താമ്പാ: ജേക്കബ് കുളങ്ങരയുടെ നിര്യാണത്തെ തുടര്‍ന്ന് ഓഗസ്റ്റ് 23 ഞായറാഴ്ച താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫെറോനാ പള്ളിയങ്കണത്ത് അനുസ്മരണ യോഗം ചേര്‍ന്നു.
ഫ്ളോറിഡയിലെ ആദ്യകാല മലയാളികളില്‍ ഒരാളും, താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫെറോനാ ചര്‍ച്ചിലെ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളും ഇപ്പോഴത്തെ ട്രഷറുമായിരുന്ന ജേക്കബ് കുളങ്ങരയെ, അമേരിക്കയിലെ പ്രത്യേകിച്ച് ഫ്ളോറിഡയിലെ മലയാളികളെല്ലാം ബാബു ചേട്ടന്‍ എന്നായിരുന്നു വിളിച്ചിരുന്നത്.
വികാരി ഫാദര്‍ ആദോപള്ളിയുടെ സാന്നിധ്യത്തില്‍ സൊസൈറ്റി പ്രസിഡന്റ് സ്റ്റീഫന്‍ മറ്റത്തില്‍പ്പറമ്പലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിരവധിപേര്‍ അനുസ്മരണകള്‍ അര്‍പ്പിച്ചു.
സെന്റ് വിന്‍സണ്‍ ഡിപ്പോളിന്റെ ജീവിതദര്‍ശനങ്ങള്‍ പിന്തുടര്‍ന്നിരുന്ന ബാബു ചേട്ടന്‍, ആവശ്യക്കാരുടെയും രോഗികളുടെയും വേദന സ്വന്തം വേദനയായി ഏറ്റെടുത്ത് അനേകം പാവപ്പെട്ട കുടുംബങ്ങള്‍ക്കും, രോഗികള്‍ക്കും വര്‍ഷങ്ങളോളം നിശബ്ദമായി സഹായഹസ്തം നീട്ടി. പ്രത്യേകിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡയാലിസിസ് രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും അദ്ദേഹം നല്‍കിയ സഹായങ്ങള്‍ ഒരിക്കലും വിസ്മരിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ ഈ നന്മകള്‍ക്ക് താന്‍ വ്യക്തിപരമായി സാക്ഷിയാണ് എന്ന് സെക്രട്ടറി ബേബിച്ചന്‍ ചാലില്‍ പറഞ്ഞു.
വിജയങ്ങളുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും താന്‍ പിറന്നുവീണ നാടും അവിടുത്തെ മനുഷ്യരെയും അദ്ദേഹം മറന്നിരുന്നില്ല എന്ന് ജോസ് കിഴക്കനടി വ്യക്തമാക്കി.
മാനവിക സേവനത്തിനും പ്രേക്ഷിത പ്രവര്‍ത്തനത്തിനും അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകളെ കണക്കിലെടുത്ത് വിവിധ സംഘടനകളില്‍ നിന്നും ധാരാളം ബഹുമതികളും അംഗീകാരങ്ങളും ലഭിച്ച കാര്യം ഫാദര്‍ ലിജോ ചൂണ്ടിക്കാട്ടി.
ബാബു ചേട്ടന്റെ വേര്‍പാട് (ജൂലൈ 30-2026) കുടുംബത്തിനു മാത്രമല്ല താബാ ക്‌നാനായ സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും അദ്ദേഹത്തിന്റെ സ്നേഹവും സഹായവും അനുഭവിച്ച എല്ലാവര്‍ക്കും തീരാനഷ്ടമാണ്. അദ്ദേഹം പകര്‍ന്നു തന്ന സ്നേഹവും കരുണയും സേവനമനോഭാവവും എന്നും നമ്മുടെ ഹൃദയങ്ങളില്‍ ജീവിച്ചു കൊണ്ടിരിക്കുമെന്ന് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
A memorial meeting was held for the late Jacob Kulangara.

















