ന്യൂയോർക്ക്: 1985-ൽ നടന്ന കൊലപാതകക്കേസിൽ നാല് പതിറ്റാണ്ടോളമായി വധശിക്ഷ കാത്തുസൂക്ഷിച്ച 71-കാരനായ ഡഗ്ലസ് സ്റ്റുവർട്ട് കാർട്ടറിന് ഒടുവിൽ ജാമ്യം അനുവദിച്ചു. കേസിൽ പുതുതായി നടത്തിയ ഡി.എൻ.എ പരിശോധനയിൽ കൊല്ലപ്പെട്ടയാളുടെ ശരീരത്തിലോ കുറ്റകൃത്യം നടന്ന സ്ഥലത്തോ കണ്ടെത്തിയ ശാസ്ത്രീയ തെളിവുകൾ കാർട്ടറുമായി ഒത്തുപോകുന്നില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയതിനെ തുടർന്നാണ് യുട്ടാ കോടതിയുടെ നിർണ്ണായക തീരുമാനം. ഇരയുടെ കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ചാണ് ജഡ്ജി ജാമ്യം അനുവദിച്ചത്.
1985-ൽ പ്രോവോ പോലീസ് ചീഫിന്റെ ബന്ധുവായ ഈവ ഓൾസെൻ കൊല്ലപ്പെട്ട കേറിലാണ് കറുത്തവർഗ്ഗക്കാരനായ കാർട്ടറിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കാർട്ടറിനെ ബന്ധിപ്പിക്കുന്ന യാതൊരു ഭൗതിക തെളിവുകളും ലഭിച്ചിരുന്നില്ലെങ്കിലും, പോലീസ് ഭീഷണിപ്പെടുത്തി എഴുതിവാങ്ങിയ വ്യാജ മൊഴിയുടെയും പിന്നീട് തിരുത്തിപ്പറഞ്ഞ രണ്ട് സാക്ഷികളുടെയും അടിസ്ഥാനത്തിലായിരുന്നു ശിക്ഷാവിധി. അന്വോഷണ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം സംസ്ഥാന സുപ്രീം കോടതി കേസിൽ പുനർവിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയുടെ പിടിയിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കണ്ടെത്തിയ രക്തസാമ്പിളുകൾ കാർട്ടറുടേതല്ലെന്ന് വ്യക്തമായതോടെ കഴിഞ്ഞ ആഴ്ച പ്രോസിക്യൂഷൻ കാർട്ടറിനെതിരെയുള്ള വധശിക്ഷാ ആവശ്യം പിൻവലിച്ചിരുന്നു. ജാമ്യം അനുവദിച്ച ജഡ്ജി ഡെറക് പുല്ലൻ, കാർട്ടറിന് ജി.പി.എസ് മോണിറ്ററിംഗ് സംവിധാനം ഘടിപ്പിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെടരുതെന്നും കർശന നിർദ്ദേശം നൽകി. 41 വർഷത്തെ ജയിൽവാസം സൃഷ്ടിച്ച മാനസിക ആഘാതത്തിൽ നിന്നും മോചനം നേടാൻ കാർട്ടറിന് തുടർ ചികിത്സ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.














