വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ സബ്വേ സ്റ്റേഷനില്‍ ഇന്ത്യന്‍ വംശജയായ യുവതിയും നേപ്പാളി വംശജനായ സുഹൃത്തും ട്രെയിനിടിച്ച് മരിച്ചു. ഒരാള്‍ പാളത്തിലേക്ക് വീണതിനെ തുടര്‍ന്ന് സഹായിക്കാനായി മറ്റൊരാള്‍ പ്ലാറ്റ്ഫോമില്‍നിന്ന് താഴേക്ക് ഇറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു,
ന്യൂജേഴ്സിയിലെ ഡെയ്ടണ്‍ സ്വദേശിയായ മലൈക ചിത്രയും സെയ്റവില്‍ സ്വദേശിയായ നവം കൗളുമാണ് മരിച്ചത്. ഇരുവര്‍ക്കും 24 വയസായിരുന്നു. റട്ജേഴ്സ് സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഇരുവരും മാന്‍ഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സബ്വേ സ്റ്റേഷനിലാണ് അപകടത്തി ല്‍പ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. ട്രെയിന്‍ അടുത്തെത്തുന്ന തിനിടെ യുവതി ചിരിച്ചുകൊണ്ട് യുവാവിനെ തന്റെ ഭാഗത്തേക്ക് വലിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ അപകടത്തിന് മുമ്പ് ആരാണ് ആദ്യം പാളത്തിലേക്ക് വീണതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ട്രെയിനിന്റെ മൂന്നാമത്തെയും നാലാമത്തെയും ബോഗികള്‍ക്കടിയില്‍നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ മൂന്നേകാലോടെയാണ് അപകടത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അപകടസമയത്ത് ഏകദേശം നൂറോളം യാത്രക്കാര്‍ ട്രെയിനിലുണ്ടായിരുന്നു. ഇവരെ പിന്നീട് പ്ലാറ്റ്ഫോമിലേക്ക് ഒഴിപ്പിച്ചു. കൗള്‍ ആദ്യം പാളത്തിലേക്ക് വീണതാകാമെന്നും സഹായിക്കാനായി ചിത്ര താഴേക്ക് ഇറങ്ങിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
A young woman of Indian origin and her male friend died after being struck by a subway train in New York.

















