ പ്രമുഖ ആണവോർജ്ജ വിമാനവാഹിനിക്കപ്പലുകളിലൊന്നാണ്.
















